മനുഷ്യ ജീവനെ അപകടത്തിലാക്കി ടാർ മിക്സിങ് പ്ലാന്റ്
ടാർ മിസ്‌ക്‌സിംഗ് പ്ലാന്റുകൾ പ്രകൃതിക്ക് സമ്മാനിക്കുന്നത് കാർബൺ മോണോക്‌സൈഡ് പോലുള്ള വിഷ വാതകങ്ങളാണ്. ബിറ്റുമിൻ ഹോട്ട് മിക്സിങ് പ്ലാന്റുകൾ ഒരർഥത്തിൽ വിഷ നിർമാണ യൂണിറ്റുകളാണെന്നു പറയാം. ഇത്തരം യൂണിറ്റുകളുടെ പ്രവർത്തനം അതീവ പരിസ്ഥിതി ലോല പ്രദേശത്തു സ്ഥാപിക്കുന്നതോടെ ദൂഷ്യ ഫലങ്ങൾ ഇരട്ടിയാകുകയാണ്.
അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് പിന്തള്ളി കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വാസകോശത്തിലേക്ക് കടക്കുന്നത് പല വിധ അസുഖങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. മനുഷ്യന്റെ മാത്രമല്ല സർവ്വ ജീവ ജാലങ്ങൾക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കും. നാല് വശവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മേഖലയാണ് തെക്കുംമല. കല്ലാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം ജൈവ വൈവിധ്യങ്ങളുടെ നാടാണ്. കുടിയേറ്റ കർഷകരാണ് ഇവിടെ ജനവാസമുറപ്പിച്ചിട്ടുള്ളത്. കൂടുതലും പിന്നോക്ക വിഭാഗക്കാരാണ്.
അതീവ പരിസ്ഥിതി ലോല പ്രദേശമായിരുന്നിട്ടും ഇവിടെ നിരവധി ക്രഷർ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. പ്രളയ കാലത്ത് പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ ഈ പ്രദേശത്തുള്ള പാറമടകൾ നിർത്തി വച്ചിരുന്നു. എന്നാൽ ഈ പാറമടകളിൽ കെട്ടിക്കിടക്കുന്ന പാറ ഉൽപ്പന്നങ്ങൾ ബിറ്റുമിൻ ഹോട് മിക്സിങ് വഴി കടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനായി വടശേരിക്കര പഞ്ചായത്തു ഭരണസമിതി വഴിവിട്ട സഹായങ്ങൾ പാറമട ലോബിക്കായി ചെയ്തു കൊടുക്കുന്നു എന്നാണ് വിലയിരുത്തുന്നത്.
പൊതുവെ ജല ദൗർലഭ്യം അനുഭവിക്കുന്ന ഈ പ്രദേശത്ത് ധാരാളം ജലം ആവശ്യമായ പദ്ധതി നടപ്പാക്കുന്നത് കല്ലാറിലെ കുടിവെള്ളവും ഉന്നം വച്ചാണ്. ടാർ മിക്സിങ് പ്ലാന്റ് ഭൂഗര്‍ഭ ജലചൂഷണത്തിനിടയാക്കും. പ്ലാന്റില്‍ നിന്ന് ഉയരുന്ന പുകയ്‌ക്കൊപ്പം പോകുന്ന പൊടിപടലങ്ങളില്‍ ബിറ്റുമിന്‍ മിക്‌സിന്റെ അംശവും അവശിഷ്ടവും ഉണ്ടാകും. ഇത് കിണറുകളെയും മറ്റ് ജലസ്രോതസുകളെയും മലിനമാക്കും.
No comments: