മയിലുകൾ കാടിറങ്ങുന്നു

By Satheesh Kumar R (Photo: NP Gopalakrishnan, Malayalappuzha)

വടശേരിക്കര: മലയോര ജനവാസ മേഖലകളിൽ മയിലിന്റെ സാന്നിധ്യം വ്യാപകമായി പ്രകടമാകുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. മലയാലപ്പുഴ, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര പ്രദേശങ്ങളിൽ മനോഹരമായി പീലി വിടർത്തി നൃത്തമാടുന്ന ധാരാളം മയിലുകളുടെ സാന്നിധ്യം സാധാരണമായിരിക്കുന്നു. ഇത് സൗന്ദര്യാസ്വാദകർക്ക് സന്തോഷം സമ്മാനിക്കുമെങ്കിലും കർഷകർക്കിടയിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.  


ജനവാസ മേഖലകളിൽ മയിലുകളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്നത് ആശങ്കകൾ ഉണ്ടാക്കുന്നു. പൊതുവെ മനുഷ്യ സാന്നിധ്യം കണ്ടാലും മയിലുകൾ പറന്നു പോകാറില്ല. നാശ നഷ്ടങ്ങൾ വരുത്തുന്ന കാര്യത്തിലും മയിലുകൾ പിന്നിലല്ല. . വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുത്തി സംരക്ഷിക്കപ്പെടുന്ന പക്ഷിയാണു മയിൽ. മയിലിനെ കൊന്നാൽ, 7 വർഷം വരെ തടവും 2ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. വംശ വർദ്ധനവ് തടയുന്നത്തിനു കാരണമായതുകൊണ്ട് മുട്ട നശിപ്പിച്ചാലും കേസെടുക്കാം  


ദേശീയ പക്ഷിയാണെങ്കിലും മയിലിന്റെ എണ്ണം പരിധി വിട്ടുയരുന്നത് അപകടകരമാണ്. ജനവാസമേഖലയിൽ തീരെ അദൃശ്യമായിരുന്ന മയിലുകളുടെ സാന്നിധ്യം ഇപ്പോൾ പതിവായിരിക്കുകയാണ്. 


കേരളത്തിൽ പല ജില്ലകളിലും മയിലുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് മയിലുകളുടെ കാടിറക്കത്തിന് പ്രധാന കാരണം. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 19.15% സ്ഥലത്തും മയിലുകൾക്ക് ജീവിക്കാൻ അനുകൂലമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ തുടർന്ന് പോയാൽ 2050  ആകുമ്പോഴേക്കും സംസ്ഥാനത്തെ 55% സ്ഥലവും ഇവയുടെ ആവാസ വ്യവസ്ഥയായി മാറും.  വലിപ്പവും പറക്കാനുള്ള കഴിവും മയിലിനെ ശത്രുക്കളിലിൽ നിന്ന് സ്വയം രക്ഷിക്കുന്നു. മയിലിനെ ആക്രമിക്കുന്ന ജീവികളുടെ എണ്ണത്തിൽ വരുന്ന കുറവും മയിലിന്റെ വംശ വർദ്ധനവിന് കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എണ്ണം ക്രമാതീതമായി കൂടിയാൽ  നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകേണ്ടത്. 

No comments:

Powered by Blogger.