ആരോഗ്യ വകുപ്പിന്റെ അനാസ്ഥ: ഹോട്ടൽ ഭക്ഷണം തോന്നിയ പോലെ


വടശേരിക്കര : ആരോഗ്യ വകുപ്പിന്റെ കൃത്യമായ പരിശോധനകൾ നടക്കാത്തത് തട്ടുകടകൾക്കും ഹോട്ടലുകൾക്കും ചാകരയാകുന്നു. വീടിന് പുറത്തുള്ള ഭക്ഷണശാലകൾ, അറവ് ശാലകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ മത്സ്യ മാംസ പച്ചക്കറി മാർക്കറ്റുകൾ എന്നിവടങ്ങളിൽ യഥാ സമയത്ത് പരിശോധനകൾ നടത്തി ദക്ഷ്യ നിലവാരം ഉറപ്പാക്കണമെന്ന നിബന്ധനകൾ ആരോഗ്യ വകുപ്പ് പാലിക്കുന്നില്ല. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.

വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളുടെയും പാചകപ്പുരകൾ പ്രവർത്തിക്കുന്നത്. ആഴ്ചകളിലേക്കുള്ള ഭക്ഷണം തയ്യാറാക്കി വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന പ്രവണതയാണ് മിക്ക ഹോട്ടലുകളും അനുവർത്തിക്കുന്നത്.

ദിവസങ്ങളോളം ഉപയോഗിക്കുന്ന എണ്ണകൾ തന്നെയാണ് ഹോട്ടലുകളും തട്ടുകടകളും വട, ബജി ഐറ്റങ്ങൾ വറുത്തെടുക്കാൻ ഉപയോഗിക്കുന്നത്. വെജിറ്റേറിയനും, നോൺ വെജിറ്റേറിയനും വറുത്തെടുക്കുന്നതിനായി ഒരേ എണ്ണ തന്നെ ഉപയോഗിക്കുന്നു. ഇത് ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

മിക്ക ഹോട്ടലുകളും ശരിയായ  ലൈസൻസിംങ്ങ് സംവിധാനത്തിലല്ല പ്രവർത്തിക്കുന്നത്. മാലിന്യ നിർമാർജ്ജന സൗകര്യങ്ങൾ, കുടിവെള്ള ലഭ്യത എന്നിവയില്ലാതെയാണ് നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.

ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവ വഴിയോരത്ത് വാഹനങ്ങളിൽ ധാരാളമായി ലഭ്യമാണ്. ഇത് എവിടെ ആര് എത്തരത്തിലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചു നിർമിക്കുന്നു എന്നറിയുന്നില്ല. ഇത്തരം ഭക്ഷണ പദാർത്ഥങ്ങളുടെ കാലപ്പഴക്കം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പോ, പഞ്ചായത്ത് തുടങ്ങിയ സർക്കാർ സംവിധാനങ്ങളോ കാര്യക്ഷമമായി പ്രവർത്തിക്കാത്തത് ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്

No comments:

Powered by Blogger.