സ്‌കൂൾ മുത്തശ്ചൻ ശരശയ്യയിൽ
വടശേരിക്കര: ആളും ആരവവും സമ്പത്തും ഉണ്ടായിട്ടും സംരക്ഷണമില്ലാതെ വിസ്‌മൃതിയിലാകാൻ തയ്യാറെടുക്കുകയാണ് വടശേരിക്കര സർക്കാർ എൽ പി സ്‌കൂൾ. എൽ എസ് ജി ഡി സി എഞ്ചിനീയറിംഗ് വിഭാഗം സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് നിരസിച്ചതോടെയാണ് സ്‌കൂൾ പ്രവർത്തനം അവസാനിക്കാൻ തയ്യാറെടുക്കുന്നത്. വടശേരിക്കര ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം കുട്ടികളും അധ്യാപകരുമില്ലാത്തതു കൊണ്ടല്ല പ്രവർത്തനം നിർത്താൻ തയ്യാറെടുക്കുന്നത്. സ്‌കൂൾ കെട്ടിടം സംരക്ഷിക്കാൻ സർക്കാരിന് കഴിയാത്തതു കൊണ്ടാണ്.
വിശാലമായ മുറ്റത്ത് അനാവശ്യമായി ശൗചാലയങ്ങൾ പണിഞ്ഞു അസൗകര്യങ്ങളുണ്ടാക്കി. ഓരോ പഞ്ചായത്തു മെമ്പർമാർ പുതുതായി വരുമ്പോഴും ഓരോ ശൗചാലയങ്ങൾ പണിത് പേരെഴുതി വക്കും. തുടർന്ന് അവ ഉപയോഗിക്കാതെ നശിച്ചു പോകുകയാണ് പതിവ്. 5 ക്ലാസ്സ് മുറികളുള്ള സ്‌കൂളിന് 10 ലധികം ശൗചാലയ മുറികളുണ്ട്. രണ്ടു പാചകപ്പുരകളാണ് നടു മുറ്റത്തു പണിഞ്ഞു വച്ചിരിക്കുന്നത്. സ്‌കൂളിന്റെ മേൽക്കൂര പൂർണമായും അപകടാവസ്ഥയിലാണ്. ഓടിളക്കി മാറിയതിനാൽ നേരെ ക്ലാസ്സ്മുറിക്കുള്ളെലേക്കാണ് മഴവെള്ളം പതിക്കുന്നത്. കഴുക്കോലും മോന്തായവും ഉൾപ്പടെ ഏതു നിമിഷവും സ്‌കൂൾ നിലംപതിക്കാം.
സ്‌കൂളിന് ധാരാളം സ്ഥലമുണ്ടായിരുന്നെങ്കിലും പല കാരണം പറഞ്ഞു അവയെല്ലാം അന്യാധീനമായി. ചെറുകാവ് ദേവീ ക്ഷേത്രത്തിനോട് ചേർന്ന് സ്‌കൂളിന്റെ പേരിലുണ്ടായിരുന്ന സ്ഥലത്ത് നേരത്തെ കെട്ടിടം പണിഞ്ഞിരുന്നെങ്കിലും ഇപ്പോഴത് പഞ്ചായത്തു കമ്മ്യുണിറ്റി സെന്റർ ആണ്.
സ്‌കൂൾ കെട്ടിടം നവീകരിക്കണമെന്ന ആവശ്യം പലതവണ നാട്ടുകാർ മുന്നോട്ടു വച്ചെങ്കിലും ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല. ഇതേ ആവശ്യം എം എൽ എ ഉൾപ്പടെയുള്ള ജന പ്രതിനിധികൾക്ക് മുൻപിൽ വന്നെങ്കിലും കാര്യമായ ശ്രദ്ധ പതിപ്പിച്ചില്ല. കുട്ടികൾ തുടർന്നും ഇതേ കെട്ടിടത്തിൽ പഠിച്ചാൽ അപകട സാധ്യത തള്ളിക്കളയാനാകില്ല. വൻ ദുരന്തം മുന്നിൽ കണ്ടാണ് എൽ എസ് ജി ഡി സി എഞ്ചിനീയറിംഗ് വിഭാഗം സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് നിരസിച്ചത്. ഇപ്പോൾ സ്‌കൂൾ സമുച്ചയം മദ്യപൻ മാരുടെയും, സാമൂഹിക വിരുദ്ധരുടെയും സങ്കേതമായി മാറിയിരിക്കുകയാണ്.
വടശേരിക്കര എന്ന പ്രദേശത്തിന്റെ സാംസ്കാരിക ഗരിമയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സൂചകമാണ് സ്‌കൂൾ. ഇത് അടിയന്തിരമായി നവീകരിച്ച് ഈ വര്ഷം തന്നെ അധ്യയനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടിരിക്കുകയാണ് നാട്ടുകാർ.
No comments: