ജീവനും സ്വത്തിനും ഭീഷണിയാകുന്ന അതിർ മരങ്ങൾ

വടശേരിക്കര: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാത്തത് നിരവധി കുടുംബങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു. ഏറെയും അയൽക്കാരുടെ മരങ്ങളാണ്  വീടിനു മുകളിലേക്കും വസ്തു വകകളിലേക്കും ചരിഞ്ഞു നിന്ന് അപകടാവസ്ഥ സൃഷ്ടിക്കുന്നത്.


മരം മുറിച്ചു മാറ്റാൻ നിർദേശിച്ചാലും ഉടമസ്ഥർ അതിനു തയ്യാറാകാറില്ല. ബന്ധപ്പെട്ട വില്ലേജിൽ പരാതിപ്പെട്ടാലും ഭൂരിഭാഗം പരാതികളിലും നടപടി ഉണ്ടാകുന്നില്ലന്നതാണ് ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.  മലയോര മേഖലകളിലെ ജനങ്ങളാണ് ഇത്തരത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്. അപ്രതീക്ഷിതമായി ശക്തമായ കാറ്റുകൾ ഈ പ്രദേശങ്ങളിലുണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഓട് മേഞ്ഞ കെട്ടിടങ്ങളിൽ താമസിക്കുന്നവരാണ് കൂടുതൽ ആശങ്കയിൽ അകപ്പെട്ടിരിക്കുന്നത്.

ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 അനുസരിച്ച് മരങ്ങൾ ഒടിഞ്ഞു വീണ് ദുരന്തമുണ്ടായാൽ മരത്തിന്റെ ഉടമസ്ഥരാണ് അപകടത്തിന് ഉത്തരവാദികൾ. എന്നാൽ ഇത്തരം സാഹചര്യത്തിൽ നടക്കുന്ന ദുരന്തങ്ങൾക്ക് ഉടമസ്ഥരുടെ പേരിൽ കേസെടുക്കുകയോ അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി ദുരന്ത ബാധിതർക്ക് നൽകുകയോ ചെയ്യാറില്ല. മാത്രമല്ല തലനാരിഴക്കാണ് പലപ്പോഴും ജീവഹാനി സംഭവിക്കാതിരിക്കുന്നത്.

വടശേരിക്കര മണിയാർ ചിറ്റാർ റോഡ് ഏറെയും വനാന്തർ ഭാഗത്തു കൂടിയാണ് കടന്നു പോകുന്നത്. മരങ്ങൾ ഒടിഞ്ഞു റോഡ് തടസ്സമുണ്ടാകുന്നത് പതിവാണ്. മണിയാർ ഡാമിന് മുകളിൽ നേരത്തെ മരം ബൊലേറോ ജീപ്പിനു മുകളിൽ പതിച്ച്‌ ജീപ്പ് പൂർണമായും തകർന്നെങ്കിലും ജീവഹാനി ഉണ്ടായില്ല. വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ജീപ്പിനു മുകളിലേക്കാണ് റോഡരുകിൽ തിട്ടക്ക് മുകളിൽ കേടുപാട് വന്നു നിന്ന മരം കടപുഴകി വീണത്. വനാന്തർ ഭാഗത്തുകൂടി പോകുന്ന റോഡുകളിൽ ഇത്തരം അപകടങ്ങൾ സാധാരണമാണ്.  

കേടുപാട് വന്നതും ആവശ്യമായ ഉറപ്പില്ലാതെ റോഡ് കട്ടിങ്ങുകളിൽ നിൽക്കുകയും ചെയ്യുന്ന മരങ്ങൾ മഴക്കാലത്തിനു മുൻപ് തന്നെ മുറിച്ചുമാറ്റണമെന്ന ആവശ്യം വനം വകുപ്പും ചെവിക്കൊള്ളാറില്ല.  അപകടം സംഭവിച്ചാൽ ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനും വകുപ്പ് തയ്യാറാകാറില്ല.

മലയോര മേഖലയിൽ നിരവധി സ്കൂളുകളും അംഗൻ വാടികൾ മരം വീഴാൻ  ഭീഷണിയിലാണ്. വിവരങ്ങൾ ശേഖരിച്ചു ആവശ്യമായ മുന്കരുതലെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതിയാണ് നാട്ടുകാരിൽ നിന്നുയരുന്നത്.

No comments:

Powered by Blogger.