ടെൻഡർ രേഖയിൽ തിരിമറി: സീതത്തോട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം


ടെൻഡർ രേഖയിൽ തിരിമറി: സീതത്തോട് പഞ്ചായത്ത്  സെക്രട്ടറിക്കെതിരെ ആരോപണം


വടശേരിക്കര: സീതത്തോട് പഞ്ചായത്ത് ഓഫിസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിൽ പഞ്ചായത്ത് സെക്രട്ടറി അഴിമതി നടത്തിയതിനു പുറമെ ടെൻഡർ രേഖകളിലും തിരിമറി നടത്തിയതായി ആരോപണം.

സീതത്തോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ സോൺ സിസ്റ്റംസ് എന്ന കമ്പനിയാണ് പരാതി നൽകിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പരാതി അന്വേഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. വിജിലൻസ്, പഞ്ചായത്ത് ഡയറക്ടർ, ധനകാര്യ പരിശോധനാ വിഭാഗം, ഓഡിറ്റ് വിഭാഗം എന്നിവർക്കാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ചതായി പോലും മറുപടി ലഭിച്ചില്ലെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന ആക്ഷേപം.

പഞ്ചായത്ത് ഓഫിസിലേക്ക് ലേസർ പ്രിൻറർ, ലേസർ കോപ്പിയർ, A3 ഹൈ സ്പീഡ് സ്കാനർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി നേരത്തെ ടെൻഡർ ക്ഷണിച്ചിരുന്നു. 6 കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ടെണ്ടർ  അനുസരിച്ചു ഗുണ നിലവാരം ഉറപ്പാക്കുന്ന ഉപകരണങ്ങളുടെ കുറഞ്ഞ തുക രേഖപ്പെടുത്തി അപേക്ഷിച്ച കമ്പനികളെ പുറത്താക്കി റാന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് താരതമ്യേന കൂടുതൽ തുകക്ക് ഓർഡർ നൽകുകയായിരുന്നു.

ടെൻഡറിൽ ആവശ്യപ്പെട്ടിരുന്നത് ലേസർ പ്രിൻറർ, ലേസർ കോപ്പിയർ ആയിരുന്നെങ്കിലും ടെൻഡർ ആവശ്യം മറികടന്ന് ഇങ്ക് ടാങ്ക് പ്രിൻറർ,  ഇങ്ക് ടാങ്ക് കോപ്പിയർ എന്നിവക്കാണ് പാർച്ചസ് ഓർഡർ നൽകിയത്. ടെൻഡർ രേഖയിൽ ഇങ്ക് ടാങ്ക് ഉപകരണങ്ങൾ ആവശ്യപ്പെടാത്തതു കൊണ്ട് മറ്റ് 5 കമ്പനികൾക്കും ഇവയുടെ വില രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഗുണനിലവാരം കൂടിയ  ലേസർ പ്രിൻറർ, ലേസർ കോപ്പിയർ തുടങ്ങിയവക്ക് മറ്റു കമ്പനികൾ കോട്ട് ചെയ്ത വിലയേക്കാൾ ഉയർന്ന വിലക്കാണ് പ്രസ്തുത കമ്പനിക്ക് ഗുണനിലവാരം കുറഞ്ഞ ഇങ്ക് ടാങ്ക് ഉപകരണങ്ങൾക്കായി ഓർഡർ നൽകിയിരിക്കുന്നത്.

ടെൻഡർ ഓപ്പൺ ചെയ്യുന്ന സമയത്ത് ഒരു വർഷത്തെ വാരണ്ടീ  മാത്രമായിരുന്നു ടെണ്ടർ ലഭിച്ച കമ്പനി കോട്ട് ചെയ്തിരുന്നത്. എന്നാൽ വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകകളിൽ മറ്റൊരു പേപ്പറിൽ അധിക വാരണ്ടീ  രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇത് ടെൻഡർ നിയമങ്ങൾ തെറ്റിച്ചതായും ടെണ്ടർ രേഖകളിൽ കൃത്രിമം കാട്ടിയതായും  വിലയിരുത്തപ്പെടുന്നു.

ഇതിനിടക്ക് ഫിനാൻസ് വിഭാഗത്തിന്റെ ഓഡിറ്റിങ് നടന്നിതിനാൽ കൃത്രിമമായി ചമച്ച രേഖകൾ ഔദ്യോഗിക ടെൻഡർ രേഖകളായി മാറിയിരുന്നു. ഇതോടെ കൃത്രിമമായായി ചമച്ച രേഖകൾ വിവരാവകാശം വഴി നൽകേണ്ടതായി വന്നു. ഇങ്ങനെയാണ് കൃത്രിമ രേഖകൾ ചമച്ചത് പുറത്തു വന്നത്.  

ഇപ്പോൾ ഓർഡർ നൽകിയിരിക്കുന്ന കമ്പനി നേരത്തെ പഞ്ചായത്തിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിരുന്നു. കുറച്ചു മാസങ്ങൾക്കു ശേഷം ഇവ പ്രവർത്തിക്കാതെ നിർജ്ജീവമായി. അത് പുനഃസ്ഥാപിക്കുന്നതിനുള്ള ചുമതല ഇതേ കമ്പനിക്കാണെന്നിരിക്കെ അവർ അതിനു തയ്യാറാകാതിരുന്നതോടെ ഈ കമ്പനിയെ പഞ്ചായത്തിന്റെ ടെണ്ടറുകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ പുതിയ ഓർഡറും അവർക്കു തന്നെ നൽകിയിരിക്കുന്നത്.

No comments:

Powered by Blogger.