മഴ കനത്തതോടെ മലയോര പ്രദേശങ്ങൾ ഭീതിയിലായി


മഴ കനത്തതോടെ മലയോര പ്രദേശങ്ങൾ ഭീതിയിലായി. സീതത്തോട്, ചിറ്റാർ, പെരുനാട്, വടശേരിക്കര പഞ്ചായത്തുകൾ ശക്തമായ ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. മുൻ വർഷങ്ങളിൽ മഴ ശക്തമായപ്പോഴൊക്കെ ഉരുൾ പൊട്ടലിൽ വ്യാപക നാശ നഷ്ടങ്ങൾ ഉണ്ടായി. 2018 ഓഗസ്റ്റിലെ പ്രളയ സമയത്ത് ചിറ്റാർ വയ്യാറ്റുപുഴ മേഖലയിൽ ഉരുൾ പൊട്ടി രണ്ടു ജീവൻ പൊലിഞ്ഞിരുന്നു.


നിലവിൽ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഉരുൾ പൊട്ടലിനു കാരണമാകുന്ന കോരി ചൊരിയുന്ന മഴയില്ല. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം എപ്പോൾ വേണമെങ്കിലും അതി ശക്തമായ മഴ ആരംഭിക്കാം. ഉരുൾ പൊട്ടാൻ സാധ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന നിർദ്ദേശമൊന്നും അധികാര കേന്ദ്രങ്ങളിൽ നിന്ന് അറിയിച്ചിട്ടില്ല.  


സീതത്തോട് പഞ്ചായത്തിൽ താരതമ്യേന എല്ലാ പ്രദേശങ്ങളും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളാണ്. ആങ്ങമൂഴി, ഉറുമ്പിനി, കോട്ടമൻപാറ, മുണ്ടൻപാറ, ഗുരുനാഥൻമണ്ണ് തുടങ്ങിയ പ്രദേശങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ കാല വർഷത്തിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായമുണ്ടാകാതിരുന്നത്. സീതത്തോട് ആങ്ങമൂഴിയിൽ പൊട്ടിയ ഉരുളുകളിലും മലവെള്ള പ്പാച്ചിലിലും വ്യാപകമായി വസ്തുവകകൾ നശിക്കുകയും ജനവാസ മേഖലകൾക്ക് കാര്യമായ ക്ഷതമേൽക്കുകയും ചെയ്തിരുന്നു. പ്ളാപ്പള്ളി വനത്തിലും, തേവർമല മേഖലയിലുമാണ് അന്ന് വൻ ഉരുൾപൊട്ടിയത്. പ്ലാപ്പളളി വനത്തിൽ പൊട്ടിയ ഉരുൾ ജലം കക്കാട്ടാറു വഴി പാഞ്ഞെത്തി അങ്ങമൂഴി പാലത്തിന് കേടുപാട് വരുത്തുന്ന രീതിയിൽ ഒഴുകുകയായിരുന്നു. തേവർ മല മേഘലയിൽ പൊട്ടിയ ഉരുള് ജനവാസ മേഖലയായ കോട്ടമൺപാറ തോട്ടിലൂടെ ഒഴുകി കക്കാട്ടാറിൽ എത്തി. 


മലവെള്ള പാച്ചിലിൽ വാഹനങ്ങൾ ഉൾപ്പടെ അന്ന് ഒലിച്ചു പോയിരുന്നു. ഉരുൾ ജലം ഒഴികി വന്ന വഴികളിൽ അപകടകരമായ കുഴികൾ രൂപപ്പെട്ടതു ധാരാളം പ്രദേശത്തെ തരിശുഭൂമിയാക്കിയിട്ടുണ്ട്. അന്ന് നിരവധി പ്രദേശത്ത് കൃഷിനാശമുണ്ടായി. 


ചിറ്റാർ കൊടുമുടി പ്രദേശത്തു ഉരുൾ പൊട്ടി വൻ കൃഷി നാശമുണ്ടായിരുന്നു. വീടുകളുടെ സംരക്ഷണ ഭിത്തികൾ തകരുകയും വീടുകൾക്ക് കേടു പാടുകൾ സംഭവിക്കുകയും ചെയ്തു. അന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. വയ്യാറ്റു പുഴ പ്രദേശവും ഉരുൾ പൊട്ടൽ ഭീതിയിലാണ്. മീന്കുഴി എൻക്രൊച്ച് മലയിൽ 2018 ൽ 12 ഇടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഇവിടെ ഉരുൾ പൊട്ടിയാൽ ചിറ്റാർ ശ്രീകൃഷ്‌ണ പുരം ഗ്രാമം അപ്പാടെ വെള്ളത്തിനടിയിലാകും. തേരകത്തുമാണ്, മൻപിലാവ്, എന്നീ പ്രദേശങ്ങളും ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. 


വടശേരിക്കര കൊമ്പനോലി പ്രദേശത്ത് അസാധാരണമായ ശക്തിയോടെ ഉരുൾപൊട്ടി നിരവധി ആൾക്കാർ കൊല്ലപ്പെട്ടിരുന്നു. തുടർന്നും വര്ഷങ്ങളോളം പരിസ്ഥിതി ആഘാതത്തിനു കാരണമായ പാറ ഖനനം പ്രസ്തുത പ്രദേശത്ത് നടന്നു വരികയാണ്.


കക്കാട്ടാറ്റിൽ ജലനിരപ്പുയർന്നിട്ട്. കല്ലാർ സാധാരണ നിലയിലാണ് ഒഴുകുന്നത്. പമ്പാ നദിയിലെ ജലനിരപ്പും വർദ്ധിച്ചിട്ടുണ്ട്. വനാന്തരങ്ങളിൽ പെയ്യുന്ന മഴ കൃത്യമായി കണക്കുകൂട്ടാൻ സംവിധാനങ്ങളില്ലാത്തതു തീര പ്രദേശത്ത് താമസിക്കുന്നവരുടെ ആശങ്കകൾ വർദ്ധിപ്പിക്കുന്നു. 

ആശങ്കയിലാണ് മലയോര മേഖലയിൽ ജനങ്ങൾ രാത്രി കഴിച്ചു കൂട്ടുന്നത്.

No comments:

Powered by Blogger.