ചിലിയിൽ ഒരു വിപ്ലവകാരി,
കാലമേ, ..ഞാനെന്തിനീ പാതകങ്ങൾ ചെയ്തു..?
🎻
അഗസ്റ്റൊപിനൊഷെയുടെ ചിലിയിൽ ഒരു വിപ്ലവകാരി, ഭരണകൂട പീഡനത്തിനു ഇരയായെന്നു കേട്ടാൽ
കേരളത്തിലെ തെരുവുകളിൽ പിനൊഷെയുടെ കോലം കത്തിയെരിയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു..!
( പിനൊഷെയുടെ വിഷം തീണ്ടി മരിച്ച നെരുദയ്ക്ക് ബലിതർപ്പണങ്ങൾ ചെയ്ത അതേ കാലം ) അതിരുകളില്ലാത്ത ടൺകണക്കിന് മാനവിക ബോധങ്ങൾ ഫണ്ണു പോലെ അഹങ്കാരമായി കൊണ്ടു നടന്നിരുന്ന കാലം.
പാട്രിസ് ലുമുംബയും, ഡാനിയേൽഒർട്ടേഗയും, ഫിദലും, എല്ലാം സ്വന്തം സഖാക്കളും, അരാഫത്തും ,ഗദ്ദാഫിയും, സദ്ദാമും കാൻഡി ഡേറ്റ് മെമ്പർഷിപ്പ് വേണ്ടാത്ത തോഴരുമായി ഗ്രാമഗ്രമാന്തരങ്ങളിൽ
മുദ്രാവാക്യങ്ങൾ ക്കൊപ്പമുയരുന്ന മുഷ്ടി കളായി മാറിയിരുന്ന ഒരു തീപിടിച്ചകാലം.
ആ ചുവപ്പൻ സാർവ്വദേശീയ ഐക്യദാർഡ്യ ത്തിനൊപ്പ മായിരുന്നു, ഇവിടെ
കെ കരുണാകരനും, ആർ ബാലകൃഷ്ണപിള്ളയ്ക്കും, എം വി രാഘവനും, കുഞ്ഞാലിക്കുട്ടിക്കും, കെഎം മാണിക്കുമെല്ലാമെതിരെ സന്ധിയില്ലാത്ത കലാപങ്ങൾ സഖാക്കൾ അഴിച്ചു വിട്ടുകൊണ്ടിരുന്നത്. കോടതികളും, ജയിലറകളും നിറഞ്ഞു തൂവിയ അക്രമകാലം.!!!
സഖാവ് അഴീക്കോടൻ
സ്മാരക മന്ദിരത്തിനു മുന്നിലൂടെ കെ കരുണാകരന്റെ 'വെള്ള കോണ്ടസ' ഓടാൻ ഭയപ്പെട്ടിരുന്ന കാലം.
സഖാവ് എം വി ആര്യനെ ജീവനോടെ കിട്ടാത്തതുകൊണ്ട്
സഖാവ് ഡേവിസിനെ കൊന്ന് ചാലിയാർ പുഴയിലെറിഞ്ഞ് കള്ളകരുണാകരനോടുള്ള പക തീർത്ത ,ദുഷിച്ച കാലം.!
സഖാവ് എം വി രാഘവന് വെച്ചത്
പാപ്പിനിശേരിയിലെ പാമ്പുകൾക്ക് കൊള്ളുകയും, തലനാരിഴക്ക് മാടായി മാടൻ എന്ന രാഘവൻ രക്ഷപ്പെടുകയും, സഖാവ് പുഷ്പൻ വീഴുകയും, 5 സാധുക്കൾ രക്തസാക്ഷികളായി
ക്രിഡിറ്റ് ചെയ്യപ്പെടുകയും ചെയ്ത ചുടു ചുവപ്പൻ കാലം.!!
നിദാന്ത ജാഗ്രതയോടെ 25 വർഷക്കാലം കോടതി വരാന്തകൾ കയറിയിറങ്ങി ഇടമലയാർ അഴിമതി കേസിൽ ആർ ബാലകൃഷ്ണപിള്ളയെന്ന അഴിമതി വീരനെ അട്ടക്കുളങ്ങര ജയിലിൽ ആത്മകഥ എഴുതാൻ പറഞ്ഞുവിട്ട സഖാക്കളുടെ കണ്ണും കരളുമായ വി എസിന്റെ ഉശിരൻ പോരാട്ടകാലം.'പ്രായം ചെന്ന ഞരമ്പു രോഗിയെന്ന' പുലഭ്യം കെ ബി ഗണേശനിൽ നിന്നും 'ഇതേ കരളിനു'
കേൾക്കേണ്ടി വന്ന പിഴച്ച കാലം..!
കുഞ്ഞാലിക്കുട്ടി നുണഞ്ഞ ഐസ്ക്രീം
ബോളിനും
കെ എം മാണിയുടെ ബ്രീഫ്കേസിനും പിറകെ നടകൊണ്ട പ്രക്ഷുബ്ധകാലം.!!!
"ഹോ...!!!!
കാലമേ,എന്തിനു ഞാനീ ..പാതകങ്ങൾ
ചെയ്തുവെന്ന്
ഇന്ന്,ഓരോ രക്തസാക്ഷിയും, സഖാക്കളും
കുമ്പസരിച്ചു പോകുന്ന നോമ്പുകാലം.!!!!"
"ഭുതകാലമേ നിന്റെ
ശവപ്പെട്ടിയിലിരു
മ്പാണിയായി തറച്ചത്,
എന്റെ പടു സ്വപ്നങ്ങളും,അസ്ഥിതുണ്ടുകളും,
വ്യാമോഹങ്ങളുടെ
യുടൽപിഴിഞ്ഞ നീരുമാണല്ലോ.
വെഞ്ചെരിക്കാത്ത
ആ ഇരുൾകാല
ത്തിലേക്കെന്നെയിനിയും ക്ഷണിക്കല്ലെ.."(അഷിത)
എന്ന കവിതയോർത്തു പോകുന്ന ദു:ഖകാലം.
ഉപാധികളില്ലാത്ത പോരാട്ടങ്ങൾ, ചിതറിയ കല്ലുകൾ, ചീന്തിയ ചോരകൾ, നടുങ്ങി യ ജയിലുകൾ, ...ഭൂതകാലത്തിന്റെ ഈ ഭഗ്നാവശിഷ്ടങ്ങളെ നോക്കി ഉടുമുണ്ട് പൊക്കി കാണിക്കുന്ന
'പ് രാന്തൻ പാർട്ടി ചെയർമാനിൽ ഏതോ സർ ചക്രവർത്തിയുടെ പ്രേതം ആവേശിച്ചിരിക്കുന്ന ഈ പ്രേത കാലത്തിൽ, പൊളിറ്റിക്കൽ കോംമ്പർമൈസിന്റെ
ഇൻലീഗൽ പാർട്ണറായ പൊളിറ്റിക്കൽ പിമ്പിംങ്ങിനെ
പാർട്ടിക്കുള്ളിൽ
പായ വിരിച്ചു കിടത്താനുള്ള പ്രേരണ ഏത് കാലത്തിൽ നിന്നാവാം കിട്ടിയിരിക്കുക.?
ഇന്നലെത്തെ വർഗശത്രുക്കളെ
ഇന്ന് വിശുദ്ധരാക്കി
സ്നാനപ്പെടുത്തുന്ന
ആ വീഞ്ഞിന്റെ രഹസ്യമെന്താണ്..?
നാളെക്കു നോക്കിയാണ്
ഞങ്ങൾ സഖാക്കൾ
ഇന്ന് ഭയപ്പെടുന്നത്.!
അവിടെ
വിശുദ്ധരാകാൻ പോകുന്ന ഇന്നത്തെ
മൂരാച്ചികളാരൊക്കെയാവാം..???
പ്രജ്ഞ മരവിച്ചിട്ടില്ലാത്ത നരച്ച സഖാക്കളിനിയുമിവിടെ ജീവനോടെയുണ്ടെങ്കിൽ
"നിന്റെ തന്തയല്ല എന്റെ തന്ത.." എന്ന
കുന്തക്കാരൻ പത്രോസിന്റെ പഴയ
'ലൂസിഫർ ഡയലോഗ്
പറഞ്ഞ്' കൊടിമടക്കി
കൊടുത്ത്' വീട്ടിൽ പോയിയിരിക്കാൻ ആർജ്ജവം കാട്ടണം.!
അല്ലാതെ ഈമാതിരി അശ്ളീലത്തിന് ചൂട്ട് പിടിക്കാൻ നിൽക്കരുത്. കുടുംബത്തിൽ പിറന്ന സഖാക്കൾക്ക് അത് നല്ലതല്ല.☝️
കലഞ്ഞൂർ ജയകൃഷ്ണൻ⛱️
No comments: