അട്ടത്തോട് പട്ടിക വർഗ്ഗ കോളനിയുടെ പേര് മാറ്റാൻ ശ്രമം


വടശേരിക്കര: ജില്ലയിലെ ഏറ്റവും വലിയ പട്ടിക വർഗ്ഗ കോളനിയായ അട്ടത്തോട് പട്ടിക വർഗ്ഗ കോളനിയുടെ പേര് മാറ്റാൻ നീക്കം നടക്കുന്നതായി ഊരു കൂട്ടം. പെരുനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റാണ് കോളനിയുടെ പേരുമാറ്റി പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.


കോളനിയുടെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച തർക്കമാണ് കോളനിയുടെ പെരുമാറ്റത്തിൽ കലാശിച്ചത്. അട്ടത്തോട് ഗിരിവർഗ്ഗ കോളനിക്കായാണ് ഫണ്ട് അനുവദിച്ചത്. ഫണ്ടിന്റെ വിനിയോഗത്തിനായി എം എൽ എ റാന്നി പി ഡബ്ള്യു ഡി റസ്റ്റ് ഹൌസിൽ ഊരുമൂപ്പന്മാർ, ട്രൈബൽ പ്രൊമോട്ടർമാർ വാർഡ് മെമ്പർമാർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഊരു കൂട്ടത്തിന്റെ പ്രത്യേക യോഗം കൂടി ഫണ്ട് വിനിയോഗത്തെപ്പറ്റി തീരുമാനമെടുക്കണമെന്നാണ് റാന്നി എം എൽ എ  അറിയിച്ചിരുന്നത്. 


എന്നാൽ പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് ഈ തീരുമാനത്തെ മറികടന്ന് എം എൽ യുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു.  പട്ടിക വർഗ്ഗ പ്രതിനിധികളെയോ ട്രൈബൽ പ്രമോട്ടർമാരെയോ ഉൾപ്പെടുത്താതെ പട്ടികജാതി വികസന ഓഫിസറെയും, ജില്ലാ നിർമിതി കേന്ദ്ര ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സർക്കാർ അനുവദിച്ച തുക അട്ടത്തോടെ അംബേദ്‌കർ കോളനിക്കുള്ളതാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഒരു കോടി രൂപ അട്ടത്തോട് അംബേദ്‌കർ കോളനിക്കു അനുവദിച്ചുവെന്നു കാട്ടി പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ പ്രദേശത്ത് ഇരു വിഭാഗം ജനങ്ങങ്ങൾക്കിടയിൽ സ്പർദ്ധ വളർന്നുവന്നു.  കഴിഞ്ഞ ദിവസം ഊരു മൂപ്പന് തർക്കത്തെ തുടർന്ന് വെട്ടേറ്റിരുന്നു. 


സർക്കാർ രേഖകളിലും മറ്റും അട്ടത്തോട് ഗിരിവർഗ്ഗ കോളനി എന്നാണറിയപ്പെടുന്നത്. എം എൽ എ യും, പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് കോളനിയുടെ പേര് മാറ്റി പ്രചരിപ്പിക്കുന്നത് ചട്ട വിരുദ്ധമാണെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല ഗിരിവർഗ്ഗ കോളനികൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾപോലും ഇതോടെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പഞ്ചായത്ത് പ്രസിഡന്റും എം എൽ എ യും നിരുത്തരവാദപരമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിനെതിരെ പത്തനംതിട്ട ജില്ലാകളക്ടർക്ക് ഒരുകൂട്ടം പരാതി നൽകിയിട്ടുണ്ട്. 

No comments:

Powered by Blogger.