വയോധികയെ മകൾ വീട്ടിൽ നിന്ന് മർദ്ദിച്ചിറക്കി വിട്ടു
വയോധികയെ മകൾ വീട്ടിൽ നിന്ന് മർദ്ദിച്ചിറക്കി വിട്ടു: പരാതി പരിഗണിക്കാതെ പോലീസ്
വടശേരിക്കര: വിധവയായ വയോധികയെ സ്വന്തം വീട്ടിൽ നിന്ന് മകളും ഭർത്താവും ചേർന്ന് മർദ്ദിച്ചിറക്കി വിട്ടതായി പരാതി. പരാതി ലഭിച്ചിട്ട് മാസങ്ങളായിട്ടും അന്വേഷിക്കാതെ പെരുനാട് പോലീസ്. വടശേരിക്കര, പേഴുംപാറയിലാണ് ജീവഹാനി പേടിച്ച് വയോധിക വീട് വിട്ടിറങ്ങിയത്.
ഇവരുടെ ഭർത്താവ് ഏതാനും വർഷങ്ങൾക്കു മുൻപ് അന്തരിച്ചിരുന്നു. 'അമ്മ തനിച്ചായതോടെ മൂത്ത മകൾ അമ്മയെ സംരക്ഷിക്കാനെന്ന പേരിൽ പേഴും പാറയിലുള്ള വീട്ടിലേക്കു താമസം മാറുകയായിരുന്നു. ആദ്യം സാധാരണ രീതിയിൽ കുടുംബ ജീവിതം മുന്നോട്ടു പോയി. തുടർന്ന് വീടും വീടിരിക്കുന്ന 28 സ്ഥലവും തന്റെ പേരിലേക്ക് മാറ്റണമെന്ന് കാണിച്ചു മരുമകൻ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. മരുമകന്റെ പേരിലേക്ക് വസ്തു എഴുതി കൊടുക്കാൻ മടിച്ചതോടെ മകളും, ഭർത്താവും ചേർന്ന് പലപ്പോഴും കയ്യേറ്റം ചെയ്തെന്നാണ് പരാതി ഉയരുന്നത്. ഇതോടെ ചന്ദ്രിക പോലീസിൽ പരാതി നൽകിയെങ്കിലും കേസ് അന്വേഷിച്ചില്ല.
തുടർന്ന് വയോധികയെ താൻ അംഗമായിട്ടുള്ള സമുദായ നേതൃത്വത്തെ സമീപിക്കുകയും, ഒരാഴ്‌ചക്കകം വീട് വിട്ടൊഴിഞ്ഞു പോകാമെന്ന് മരുമകൻ എഴുതി നൽകുകയും ചെയ്തു. നിശ്ചിത കാലയളവിൽ വീട് വിട്ടൊഴിയാതെ വന്നതോടെ വയോധിക എഗ്രിമെന്റുമായി വീണ്ടും പോലീസിനെ സമീപിച്ചു. എന്നാൽ പോലീസ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് വയോധിക പറയുന്നു. ഇതിനിടയിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും, തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ അതിക്രമിച്ചു താമസിക്കുന്ന മരുമകനെ ഒഴിവാക്കി വീടും സ്ഥലവും തനിക്കു തിരിച്ചു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കാട്ടി വയോധിക തിരുവല്ല ആർ ഡി ഒ ക്കു പരാതി അയച്ചു. ഈ പരാതിയിലും നടപടി ഒന്നുമുണ്ടായില്ല.
മകളും മരുമകനുമൊത്തു വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യത്തിൽ കടുത്ത മാനസിക ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നുവെന്നും വയോധിക പറഞ്ഞു. ഇപ്പോൾ വാടകക്ക് താമസിക്കുന്ന ഇളയ മകളോടൊപ്പമാണ് വയോധിക താത്കാലികമായി താമസിക്കുന്നത്. തൊഴിലുറപ്പു പണികൾക്ക് പോയാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. മകളുടെയും, ഭർത്താവിന്റെയും സമീപനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സാമൂഹിക പ്രവർത്തകരും പറയുന്നു. പോലീസ് കേസിൽ ഇടപെടാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും പരാതി ഉയരുന്നുണ്ട്.
No comments: