ഗവിയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ല: പ്രധാനമന്ത്രിയുടെ ഇടപെടൽ
വടശേരിക്കര: സീതത്തോട് പഞ്ചായത്തിലെ ഗവിയിൽ ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ 150 ഓളം വിദ്യാർഥികളുടെ പഠനം രണ്ടു വർഷമായി മുടങ്ങി കിടക്കുകയാണ്. ഇത് സംബന്ധിച്ച് ബി ജെ പി സീതത്തോട് പഞ്ചായത്തു പ്രസിഡണ്ട് വേണുഗോപാല പിള്ള ഗവി സന്ദർശിക്കുകയും കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ട് പ്രധാനമന്ത്രിയുടെ പരാതി പരിഹാര ഓൺലൈൻ പോർട്ടിലൂടെ ശബ്ദ സന്ദേശമായി അയക്കുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്കു മുൻപയച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുകയും പ്രധാന ഇന്റർനെറ്റ് സേവന ദാദാക്കളായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവർക്ക് പ്രശനം പരിഹരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ജിയോ, വൊഡാഫോൺ ഐഡിയ എന്നീ ഇന്റർനെറ്റ് ദാദാക്കൾ ഗവിയിലെ കുട്ടികൾ നേരിടുന്ന പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും സമീപ പ്രദേശത്ത് ടവറുകൾ ഇല്ലാത്തതിനാൽ പ്രശാന്ത് പരിഹാരം സാധ്യമായില്ല. എന്നാൽ പുതിയ ടവർ സ്ഥാപിക്കുന്നതിനായി ഇവർ ആലോചനകൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ടു ജിയോ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളുടെ പ്രതിനിധികൾ പരാതിക്കാരനുമായി ആശയവിനിമയം നടത്തി. ശബരിമല ഉൾപ്പെടുന്ന ഗവി പ്രദേശം അതീവ സംരക്ഷിത മേഖലയായതിനാൽ ടവർ നിർമ്മിക്കുന്നതിന് വിവിധ ഡിപ്പാർട്മെന്റുകളുടെ അനുമതി ആവശ്യമുണ്ട്. ഇതിനായി ഇന്റർനെറ്റ് ദാദാക്കൾ ശ്രമിക്കുന്നതായാണ് അറിയുന്നത്.
താമസിയാതെ ഗവി പ്രദേശത്ത് ഇന്റർനെറ്റ് കണക്ടിവിറ്റി യാഥാർഥ്യമാകുമെന്നും 150 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് തങ്ങളുടെ പ്രശ്നത്തിൽ അതിവേഗം ഇടപെട്ടതോടെ വലിയ ആവേശത്തിലായിരിക്കുകയാണ് ഗവി നിവാസികൾ. ടവർ നിർമാണത്തിനായി വനഭൂമി ലഭിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങളിൽ ഏകോപനമുണ്ടാക്കുന്നതിനായി ബി ജെ പി മേഖല ജനറൽ സെക്രട്ടറി ഷാജി ആർ നായർ, സീതത്തോട് പഞ്ചായത്തു പ്രസിഡണ്ട് വേണു ഗോപാല പിള്ള, കോന്നി മണ്ഡലം ജനറൽ സെക്രട്ടറി പി വി ബോസ് എന്നിവർ അടുത്ത ദിവസം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തുകയും ഗവി സന്ദർശിക്കുകയും ചെയ്യും.
No comments: