പ്രധാനമന്ത്രിയുടെ ഇടപെടൽ: വിശ്വസിക്കാനാകാതെ ചിറ്റാർ സ്വദേശി
പ്രധാനമന്ത്രിയുടെ ശരവേഗമുള്ള ഇടപെടലിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ചിറ്റാർ കുറുമുട്ടത്ത് വീട്ടിൽ സുരേഷ് കുമാർ. സിബിൽ സ്‌കോറിൽ തന്നെ അകാരണമായി ഉൾപ്പെടുത്തി മുദ്ര ലോൺ തടസ്സപ്പെടുത്തിയ സ്വാകാര്യ ബാങ്കിനെതിരെ പ്രധാനമന്ത്രിക്ക് പരാതി അയച്ചെങ്കിലും ഉന്നത ഇടപെടൽ ഉണ്ടാകുമെന്ന യാതൊരു പ്രതീക്ഷയുമില്ലായിരുന്നു സുരേഷ് കുമാറിന്. എന്നാൽ പരാതി അയച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ റിസേർവ് ബാങ്കിൽ നിന്ന് വിളി എത്തി. "താങ്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നോ? പരാതിയിൽ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുന്നതാണ്" ഒരു യാത്രക്കിടയിൽ ലഭിച്ച ഫോൺ കോൾ ആയിരുന്നു അത്. സുരേഷ് ഇതത്ര കാര്യമാക്കിയില്ല.
എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും റിസേർവ് ബാങ്കിൽ നിന്ന് വിളിയെത്തി. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോണും, അതിന്റെ വിശദാശംങ്ങളും ലോൺ അടച്ചു തീർത്ത തുകയും എല്ലാം ആരാഞ്ഞു. അബദ്ധത്തിൽ തെറ്റ് പിണഞ്ഞപ്പോൾ പ്രധാനമന്ത്രിക്കയച്ച കത്ത് ഉദ്ധരിച്ച് അതും ഉദ്യോഗസ്ഥർ തിരുത്തി. തുടർന്ന് കഴിഞ്ഞ ദിവസം റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്തും ലഭിച്ചു. താങ്കൾ പ്രധാനമന്ത്രിയോട് ഉന്നയിച്ച പരാതി പരിഹരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കത്ത്. അങ്ങയെ സിബിൽ ബാധ്യതക്കിളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. താങ്കൾക്കു ലഭിക്കേണ്ട ഇൻഷുറൻസ് തുക കൃത്യമായി ലഭിക്കാത്ത പക്ഷം ഇൻഷുറൻസ് ഓംബുഡ്‌സ്‌മാനെയോ ദേശീയ ഭവന നിർമാണ ബാങ്കിനെയോ സമീപക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ സുരേഷ് കുമാർ അയച്ച പരാതിയിൽ ഇൻഷുറൻസ് തടഞ്ഞു വച്ചിരിക്കുന്ന കാര്യം ബോധിപ്പിച്ചിട്ടുമില്ല.
കോഴഞ്ചേരി ആസ്ഥാനമായുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കോട്ടയം ബ്രാഞ്ചിൽ നിന്നാണ് 7 വർഷത്തെ കാലാവധിയിൽ 12,75,775 രൂപ കടമെടുത്തത്. മൂന്നു വർഷം കൊണ്ട് 21,79,656 രൂപ തിരിച്ചടച്ച് വായ്പ ക്ളോസ് ചെയ്തു. തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മുദ്ര ലോണിനായി സമീപിച്ചപ്പോഴാണ് സിബിൽ ബാധ്യത ശ്രദ്ധയിൽ പെട്ടത്. അതിൽ നിന്ന് മുക്തനാക്കണമെന്ന് ഒരു വർഷം യാചിച്ചിട്ടും സ്വകാര്യ ബാങ്ക് നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് സുരേഷ് കുമാർ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യം ചില സുഹൃത്തുക്കളോട് പങ്കുവച്ചപ്പോൾ അവർ തന്നെ അപഹസിച്ചെന്നും റിസേർവ് ബാങ്കിന്റെ കത്ത് ലഭിച്ചതോടെ അവരൊക്കെ പ്രധാനമന്ത്രിയെ പറ്റി നല്ലതു പറയാൻ ആരംഭിച്ചെന്നും സുരേഷ്‌കുമാർ പറയുന്നു. ഭാരതത്തിലെ 130 കോടി ജനങ്ങളിൽ ഓരോരുത്തരിലും പ്രധാനമന്ത്രിയുടെ കരുതലും കരുണയും എത്തുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
No comments: