ഡിജിപിയുടെ തുറന്ന് പറച്ചിൽ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ


ഡിജിപിയുടെ തുറന്ന് പറച്ചിൽ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

രുവനന്തപുരം: സംസ്ഥാനത്ത് ഐഎസ്ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ തുറന്ന് പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ ഐഎസ്ഐഎസ് റിക്രൂട്ട്മെൻ്റ് ശക്തമാണെന്നും സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സർക്കാർ അത് ഗൗരവമായി കണ്ടില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലൗജിഹാദ് ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണ്. സംസ്ഥാനത്തേക്ക് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഐസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ വരുന്നത് അസ്വഭാവികമാണ്. കേരള സർവ്വകലാശാലയിലേക്ക് മാത്രം 1042 അപേക്ഷകളാണ് ഈ രാജ്യങ്ങളിൽ നിന്നും വന്നത്. ഈ സംഭവത്തെ പറ്റി സർക്കാർ ​ഗൗരവമായി പഠിക്കണം. കേരളത്തിലെ പൊലീസ് സേനയിൽ മാത്രമല്ല തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐഎസ് സാന്നിധ്യമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നും ഇമെയിൽ ചോർത്തി ഭീകരവാദികൾക്ക് നൽകിയ പൊലീസുകാരുള്ള നാടാണിത്. അന്ന് ഭീകരവാദികൾക്ക് വേണ്ടി പ്രവർത്തിച്ച സബ് ഇൻസ്പെക്ടർ ഷാജഹാനെ സർവ്വീസിൽ തിരിച്ചെടുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കൊല്ലത്ത് ഇൻ്റലിജൻസ് ഡിവൈഎസ്പിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വാർത്താ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. അദ്ദേഹത്തെ സർവ്വീസിൽ നിന്നും പുറത്താക്കാതെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കോന്നിയിലും പത്തനാപുരത്തും ഭീകര പരിശീലന ക്യാമ്പുകളും ജലാറ്റിൻ സ്റ്റിക്കുകളുടെ ശേഖരങ്ങളും ഉണ്ടായിട്ടും കേരള പൊലീസ് അറിഞ്ഞില്ല. തമിഴ്നാട് ക്യൂബ്രാഞ്ചും യുപി പൊലീസും വരേണ്ടി വന്നു കേരളത്തിലെ ഭീകരവാദ ക്യാമ്പുകൾ കണ്ടെത്താൻ. മലയാളത്തിലെ ഒരു വാർത്താ ചാനലിനെതിരെയും ഒരു റിട്ട.ജഡ്ജി, ഒരു ഐപിഎസ് ഓഫീസർ, നാല് പൊതുപ്രവർത്തകർ എന്നിവർക്കെതിരെയും ഐഎസ് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിൽ എന്ത് നടപടിയാണ് സർക്കാർ കൈക്കൊണ്ടത്?

നിരവധി പെൺകുട്ടികളെ തട്ടികൊണ്ടു പോയി ചാക്കും ഉടുത്ത് സിറിയയിലേക്ക് അയക്കുന്നത് കേരളത്തിൽ തുടരുകയാണ്. ഐഎസ് റിക്രൂട്ട്മെന്റിന്റെ പ്രധാന ടൂളായ ലൗജിഹാദിനെ കുറിച്ചുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് തിരുത്തണം. കേരളത്തിലെ കൊട്ടേഷൻ സംഘങ്ങൾ എകെജി സെൻ്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതൽ 17 വരെ എകെജി സെൻ്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിൻ്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണ്. കൊട്ടേഷൻ സംഘങ്ങളാണ് സിപിഎമ്മിന്റെ പ്രാണവായുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന സമിതി അം​ഗം സി.ശിവൻകുട്ടി, ജില്ലാ ജനറൽസെക്രട്ടറി വെങ്ങാനൂർ സതീഷ് എന്നിവർ പങ്കെടുത്തു.

No comments:

Powered by Blogger.