വയ്യാറ്റുപുഴ വികെഎൻഎം വെക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ വികസന പാതയിൽ.
വമ്പൻ മാറ്റങ്ങളുമായി വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ് എസ്സ്
പത്തനംതിട്ട: വയ്യാറ്റുപുഴ വികെഎൻഎം വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ വികസന പാതയിൽ. വയ്യാറ്റുപുഴ എന്ന കൊച്ചു ഗ്രാമത്തിൽ ആകെ ഉള്ള പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് വി കെ എൻ എം. സ്കൂൾ. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുന്നത് പ്രദേശ വാസികളായ സാധാരണക്കാർക്ക് വലിയ ആശ്വാസമാകുകയാണ്.
കേന്ദ്ര സർക്കാർ സഹായത്തോടെ എകെ ആന്റണി എംപിയുടെ സഹായത്താൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയായി. നേരത്തെ ഇതേ മാതൃകയിൽ മറ്റൊരു കെട്ടിടം ഉയർന്നിരുന്നു. പഴയ ബിൽഡിങ്ങുകൾ പൊളിച്ച് പുതിയ ബിൽഡിങ്ങുകൾ ബ്ലോക്കുകൾ രൂപത്തിൽ ഉയരും. ഇതോടെ മുഴുവൻ ക്ലാസ്സുറൂമുകളും ഹൈടെക് ആയി മാറുമെന്നാണ് കരുതപ്പെടുന്നത്. എൽകെജി - യുകെജി സംവിധാനം ഒരു വർഷം കൊണ്ട് ജില്ലയിലെ മികച്ചതാകുമെന്ന് കരുതപ്പെടുന്നു.
ഇതിനിടെ കേന്ദ്ര സർക്കാരിന്റെ 10000 ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. യാഥാർത്ഥ്യമായാൽ കേരളത്തിലെ തന്നെ മികച്ച സ്കൂളായി മാറും. 1000 ത്തോളം കുട്ടികൾ പഠിച്ചിരുന്ന സ്കൂൾ കഴിഞ്ഞ വർഷം അൺ എക്കണോമിക്കൽ ആയി മാറിയെങ്കിലും, മാനേജ് മെന്റിന്റെയും അദ്ധ്യാപകരുടെയും കാര്യക്ഷമായ ഇടപെടൽ മൂലം നടപ്പ് അദ്ധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ മികച്ച വർദ്ധനവ് ഉണ്ടായി. പ്രവേശനോത്സവവും, പ്രകൃതി ദിനവും മികച്ച നിലയിൽ ആഘോഷിച്ച സ്കൂൾ വായനാ ദിനത്തിൽ വായനാ മത്സരം സംഘടിപ്പിച്ച് ശ്രദ്ധ നേടുകയാണ്. മത്സരത്തിൽ 100 ഓളം വിദ്യാർത്ഥികൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
മാനേജ്മെന്റിന്റെ ഇടപെടലോടെ സ്കൂളിലെ കുട്ടികൾക്കു മുഴുവനും പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. കേരള വെള്ളാള മഹാസഭയുടെ കീഴിലുള്ള എഡ്യൂക്കേഷനൽ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മുൻ എം എൽ എയും, ദേവസ്വം ബോർഡ് മെമ്പറുമായിരുന്ന പുനലൂർ മധുവിന്റെ നേതൃത്വത്തിലാണ് വൻ മാറ്റങ്ങൾക്ക് വഴി ഒരുങ്ങുന്നത്. സീതത്തോട് നിവാസിയായ വേണുഗോപാല പിള്ളയാണ് സ്കൂളിന്റെ നിലവിലെ അഡ്മിനിസ്ട്രേറ്റർ. കഴിഞ്ഞയിടെ മുൻ മന്ത്രി കെ ശങ്കരനാരായണ പിള്ള സ്കൂളിന്റെ വികസന സമിതി വിളിച്ച് പ്രൊജക്ടുകൾക്ക് രൂപം കൊടുത്തിരുന്നു.
രതീഷ് അലിമുക്ക് (സ്പെഷ്യൽ കറസ്പോണ്ടൻഡ്)
No comments: