പാറ ഖനനം തുടർന്നാൽ മഴക്കാലത്തു സംഭവിക്കാൻ പോകുന്നത് ദാരുണമായ ദുരന്തം
ചിറ്റാർ പഞ്ചായത്തിലെ അതീവ പരിസ്ഥിതി ലോല പ്രദേശമായ ബഞ്ചാമൻപാറ, മീൻകുഴി തടം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ പാറ ഖനനം നടത്തുന്നത് അതീവ ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തികച്ചും പ്രകൃതി ദുർബലമായ ഈ പ്രദേശത്ത് മഴക്കാലത്ത് എണ്ണമറ്റ നിലയിൽ കുടുന്ത പൊട്ടി ഒലിക്കാറുണ്ട്. കഴിഞ്ഞ പ്രളയകാലത്തു നിരവധി തവണ "മല മൂളൽ" പ്രതിഭാസം സംശയിക്കപ്പെട്ട് ആളുകൾ ഭീതിയിൽ കഴിഞ്ഞിരുന്ന പ്രദേശത്താണ് വ്യാപകമായി പാറ പൊട്ടിച്ചു മാറ്റുന്നത്. ഇതിനു നേരെ എതിർവശത്തായി കാണുന്ന എൻക്രോച്ച് മലയിൽ 2018 ൽ 13 ഉരുളുകൾ പൊട്ടുകയും 2 ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അടുത്ത മഴക്കാലം ഈ പ്രദേശത്ത് മറ്റൊരു ദുരന്തത്തിന് വഴിവാക്കാൻ കാരണമാകും.
മീൻകുഴി മലയുടെ അടിവാരമായ ഈട്ടിച്ചുവട്ടിൽ 100 മീറ്റർ വരെ താഴ്ചയിൽ പാറ പൊട്ടിച്ച സ്വകാര്യ വ്യക്തി തന്നെയാണ് മീൻകുഴി തടത്തിലും പാറ പൊട്ടിക്കുന്നത്. മൂന്നു കിലോമീറ്റർ ചുറ്റളവുള്ള ഒരു മലയുടെ 15 ഓളം പ്രദേശത്ത് നിന്നാണ് പാറ പൊട്ടിച്ചു മാറ്റിയിരിക്കുന്നത്. പൊട്ടിക്കുന്ന പാറകൾ കൈ റോഡുകൾ വഴി ടിപ്പറുകളിൽ കടത്തുകയാണ്. ഇതോടെ കോൺക്രീറ്റ് ചെയ്ത പാതകൾ എല്ലാം താറുമാറായി. പാറകീറുന്നതിനായുള്ള ആധുനിക സംവിധാനങ്ങളും യന്ത്രങ്ങളും ഉപോയോഗിച്ചാണ് പാറ ഖനനം നടക്കുന്നത്.
പരിസ്ഥിതി ഘടനയിൽ 123 ലിസ്റ്റിൽ വരുന്ന പഞ്ചായത്താണ് ചിറ്റാർ. അതിൽ ഒരു തരത്തിലുമുള്ള ഖനനമോ, ബഹു നില കെട്ടിടങ്ങളുൾപ്പടെയുള്ള നിര്മാണങ്ങളോ പാടില്ലാത്ത പ്രദേശമാണ് മീൻകുഴി തടം. പാറപൊട്ടിക്കുന്നതിനാവശ്യമായ അനുമതികൾ ഒന്നും നേടാതെയാണ് ഖനനം നടക്കുന്നത്. ഇത് പഞ്ചായത്തിന് വലിയ വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല നിലവിൽ പാറ പൊട്ടിക്കുന്നത് ചിറ്റാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടർ ടാങ്കിനു സമീപമാണ്. പാറഖനനം തുടർന്നാൽ കുടിവെള്ള വിതരണവും താറുമാറാകും. വ്യാപകമായി പാറ പൊട്ടിച്ച് പാറ വ്യവസായം നടത്തുന്നത് ഉടൻ നിർത്തിവെക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. ഇതിനെതിരെ മാധ്യമങ്ങളിൽ നിരവധി വാർത്തകൾ വന്നിട്ടും പോലീസ്, വില്ലേജ് അധികാരികൾ, ജിയോളജി വകുപ്പ്, ഹെൽത് ഡിപ്പാർട്മെന്റ്, പഞ്ചായത്ത് അധികാരികൾ എന്നിവരൊന്നും പാറഖനനം തടയുന്നതിന് നടപടി എടുക്കുന്നില്ല എന്നത് വൻ ദുരന്തത്തിന് വഴി വക്കും.
പാറ ഖനനം മാത്രമല്ല, ഖനന വസ്തുക്കൾ നിക്ഷേപിക്കുന്നതിനും വിപണനം ചെയ്യുന്നതിനും വേണ്ടി വലിയ യാർഡാണ് ബഞ്ചമൺപാറയിൽ സ്ഥാപിച്ചിരിക്കുന്നത്. ഹോളി ഫാമിലി സ്‌കൂൾ, എസ് എൻ കോളേജ്, അംഗൻവാടി എന്നീ സ്ഥാപനങ്ങൾക്ക് 100 മീറ്റർ പരിധിക്കുള്ളിലാണ് ഈ യാർഡ് പ്രവർത്തിക്കുന്നത്. ഇതിന് പഞ്ചായത്തിന്റെയോ, ആരോഗ്യ വകുപ്പിന്റെയോ അനുമതി തേടിയിട്ടില്ല. മാത്രമല്ല യാർഡ് പ്രവർത്തിക്കുന്ന പ്രദേശം റവന്യു ഭൂമിയാണെന്ന സംശയവുമുണ്ട്.
ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടു അനധികൃത പാറ ഖനനവും, ശേഖരണവും, വിതരണവും തടഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രിക്കും, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും പരാതി അയക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
No comments: