അണിയിച്ചത് വെറും ചുവപ്പു മാലയല്ല, അന്ന് നഷ്ടപ്പെട്ട തന്റെ സഹോദരന്റെ കുടൽ മാലയാണ്
എം എസ് രാജേന്ദ്രൻ-ഏതു പാർട്ടിയും കൊതിക്കുന്ന നേതാവ്: പക്ഷെ, സിപിഎമ്മിലെ പുത്തൻകൂറ്റുകാർക്ക് പുല്ലുവില
രക്തസാക്ഷി കുടുംബത്തിലെ അത്താണി. വെറും രക്തസാക്ഷിയല്ല, ഒരു പക്ഷെ പാർട്ടി സെക്രട്ടറിയോളം വളരേണ്ടിയിരുന്ന രക്തസാക്ഷിയുടെ സഹോദരൻ. സുമുഖനായ യുവാവ്, പുഞ്ചിരിയുടെ തേന്മഴ പൊഴിച്ച് ശത്രുക്കളുടെ മനസ്സിനെ പോലും സ്വന്തം ഹൃദയത്തിൽ പണയം വപ്പിക്കുന്നവൻ. 5 വർഷത്തെ ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം ഒഴിഞ്ഞപ്പോൾ ആടിനെ വളർത്തി ഉപജീവനം കണ്ടെത്തി. ഉള്ള ഭൂമിയിൽ നിറയെ കായ് ഫലങ്ങൾ തരുന്ന സസ്യങ്ങൾ വച്ച് പിടിപ്പിക്കുന്നതിൽ ബദ്ധ ശ്രദ്ധാലു. സാമാന്യം പണമുണ്ടാക്കാൻ പറ്റുന്ന പദവികളിലൊക്കെ എത്തിയെങ്കിലും ഇന്നും നിർദ്ധനനായി കഴിയുന്ന മലയോര പ്രദേശങ്ങളിലെ ഏറ്റവും തലയെടുപ്പുള്ള ഇടതു നേതാവിനെ ജീവിക്കുന്ന രക്തസാക്ഷി ആക്കി മാറ്റിയിരിക്കുകയാണ് പുതിയ സി പി എം നേതൃത്വം.
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ചിറ്റാർ പഞ്ചായത്തിലെ വാർഡ് 2 ൽ നിന്ന് എം എസ് രാജേന്ദ്രൻ മത്സരിച്ചിരുന്നു. അദ്ദേഹത്തിനെതിരെ മത്സരിച്ചതാവട്ടെ രാജേന്ദ്രൻ ഉൾപ്പെട്ട മാമ്പറ കുടുംബത്തിന്റെയും, സിപിഎമ്മിന്റെയും ആജന്മ രാഷ്ട്രീയ എതിരാളി. പക്ഷെ ആ എതിരാളിയെ മാത്രമായിരുന്നില്ല എം എസ്സിന് നേരിടേണ്ടി വന്നത്. സ്വന്തം പാളയത്തിൽ തന്നെ പതിയിരുന്ന രാജ വെമ്പാലകളെ ആയിരുന്നു. അവർ ഫണം വിടർത്തി ആഞ്ഞാഞ്ഞു കൊത്തി കൊണ്ടേ ഇരുന്നു. അവസാനം 3 വോട്ടിന്റെ പരാജയം. സാമാന്യ ജനവിഭാഗം കൂടെ നിന്നപ്പോൾ പാർട്ടിക്കാർ നല്ല മെയ്വഴക്കത്തിൽ കാര്യം നടത്തി.
ആ പരാജയം മറ്റൊരു ചതിയുടെ ആരംഭമായിരുന്നു. എം എസ്സിനെതിരെ മത്സരിച്ച ആർച്ച് റൈവൽ കോൺഗ്രസുകാരനെ തന്നെ പഞ്ചായത്തു പ്രസിഡന്റാക്കി പുത്തൻ കൂറ്റ് സി പി എം കാർ അവരുടെ തനി സ്വഭാവം കാട്ടി. തീർന്നില്ല പുതിയ പഞ്ചായത്തു പ്രസിഡന്റിന് ചിറ്റാർ മാർകെറ്റിൽ ചുവപ്പുഹാരം എം എസ്സിനെ കൊണ്ട് തന്നെ അണിയിച്ചു. അണിയിച്ചത് വെറും ചുവപ്പു മാലയല്ല, അന്ന് നഷ്ടപ്പെട്ട തന്റെ സഹോദരന്റെ കുടൽ മാലയാണ്. ഒരു പക്ഷെ എം എസ് രാജേന്ദ്രൻ അന്ന് പോയി വാതിലടച്ചു മനസ്സ് നിറയെ കരഞ്ഞിട്ടുണ്ടാകും. എം എസ് പ്രസാദിന്റെ ബലികുടീരത്തിലിരുന്നു മാപ്പിരന്നിട്ടുണ്ടാകും. എം എസ് പ്രസാദ് എന്ന സി പി എമ്മിന്റെ മലയോര ദൈവത്തോട് ക്ഷമ ചോദിച്ചിട്ടുണ്ടാകും.
എന്തിനാണ് എം എസ് പ്രസാദ് രക്തസാക്ഷി ആയത്? സി വി ജോസ് എന്ന മിടുക്കനായ എസ് എഫ് ഐ നേതാവിന്റെ കൊലപാതകത്തിലെ ഒന്നാം സാക്ഷി. ദൃക്‌സാക്ഷി, കൂടെ പരിക്കേറ്റവൻ. ഇയാളെ ഇല്ലാതാക്കുക എന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ ആവശ്യം ആയിരുന്നു. അതിനു നേതൃത്വം കൊടുത്തതാകട്ടെ ഇപ്പോൾ പഞ്ചായത്തു പ്രസിഡണ്ട് ആയ, എം എസ്സിനെതിരെ മത്സരിച്ച ആളുടെ പിതാവ്, അങ്ങനെയാണ് കേസും, സി പി എമ്മിന്റെ വിശ്വാസവും. തുടർന്ന് അയാളെയും കൊലപ്പെടുത്തി. പാർട്ടി അല്ല അത് ചെയ്തതെന്ന് പറഞ്ഞുമില്ല.
എം എസ് പ്രസാദിന്റെ രക്തസാക്ഷിത്വം സി വി ജോസിന്റെ രക്ത സാക്ഷിത്വം കൂടിയാണ്. അല്ലെന്നു സി പി എം പറയട്ടെ. സി വി ജോസിന് നീതി ലഭിച്ചില്ലെങ്കിൽ അത് എം എസ് പ്രസാദ് കൊല്ലപ്പെട്ടത്കൊണ്ട് മാത്രമാണ്. ഇന്നിപ്പോ കാലം മാറി. എം എസ്സിനെ അവർ വീണ്ടും അണിയിച്ചൊരുക്കി മുന്നിൽ നിർത്തും. വോട്ടു വേണമെല്ലോ. ഏതാണ്ട് ഒരു വി എസ് സംവിധാനം പോലെ. നെറ്റിപ്പട്ടവും അലുക്കിട്ടകൊടയും, വെഞ്ചാമരവും ആയി എം എസ് സി പി എം ജിഹ്വായായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നിൽ തന്നെ കാണും.
ഇതെന്തൊരു ലോകമാണ്? ഇതെന്തൊരു രാഷ്ട്രീയമാണ്? കാലം എന്തിനും ഉത്തരം കണ്ടു പിടിക്കും. ഒരിക്കൽ അവൻ അത് നടപ്പാക്കും. എപ്പോഴെന്നു മാത്രമാണ് ആലോചിക്കേണ്ടത്.
No comments: