ദേവാങ്ക് രക്ഷിച്ചത് 4 വിലപ്പെട്ട ജീവനുകളാണ്. നാല് കുടുംബത്തിന്റെ ജീവനും, ജീവൽ സങ്കല്പവുമാണ്
തളിക്കുളം പുത്തൻതോട് പരിസരത്ത് താമസക്കാരനായ എരണേഴത്ത് പടിഞ്ഞാറ്റയിൽ, സുബിൻ എന്ന അമൂല്യ ജുവല്ലറി ഉടമയുടെ മകനാണ് ദേവാങ്ക്.
രാവിലെ ന്യൂസ് ചാനലുകൾ കണ്ട തളിക്കുളത്തുകാർ ഞെട്ടി. തളിക്കുളം ഭാഗത്തു കടലിൽ വള്ളം തകർന്ന് നാലുപേരെ കാണാതായി എന്നയാരിന്നു ആ ഞെട്ടലിനു പിന്നിൽ. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്ക് വച്ച് നെടുവീർപ്പിട്ടു. പത്ത് മണിയോടടുത്തപ്പോഴാണ് ദേവാങ്കിന് അച്ഛന്റെ വിളി എത്തുന്നത്. കടലിൽ നാലുപേരെ കാണാതായി. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്. വള്ളം തകർന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂർ പിന്നിട്ടിരുന്നു. മൽസ്യ തൊഴിലാളികൾ ഒരുക്കിയ ബോട്ടിൽ ജീവിതത്തിൽ ആദ്യമായി ഉൾക്കടലിലേക്ക് പുറപ്പെടുമ്പോൾ പലരും പറഞ്ഞത് ഒന്ന് പോയിനോക്ക്, വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നായിരുന്നു. നാല് മണിക്കൂർ കഴിഞ്ഞത് കൊണ്ട് തന്നെ തിരച്ചിൽ നടത്തിയിരുന്ന സർവരും പ്രതീക്ഷ അസ്തമിപ്പിച്ചു.
കരയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ ഉൾക്കടലിലെത്തിയപ്പോൾ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോൺ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന് ദേവാങ്ക് അഭിപ്രായപ്പെട്ടു. കരയിൽ നിന്ന് 15 കിലോമീറ്റർ ഉള്ളിൽ എന്നത് ഒരത്ഭുതാവഹമായ ലോകമാണ് എന്നോർക്കണം. അതും ആദ്യമായി ഒരു ബോട്ടിൽ എത്തുമ്പോൾ. ബോട്ടിലേക്ക് സെയിഫായി ഡ്രോൺ തിരികെ ലാൻഡ് ചെയ്യിക്കുക എന്നതായിരുന്നു കടുത്ത ദൗത്യം. തിരച്ചിലിനിടയിൽ കുടങ്ങൾക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോൺ പകർത്തി. പത്ത് മിനുട്ട് വൈകിയിരുന്നെങ്കിൽ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന് ദേവാങ്ക് പറയുന്നു.. ബോട്ടിലേക്ക് പിടിച്ചു കയറ്റിയതും ആ മനുഷ്യൻ ബോധം കെട്ട് വീണു പോയത്രെ.
ബാംഗ്ളൂരിൽ ബി ടെക്ക് എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദേവാങ്ക്. ഒരു ദുരന്ത മുഖത്ത് ഒരല്പം പോലും പതറാതെ, മറ്റൊരു ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തിനായി കാത്തുനിൽക്കാതെ, തന്റെ കയ്യിലുള്ള ഒരു ഡ്രോണുകൊണ്ട് നാല് വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്തിയ ദേവാങ്ക് ഒരു രക്ഷകൻ തന്നെയാണ്. ഈശ്വരീയമായ ഔന്നിത്യത്തിലേക്കു ദേവാങ്ക് സ്വയം ഉയർന്നു എന്ന് തന്നെ പറയാം.
വല്ലഭനു പുല്ലും ആയുധം എന്നപോലെയാണ് ഒരു ഡ്രോണും, അതിനെ വരുതിക്ക് നിർത്തുന്ന ഈ യുവാവും. അനിഷ്ടകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചെറുപ്പക്കാർ ഉൾവലിയുകയല്ല, സാധ്യതകൾ തേടുകയാണ് ചെയ്യേണ്ടത്. ആ സാധ്യതകൾ നിരവധി പേരുടെ ജീവന്റെ വിലയാണ്.
No comments: