കണ്ണഞ്ചിപ്പിക്കുന്ന വർണവിസ്മയത്തോടെയാണ് കടുവയും, പുലിയും ഒരുപക്ഷെ ഒരു ചിത്രം പോലെ കണ്മുന്നിൽ തെളിയുക

കോടമഞ്ഞിന്റെ കുളിർമയേക്കാളേറെ ഘോര മൃഗങ്ങളുടെ ഘോഷങ്ങൾക്കാണ് ഗവി അരങ്ങൊരുക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വർണവിസ്മയത്തോടെയാണ് കടുവയും, പുലിയും ഒരുപക്ഷെ ഒരു ചിത്രം പോലെ കണ്മുന്നിൽ തെളിയുക. കരുത്തിന്റെ കാരിരുമ്പു പ്രതീകങ്ങളാണ് കാട്ടു പോത്തുകൾ.  ഓരോ ആനക്കൊമ്പന്മാരും തീർക്കുന്നത് ഓരോ കരിമലകളാണ്. അവയുടെ നടപ്പും നോട്ടവും ഒരു നൃത്ത വേദി തന്നെ നമുക്കൊരുക്കുന്നു.  അത്യപൂർവ്വങ്ങളായ സിംഹവാലൻ കുരങ്ങുകൾ തൊട്ടരുകു പറ്റി ഓടി കളിക്കും. കേഴ, മുള്ളൻ പന്നികൾ, വിവിധ തരം ഇഴ ജന്തുക്കൾ - ഒരു വന്യ സങ്കേതം മാത്രമല്ല ഒരു മഹാ സർവ്വകലാശാല തന്നെയാണ് ഗവി എന്ന സുന്ദരി.


ഇത്രയും ചുവപ്പു വർണങ്ങളുള്ള ചെമ്പരത്തികൾ നിങ്ങൾക്ക് മറ്റെവിടെയും കാണാനാവില്ല. സൂര്യദേവന്റെ പ്രതിബിംബങ്ങൾപോലെയാണ് ബന്ദിപ്പൂക്കൾ വിടർന്നു ജ്വലിച്ചു നിൽക്കുന്നത്. മഴവില്ലിൽ പോലും ദർശിക്കാനാവാത്ത നീല പടർത്തുന്ന ശംഘുപുഷ്പങ്ങൾ  കൊടിയ നിശ്ശബ്ദതക്ക് പലപ്പോഴും ഭംഗം വരുത്തുന്നത് കുയിൽ കൂട്ടങ്ങളാണ്. മത്സരിക്കാനെന്നോണം ചീവീടുകൾ ഏറ്റുപാടും. പക്ഷികളിൽ ഹോൺഡില്ലും, അതി സുന്ദരന്മാരായ പരുന്തുകളും നമ്മെ നയിക്കുന്നത് സ്വപ്ന സ്വർഗ്ഗത്തിലേക്കാണ്.  ഗവിയിൽ നിൽക്കുമ്പോൾ ചില സന്ദർഭങ്ങളിൽ നാം ഈ ഭൂമിയിൽ തന്നെ ഇല്ലെന്നു തോന്നിപ്പോകാറുണ്ട്. അതിനിടയിൽ മഴയെത്തി എന്ന് കരുതേണ്ട.. അത് മഞ്ഞു വീഴ്ചയാണ്. 


നീണ്ട നാളത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഗവി സഞ്ചാരം വീണ്ടും സജീവമാകുകയാണ്.  നവംബർ മാസം ഒന്നാം തീയതി മുതൽ ടുറിസം വകുപ്പിന്റെ പാക്കേജുകൾ പുനരാരംഭിക്കും. കാടും അതിന്റെ വന്യതയും, അതിന്റെ വിശുദ്ധതയും ഇഷ്ടപ്പെടുന്ന മനുഷ്യർക്ക് ഇത് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ്. ഗവിക്ക്‌ പകരം വക്കാൻ ഗവി അല്ലാതെ മറ്റൊരു വന്യ മാസ്മരിക ലോകം ഇല്ല. ഒരു പക്ഷെ കോവിഡ് എന്ന മഹാ മാരിക്ക് കാര്യമായി എത്തി നോക്കാൻ കഴിയാതിരുന്ന വിശുദ്ധ ഭൂമി കൂടിയാണ് ഗവി. സാക്ഷാൽ ശബരിമല ശ്രീ ധർമ്മ ശാസ്താവിനോട് ഏറ്റവും അടുത്തു കിടക്കുന്ന ജനവാസ മേഖല. 


സാഹസികവും, സന്തോഷ ദായകവും ആയത് ആങ്ങമൂഴി - മൂഴിയാർ വഴിയുള്ള യാത്രയാണ്. ഏകദേശം 100 കിലോമീറ്ററുകൾ സഞ്ചരിച്ച് ഗവിയിലെത്തുമ്പോഴേക്കും എന്താണൊരു നിത്യ ഹരിത വനം എന്ന് നിങ്ങൾക്ക് മനസ്സിലാകും.  വന്യ മൃഗങ്ങൾ, നിരവധി ഡാമുകൾ, പെൻസ്‌റ്റോക് പൈപ്പുകൾ, വൈദ്യതി ഉത്പാദന കേന്ദ്രങ്ങൾ, കാട്ടാർ, കാട്ടരുവികൾ, ചെങ്കുത്തായ പ്രദേശങ്ങൾ, ഭീമാകാരമായ മലകൾ, ചെറിയ തടാകങ്ങൾ, അത്ഭുതങ്ങൾ സമ്മാനിക്കുന്ന ഭീമൻ മര മുത്തച്ഛന്മാർ, ലക്ഷക്കണക്കിന് അത്ഭുത സസ്യ വർഗ്ഗങ്ങൾ, ഔഷധ ചെടികൾ, പക്ഷി മൃഗാദികൾ, ആന കടുവ, പുലി കാട്ടു പോത്ത് എന്ന് വേണ്ട ഒരു നല്ല ചലച്ചിത്രം കാണുന്നതുപോലെ അനുഭവപ്പെടും.  യാത്ര കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞാലും അതങ്ങനെ മനസ്സിൽ ഓളം തുള്ളും. നിങ്ങൾ കവിയാണെങ്കിൽ കവിത രചിക്കും, നിങ്ങൾ ചിത്രകാരനാണെങ്കിൽ ചിത്രം വരക്കും, 


റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം, കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിലും, പെരിയാർ കടുവ സങ്കേതത്തിലെ കിഴക്ക്, പടിഞാറ് ഡിവിഷനുകളിലും  വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് ഗവി വിനോദ സഞ്ചാര മേഖല. സീതത്തോടു പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയുമായി ഇട ചേർന്നു കിടക്കുന്ന പ്രദേശം കൂടിയാണ് ഇത്.


ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റു വഴി ഗവിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റെയ്ഞ്ച് ആഫീസിൽ ഓൺലൈൻ വഴി ബുക്ക് ചെയ്താണ്  സഞ്ചാരികൾ ഗവിയിലേക്ക് എത്തേണ്ടത്. ബുക്ക് ചെയ്യുന്നവർ  രാവിലെ 8 മണിക്ക് ടിക്കറ്റ് വാങ്ങി  യാത്ര ആരംഭിക്കണം .ജീപ്പ്, കാർ എന്നീ വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. രാവില 8.30 മുതൽ 11 മണി വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.


ഇടുക്കി കുമളി, വണ്ടിപ്പെരിയാർ, വള്ളക്കടവ് വഴി വരുന്നവർ  വള്ളക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റു കടന്നു വേണം ഗവിയിലെത്താൻ. പെരിയാർ കടുവ സങ്കേതം കിഴക്കൻ ഡിവിഷൻ നടപ്പാക്കുന്ന ടൂറിസം പാക്കേജ് പദ്ധതിയുണ്ട്. വള്ളക്കടവിൽ നിന്ന് 26 കിലോ മീറ്റർ ദൂരെയാണ് ഗവി.  ടുറിസം പാക്കേജ് വഴി വരുന്നവരെ ഇവിടെനിന്നും പാക്കേജിന്റെ ഭാഗമായി ഗവിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 2 മണി മുതൽ അടുത്ത ദിവസം ഉച്ചക്ക് 2 മണി വരെയാണ് ഒരു ദിവസത്തെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3 നേരത്തെ ഭക്ഷണം, രാത്രി താമസം, ബോട്ടിങ്, ട്രക്കിങ്, സൈക്ലിംങ്  വാഹനത്തിൽ കാടിന്റെ ഉള്ളിലൂടെ യാത്ര, എന്നീ സൗകര്യങ്ങളാണ് ലഭിക്കുന്നത്. തിരിച്ചു വള്ളക്കടവിൽ വാഹനത്തിൽ എത്തിക്കും. ഒരു ദിവസത്തെ പകൽ സന്ദർശനം ആഗ്രഹിക്കുന്നവർക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 4.30 വരെ ഗവിയിൽ ചെലവഴിക്കാം. പരിശീലനം ലഭിച്ച ഇക്കോ ടൂറിസത്തിലെ ഗൈഡിന്റെ സേവനം ലഭിക്കും. 


പകൽ സഞ്ചാരികൾക്ക് മൂടൽ മഞ്ഞ് പുതച്ചു കിടക്കുന്ന ചെന്താമര കൊക്ക, ശബരിമല വ്യൂ പോയന്റ്, ഏലത്തോട്ട സന്ദർശനം എന്നിവയ്ക് ഒരു പ്രത്യേക പാക്കേജ് ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ പ്രഭാത ഭക്ഷണം ,ഉച്ചയൂണ് ,വൈകുന്നേരത്തെ ചായ എന്നിവയും ലഭിക്കും.


രാത്രിയിൽ വനത്തിനുള്ളിൽ ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ ടെൻറുകൾ സ്ഥാപിച്ചും സൗകര്യമൊരുക്കുന്നുണ്ട്. ഇത് സാഹസികരായ പ്രകൃതി സ്നേഹികളെ ഏറെ ആകർഷിക്കുന്നു. രാത്രിയുടെ നിശ്ശബദ്തയിൽ വന്യ ജീവികളുടെ സാന്നിധ്യവും, ശബ്ദവും  അനുഭവിക്കാൻ കഴിയും. ഈ സൗകര്യം ഡിസമ്ബർ മാസം മുതലേ ലഭ്യമാകൂ.

Satheesh Kumar R


No comments:

Powered by Blogger.