തിരുവല്ലയിൽ യു ഡി എഫ് സ്ഥാനാർഥി വിക്ടർ ടി തോമസ്: ചർച്ചകൾ സജീവം
കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ തന്നെ കേരള കോൺഗ്രസ് മത്സരിക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവന വന്നതോടെ തിരുവല്ലയിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ആയി വിക്ടർ ടി തോമസ് വരാനുള്ള സാധ്യതയേറി.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് റാന്നി സീറ്റ് നൽകും എന്നാണ് ഇപ്പോൾ എൽ ഡി എഫ് ധാരണ. പത്തനംതിട്ട ജില്ലയിലെ ഏതു സീറ്റ് ലഭിച്ചാലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ആയി വിക്ടർ ടി തോമസ് വന്നേക്കും എന്നാണ് സൂചന. കേരള കോൺഗ്രസിന്റെ ജില്ലയിലെ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവാണ് വിക്ടർ ടി തോമസ്.
കെ എം മാണിയുടെ മരണ ശേഷം താൻ കൂടി മുൻ കൈയെടുത്തു രാഷ്ട്രീയ ത്തിൽ കൊണ്ടു വന്ന ജോസ് കെ മാണിയുടെ തീരുമാനങ്ങളുമായി യോജിച്ചു പോകാനാവാതെ അടുത്ത കാലത്താണ് വിക്ടർ പി ജെ ജോസഫിനോട് അടുത്തത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്നു പാർട്ടിയുടെ വിവിധ സ്ഥാനങ്ങളിൽ മികവ് തെളിയിച്ചു കെ എം മാണിയുടെ വിശ്വസ്തൻ ആയി മാറിയ വിക്ടറിന് ജോസ് കെ മാണി പാർട്ടി പിളർത്തിയതിനോട് വിയോജിപ്പാണുള്ളത്. നിലവിൽ ജില്ലാ യൂ ഡി എഫ് ചെയർമാൻ കൂടിയായ വിക്ടർ മത്സര രംഗത്തുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. തിരുവല്ലയിൽ ഇതിനു മുൻപ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ പാർട്ടി യിലെ ഗ്രൂപ്പ് വഴക്കുകളാണ് വിക്ടറിന് പാരയായത്. കെ എം മാണിയുടെ വിശ്വസ്തൻമാരായ , വിക്ടർ ടി തോമസിനെയും ജില്ലയിലെ ഭൂരിപക്ഷം പ്രവർത്തകരെയും കൂടെ നിർത്താനായത് പി ജെ ജോസഫിന്റെ വിജയമാണ്. ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ വിക്ടർ ടി തോമസിന്റെ മികച്ച പ്രവർത്തനവും, സമീപ കാലങ്ങളിൽ ഉണ്ടായ ജനകീയ പ്രശ്നങ്ങളിലെ ഇടപെടലുകളും അതോടൊപ്പം ജില്ലയിലെ വിവിധ സമുദായങ്ങളു മായിട്ടുള്ള ബന്ധങ്ങളും അനുകൂല ഘടകങ്ങൾ ആണ്. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുകൾ ഒഴിവാക്കിയാൽ വിക്ടർ ടി തോമസിന് വിജയിച്ചു കേറാമെന്നും അവർ കണക്കുകൂട്ടുന്നു. സ്ഥാനാർഥി ആകുവാൻ ഒരുപാട് പേർ
ശ്രമിക്കുന്നുണ്ടെങ്കിലും നിർണ്ണായക സമയത്തു കൂടെ വന്ന പാർട്ടി ഉന്നതാധികാര സമിതി അംഗം കൂടിയായ വിക്ടറിനെ ഒഴിവാക്കാൻ പി ജെ ജോസഫ് മുതിർന്നേക്കില്ല.
No comments: