115 വർഷത്തെ അയ്യപ്പ സേവ: ആഗ്രഹ നിവർത്തി വരാതെ കുമാരൻ കേശവൻ വിടവാങ്ങി
അയ്യപ്പൻറെ മണ്ണിൽ അധിവസിക്കുന്ന മണ്ണിന്റെ മക്കൾക്ക് എല്ലാം അയ്യപ്പൻ മാത്രമാണ്. ഊണും ഉറക്കവും, നന്മയും തിന്മയുമെല്ലാം അയ്യപ്പൻറെ അനുഗ്രഹം മാത്രമാണ്. ആഗ്രഹിക്കുന്ന സമയത്തൊക്കെ അയ്യപ്പനെ നേരിട്ട് ചെന്ന് കണ്ടു തൊഴാൻ കുമാരന്റെ കുട്ടിക്കാലത്തു കഴിയുമായിരുന്നു. കുമാരന്റെ സക്രിയമായ കുട്ടിക്കാലം എന്നത് 110 വർഷം മുൻപാണെന്നോർക്കണം. ഇതിനിടയിൽ കാലം മാറി, വനവാസികൾക്കും ശബരിമല ക്ഷേത്രത്തിൽ തൊഴുവാനും, പൂവും ജലവും അർപ്പിക്കുവാനും ദേവസ്വം, പോലീസ് ചിട്ട വട്ടങ്ങൾ ബാധകമായി. സന്നിധാനത്തിലും, പൂങ്കാവനത്തിലും വന്ന നിരന്തരമായ മാറ്റങ്ങൾ കുമാരൻ കേശവൻ എന്ന വനവാസി മൂപ്പന്റെ സിരകളിലേക്ക് രക്തം വമിപ്പിച്ചിട്ടുണ്ടാവാം. തന്റെയും, തന്റെ കുല പരമ്പരകളുടെയും ആചാര അനുഷ്ഠാന മനോമണ്ഡലങ്ങളിൽ അത് അസ്വസ്ഥത പടർത്തിയിട്ടുണ്ടാകാം. അങ്ങനെ ചിന്തിച്ചതാകാം സ്വന്തമായി ഒരു ക്ഷേത്രം. പക്ഷെ ആ തീരുമാനത്തിലും അയ്യപ്പൻ ഉപദേശവുമായി എത്തി. ധ്യാനനിമഗ്നതയിൽ അയ്യപ്പൻ കുമാരനോട് അരുളിയത് തന്റെ മൂല രൂപമായ സാക്ഷാൽ മഹാ വിഷ്ണുവിനെ പ്രതിഷ്ഠിക്കാനാണ്. അങ്ങെനെ മൂപ്പൻ സ്ഥാപിച്ചത് വിഷ്ണു ക്ഷേത്രമാണ്. കുറുമ്പൻ മൂഴി വനവാസ ഗ്രാമത്തിൽ അദ്ദേഹം മഹാ വിഷ്ണു ക്ഷേത്രം സ്ഥാപിച്ച് മുടക്കം വരാതെ സന്ധ്യാ വന്ദനാദികളും, നിത്യ പൂജയും ചെയ്തു. ക്ഷേത്രത്തിൽ ഒരു ഉച്ച ഭാഷിണി സ്ഥാപിച്ച് അതിലൂടെ അയ്യപ്പൻറെ പാട്ട് കേൾക്കണമെന്നതായിരുന്നു ആഗ്രഹം. പക്ഷെ ആ ആഗ്രഹം സഫലീകരിക്കാതെ കുമാരൻ കേശവൻ ജീവൻ വെടിഞ്ഞു വിഷ്ണു പദം പൂകി.
നൂറു വർഷങ്ങൾക്കു മുൻപ് ശബരിമല ശ്രീ ധർമ ശാസ്താവിന്റെ തങ്ക തിരുവാഭരണങ്ങൾ ഘോരമായ വനത്തിലിലൂടെ സംരക്ഷിച്ചു കൊണ്ടുപോകാൻ ഇന്നത്തെ പോലെ പോലീസും പട്ടാളവുമുണ്ടായിരുന്നില്ല, പാതകളില്ല, ഭക്ഷണമില്ല. ആദ്യം കുമാരൻ കേശവന്റെ പിതാവായിരുന്നു തിരുവാഭരണത്തിനു മുന്നിൽ വഴി വെട്ടി തെളിച്ചും, വന്യ മൃഗങ്ങളെ ഓടിച്ചും സുഗമമായ യാത്ര ഒരുക്കിയിരുന്നത്. രാജാവിനും പരിവാരങ്ങൾക്കും ഭക്ഷണവും, വിരിത്തറകളും ഒരുക്കിയിരുന്നതും മറ്റാരുമല്ല. പിതാവിന്റെ മരണത്തോടെ പിന്നെ കുമാരൻ കേശവനാണ് ഈ മഹത്തായ കർമ്മം ചെയ്തിരുന്നത്. പന്തളം രാജ കുടുംബത്തിന് കുമാരൻ കേശവനും, ശബരിമല വനാന്തരങ്ങളിലെ വനവാസികളും സ്വന്തം കുടുംബത്തെപ്പോലെയാണ് ഇന്നും. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഇപ്പോഴും അഭങ്കുരം തുടരുന്നു. നൂറ്റാണ്ടുകൾക്കു മുൻപും, ഇന്നും ഇവിടെ അവഗണ ഇല്ല, അയിത്തമില്ല, അവഹേളനമില്ല. ജാതിയില്ലാത്ത, വർണമില്ലാത്ത, വേർതിരിവുകളുടെ അതിർവരമ്പുകളില്ലാത്ത മഹത്തായ ഒരു സംസ്കാരത്തിന്റെ വെറും നൂറു വർഷം മുൻപുള്ള ഒരു തിരുശേഷിപ്പാണ് മണ്മറഞ്ഞത്. അതിന്റെ ജീവിക്കുന്ന ചരിത്ര രേഖയാണ് വിസ്‌മൃതിയിലായിരിക്കുന്നത്. അയ്യപ്പ ഭക്തർക്ക് ഒരു തീരാ നഷ്ടമാണ് ഈ വിയോഗം.
സതീഷ് കുമാർ ആർ
No comments: