ചരിത്രം തിരുത്തി വനം മന്ത്രി: അധികാരമേറ്റ് ആദ്യമായി വനവാസി കുടിയിൽ: സ്വകാര്യ സംരംഭം ഉദ്ഘാടനം ചെയ്തു മടക്കം
പത്തനംതിട്ട ബ്യൂറോ: ളാഹ മഞ്ഞത്തോട്ടിലെ ആദിവാസി കോളനിയിൽ സ്വകാര്യ ക്ലബ്ബ് നിർമിച്ചു നൽകുന്ന സോളാർ സൗകര്യം ഉദ്ഘാടനം ചെയ്യുന്നതിനായി കേരള വനം വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം ആദ്യമായി വനവാസി കോളനിയിൽ എത്തി. അധികാരമേറ്റ് നാലര വർഷം പിന്നിട്ടിട്ടും എൽ ഡി എഫ് സർക്കാരിലെ ഒരു മന്ത്രിപോലും ഈ പ്രദേശം സന്ദർശിച്ചിട്ടില്ല. 104 കുടുംബങ്ങളാണ് ശബരിമല പൂങ്കാവനവുമായി ബന്ധപ്പെട്ട കാടുകളിൽ വസിക്കുന്നത്. ഇവരുടെ നിലനിൽപ് തന്നെ അപകടാവസ്ഥയിലായിരിക്കുകയാണ്. വനവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോളനികളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ വനം പട്ടിക ജാതി, വർഗ്ഗ വകുപ്പ് മന്ത്രിമാർ പ്രസ്തുത കോളനി സന്ദർശിക്കണമെന്ന് നിരന്തരം അപേക്ഷിച്ചിട്ടും സർക്കാർ ചെവി കൊണ്ടില്ല. എന്നാൽ സ്വകാര്യ ക്ലബ്ബിന്റെ അപേക്ഷ പരിഗണിച്ചു മന്ത്രിയും സംഘവും കഴിഞ്ഞ ദിവസം കോളനിയിൽ എത്തി.
പ്രതീക്ഷ അറ്റ് വനവാസികൾ
മന്ത്രിക്ക് പുറമെ സ്ഥലം എം എൽ എ, ജില്ലാ കളക്ടർ, അസിറ്റന്റ് കളക്ടർ, ഡി എഫ് ഒ എന്നിവരും ഉത്ഘാടനത്തിനെത്തിയിരുന്നു. ഉദ്ഘാടനം നടത്തി പോയതല്ലാതെ വനവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് വേണ്ട ശുപാർശകൾ പരിഗണിക്കാനോ പരാമര്ശിക്കാനോ മന്ത്രിക്കോ സംഘത്തിനോ കഴിഞ്ഞില്ല. വീട് വക്കാനും, നട്ടു വളർത്തിയ മരങ്ങൾ മുറിക്കാനും വനവാസികൾക്ക് അനുവാദമുണ്ടെന്ന് മന്ത്രി പ്രസംഗിച്ചെങ്കിലും, ഇതിനു ഘടക വിരുദ്ധമായ നിലപാടാണ് ഡി എഫ് ഒ തന്റെ പ്രസംഗത്തിൽ സ്വീകരിച്ചത്. മാത്രമല്ല മന്ത്രിയുടെ ഈ പ്രസ്താവന വനവാസികളെ സംബന്ധിച്ച് നിയമ വിരുദ്ധവുമാണെന്ന് വിലയിരുത്തുന്നു.
2006 ലെ വനാവകാശ നിയമപ്രകാരം വനവാസ്സികൾക്കെല്ലാം കൃഷി ഭൂമി ലഭ്യമാക്കണമെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനു ഘടക വിരുദ്ധമായ നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത്. നിയമമനുസരിച്ച് കുടുംബം ഒന്നിന് പരമാവധി 10 ഏക്കർ ഭൂമി വരെ ലഭിക്കാവുന്നതാണെന്ന് നേരത്തെ കളക്ടർ സമ്മതിച്ചെങ്കിലും പദ്ധതി നടപ്പിലായിരുന്നില്ല. ഒന്നാം ഘട്ടമായി ളാഹ മുതൽ പമ്പ വരെയുള്ള വനവാസികൾക്ക് ളാഹ മഞ്ഞത്തൊട്ടിൽ കൃഷി ഭൂമി നൽകണമെന്ന ധാരണ റാന്നി വനം വകുപ്പ് അട്ടിമറിക്കുകയായിരുന്നു. എന്നാൽ ആകെ 10 ഏക്കർ ഭൂമി മൊത്തമായി നൽകാമെന്ന നിലപാടിലാണ് ഇപ്പോൾ ഡി എഫ് ഓ.
വനാവകാശ നിയമം അട്ടിമറിക്കാൻ ശ്രമം:
വനാവകാശ നിയമം അട്ടിമറിക്കാൻ സർക്കാർ ഇപ്പോൾ പുതിയ ന്യായങ്ങൾ നിരത്തുകയാണ്. രണ്ടു തലമുറയായി വനവാസികളായി ജീവിക്കുന്നവർക്ക് മാത്രമേ വനാവകാശ നിയമ പ്രകാരമുള്ള ഭൂമി ലഭിക്കൂ എന്നതാണ് ഒരു നിലപാട്. എന്നാൽ ഈ പ്രദേശത്തെ വനവാസികളുടെ ഉല്പത്തി മുതൽ ഇന്നുവരെ വനവാസികളായി തന്നെ കഴിയുകയാണ്. ശബരിമല വനാന്തർ ഭാഗത്തു താമസിക്കുന്ന വനവാസികൾ നൊമാഡിക് വിഭാഗത്തിലുള്ളവരാണെന്നാണ് രണ്ടാമത്തെ ന്യായം. എന്നാൽ ഇവർ ശബരി മല വനാന്തർ ഭാഗത്തിന് വെളിയിൽ ഇത് വരെ വാസസ്ഥാനം ഉണ്ടാക്കിയിട്ടില്ല. ഇവർ താമസ സ്ഥലങ്ങൾ മാറുന്നത് കാലാവസ്ഥ വ്യതിയാനമനുസരിച്ചു ശുദ്ധ ജലവും, വന വിഭവങ്ങളും ലഭിക്കുന്നതിന് വേണ്ടിയാണ്. ഇവരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ സ്ഥിര താമസക്കാരായി മാറുകയുള്ളൂ. കൃഷിക്കും ആവാസ വ്യവസ്ഥ ഒരുക്കുന്നതിനുമായി ഭൂമിയുടെ ലഭ്യത യാഥാർഥ്യമാകുമെന്നു കരുതിയിരുന്ന വനവാസികൾക്കു മന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം കടുത്ത നിരാശയാണ് സമ്മാനിച്ചത്.
വനവാസികൾ കോടതിയിലേക്ക്:
2006 ലെ വനാവകാശ നിയമപ്രകാരം ശബരിമല വനാന്തർ ഭാഗത്തെ വനവാസികൾക്കു ഭൂമി ലഭിക്കുന്നതിനായി കേരള സർക്കാർ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും വൈദ്യുതി ലഭിക്കുന്നതിന് പോലും വനം വകുപ്പ് നിരന്തരം തടസ്സം സൃഷ്ടിക്കുകയാണെന്നും ആദിവാസി ഐക്യ വേദി ആരോപിച്ചു. ഭൂമി ലഭ്യമാക്കുന്നതിന് നിരവധി അപേക്ഷകൾ സമർപ്പിച്ചു. പക്ഷെ സർക്കാർ തീരുമാനം അനുകൂലമല്ല. ഇത് വനവാസികളുടെ നിലനിപ്പിനെ ബാധിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങൾ കാണിച്ചു കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് വനവാസികൾ. വനാവകാശ നിയം നടപ്പിലാക്കണമെന്ന ആവിശ്യം ചൂണ്ടിക്കാണിച്ചു കോടതിയെ സമീപിക്കുമെന്ന് ആദിവാസി ഐക്യ വേദി സംസ്ഥാന ഉപാധ്യക്ഷൻ പി എസ് ഉത്തമൻ അറിയിച്ചു.
No comments: