മനം നിറയുന്ന മനോഹരമായ ഒരു പൂന്തോട്ടം പോലെ ചേനയും ചേമ്പും മണ്ണിനു മുകളിൽ വിവിധ വർണങ്ങളിൽ നിരനിരയായി നിന്ന് നിങ്ങൾക്ക് നമസ്തേ പറയുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ

വിത്തിട്ടു വളമേകി വെള്ളം തൂകി കായ് കനികൾക്കായി കാത്തിരിക്കുകയല്ല. ഒറ്റ നോട്ടത്തിൽ കൺചിമിഴിൽ സന്തോഷാശ്രുക്കൾ പൊഴിപ്പിക്കുന്ന ഒരുജ്വല പ്രകൃതി ഖണ്ഡം തീർക്കുകയാണ് വടശേരിക്കര തലച്ചിറ എസ് എൻ ഡി പി സ്‌കൂളിലെ കൊച്ചു മിടുക്കന്മാർ.

മനം നിറയുന്ന  മനോഹരമായ ഒരു പൂന്തോട്ടം പോലെ ചേനയും ചേമ്പും മണ്ണിനു മുകളിൽ വിവിധ വർണങ്ങളിൽ നിരനിരയായി നിന്ന് നിങ്ങൾക്ക് നമസ്തേ പറയുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ആ ഒറ്റ കാഴ്ചയിൽ ആരെങ്കിലും അവറ്റകൾക്കു സാഷ്ടാംഗ നമസ്കാരം ചെയ്താൽ അവരെ കുറ്റം പറയാൻ കഴിയുമോ? അത്ര മനോഹരമായാണ് കുട്ടിക്കുരുന്നുകൾ കൃഷി ഇറക്കിയിരിക്കുന്നത്. പരിമിതമായ സ്ഥലം മാത്രമാണ് സ്‌കൂളിനുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാനാവശ്യമായ പച്ച കറികൾ ഗ്രോ ബാഗിലും മറ്റുമായി ഉത്പാദിപ്പിച്ചു. പക്ഷെ ഗ്രോ ബാഗിലെ കൃഷി കിഴങ്ങു വർഗ്ഗങ്ങൾ വിളയിക്കുന്നതിൽ അത്ര വിജയകരമായിരുന്നില്ല.

അപ്പോഴാണ് സ്‌കൂളിലെ ആറാം ക്ലാസ്സുകാരൻ ശ്രീരാജ് യു ട്യൂബിൽ നിന്ന് പുതിയ ഐഡിയ കണ്ടു പിടിച്ചത്. ചെറിയ കാറുകളുടെ പാഴായ ടയറുകൾ വെട്ടിയെടുത്തു താമരപ്പൂ മാതൃകയിൽ മുറിച്ചു വർണങ്ങൾ തേച്ച് മണ്ണും വളവും നിറച്ചു കിഴങ്ങു വർഗ്ഗങ്ങൾ നട്ടു. ഇതിൽ വളരുന്ന ചേനയും ചേമ്പും കാച്ചിലും താരതമ്യേന വലുപ്പമേറിയതാകുമെന്നാണ് വിദഗ്‌ദ്ധരും അവകാശപ്പെടുന്നത്.  മാത്രമല്ല ധാരാളം തവണ വിളവെടുക്കാം. മച്ചിലും മതിലിലും സ്വസ്ഥമായിരിക്കുകയും ചെയ്യും.

ശ്രീരാജിന് കൂട്ടായി ആറിലും ഏഴിലും പഠിക്കുന്ന കാർത്തികേയൻ, നവനീത് എന്നീ കൂട്ടുകാരും കൂടി. അങ്ങനെ ലോക് ഡൗൺ അവധി എല്ലു മുറിയെ പണിത് അവർ ആഘോഷമാക്കി. ആവശ്യമായ നിദ്ദേശങ്ങളും  സഹായങ്ങളും പി ടി എ പ്രസിഡണ്ട് എസ് സജീവ് കുമാറും മുൻ പ്രസിഡണ്ട് കെ വി സജിയും നൽകി. പണച്ചിലവ് ജൈവ വൈവിധ്യ പാർക്ക് പദ്ധതിയിൽ നിന്ന് ലഭിച്ചു. എന്തിനും ഏതിനും സ്‌കൂൾ ഒ എ ബിനോയിയും ഒപ്പമുണ്ട്. കാഴ്ചക്കാരിൽ ഏറെ കൗതുകവും, പ്രചോദനവും സൃഷ്ടിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്മാർ. സ്‌കൂൾ തുറക്കുന്നതോടെ ചങ്ങലംപരണ്ട, ഉഷമലരി, കല്ലുരുക്കി,ഞൊട്ട ഞൊടിയൻ തുടങ്ങി 71 ഇനം അപൂർവ  ഔഷധ സസ്യങ്ങളുടെ പ്രദർശന തോട്ടം ഒരുക്കുന്നതിനുള്ള ആവേശത്തിലാണ് ഇപ്പോൾ കുട്ടികൾ. കണ്ടു മനം നിറയാൻ സ്നേഹ നിധികളായ നാട്ടുകാരും.

No comments:

Powered by Blogger.