പരിശീലനം ലഭിച്ച കാട്ടാനകൾ തന്നെയാണ് കുങ്കിയാനകൾ. ഏതു നിമിഷവും വന്യജീവി മനഃസാന്നിധ്യത്തിലേക്കു ഇവ എത്തി ചേരും.

കുഞ്ചു കുങ്കി പിണങ്ങി: പാപ്പാന് പുതു ജീവൻ

ഉച്ചയോടെയാണ് സംഭവം.  കടുവയെ പിടിക്കുന്ന കിടുവയായി വയനാട്ടിൽ നിന്ന് വടശേരിക്കരയിലേക്കു കൊണ്ടുവന്നതാണ് കുഞ്ചു എന്ന കുങ്കിയാനയെ.  ആള് കട്ടകലിപ്പനാണ്. നമുക്ക് നമ്മുടെ കോന്നി സുരേന്ദ്രനും, സോമനും ഒക്കെ ഉണ്ടായിട്ടും കുഞ്ചുവിനെ എത്തിക്കാൻ കാരണം കടുവാ പിടയനായതുകൊണ്ടാണ്. അവന്റെയൊരു തിരയനക്കവും, ചിഹ്നവും, തലയാട്ടും മതി ഏതു കടുവയും മാളത്തിലൊളിക്കും.

വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ആഫീസ് കാമ്പൗണ്ടിൽ കുഞ്ചുവിനെ കെട്ടി ഇട്ടിരിക്കുകയായിരുന്നു. ചരിഞ്ഞു കിടന്നിരുന്ന ഇഷ്ടന്റെ പുറത്ത് മുരുകൻ എന്ന പാപ്പാനെ കൂടാതെ മറ്റൊരാളും കയറി. പക്ഷെ പുള്ളിക്കതത്ര അങ്ങ് പിടിച്ചില്ല. ആദ്യം കുതറിയ കുങ്കി ആനയുടെ മുകളിൽ നിന്ന് ഒരാൾ തെറിച്ചു പിന്നിലേക്ക് വീഴുകയും ഓടി മാറുകയും ചെയ്തു.  തുടർന്ന് വേഗം എഴുന്നേറ്റ കുഞ്ചു പുറത്തിരുന്ന മുരുകനെ കുടഞ്ഞെറിഞ്ഞു.  മുന്നിലേക്ക് തെറിച്ചു വീണ ഇയാളെ തുമ്പിക്കൈ കൊണ്ട് സമീപത്തേക്കു വലിച്ചിടുകയും കാലു കൊണ്ട് തട്ടുകയും ചെയ്തു.  സ്വല്പ ദൂരം മുന്നിലേക്ക് തെറിച്ചു വീണ മുരുകന് നേരെ കുഞ്ചു നീങ്ങിയതോടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ബഹളം വക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്തു. ഈ സമയത്തു മുരുകൻ കഴിയുന്ന രീതിയിൽ നിലത്തു കിടന്ന് ഉരുണ്ടു മാറി കുഞ്ചുവിന്റെ ചങ്ങല പരിധിക്കു വെളിയിലായി.  ഒന്ന് കുടഞ്, കുതറി, ചിഹ്നം വിളിച്ചു ജ്വലിച്ചടങ്ങി.  പിന്നെ കുളിയോടു കുളി.

തമിഴ്‌നാട് സ്വദേശിയായ ആനപ്പാപ്പാൻ മുരുകനെ (36) നട്ടെല്ലിന് പരിക്കേറ്റ് പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. വയനാട്ടിൽ നിന്നെത്തിയ സംഘത്തോടൊപ്പം എത്തിയ മുരുകൻ പാലക്കാട് ചിറ്റൂരാണ് താമസം. അപകട നില തരണം ചെയ്തെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്തായാലും വനം വകുപ്പ് സമയോചിതമായി ഇടപെട്ടതോടെ ദുരന്തം ഒഴിവായി.

പരിശീലനം ലഭിച്ച കാട്ടാനകൾ തന്നെയാണ് കുങ്കിയാനകൾ.  ഏതു നിമിഷവും വന്യജീവി മനഃസാന്നിധ്യത്തിലേക്കു ഇവ എത്തി ചേരും. പഠിപ്പിച്ച ചിട്ട വട്ടങ്ങലൊന്നുമല്ല, തന്റെ ഇഷ്ടത്തിന് മാത്രമാണ് കുങ്കികളുടെ നിയമാവലി. അതീവ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ അപകട സാധ്യത പതിയിരിക്കുന്ന പ്രക്രിയയാണ് ഇവയോടൊപ്പമുള്ള ഇടപഴകൽ.  ഇപ്പോഴാണ് കുങ്കികൾ എന്ന് വിളിക്കുന്നത്.  പണ്ട് ഇവർ താപ്പാനകൾ എന്നാണ് അറിയപ്പെട്ടിരുന്നത്

satheesh kumaar r 

No comments:

Powered by Blogger.