മുടിഞ്ഞോളെ... ക്ഷമിച്ചു ക്ഷമിച്ചു ഞാൻ നെല്ലിപ്പലക വരെ കണ്ടു... ങാ പറഞ്ഞേക്കാം

"ക്ഷമിച്ചു ക്ഷമിച്ചു ഞാൻ നെല്ലിപ്പലക വരെ കണ്ടു"

ഒരു പക്ഷെ പണ്ട് കാലത്ത് നാം ഏറെ പറഞ്ഞു കേട്ട ഒരു ചൊല്ലാണിത്. ഒരു നെഗറ്റീവ് മീനിങ്. അമ്മായിഅമ്മ മാരാണ് ഇത് കൂടുതലും ഉപയോഗിക്കുക. "ക്ഷമയുടെ നെല്ലിപ്പലക" എന്ന് ജീവതിത്തിലൊരിക്കലെങ്കിലും പറയാത്ത 40 തികഞ്ഞ മലയാളികൾ ഉണ്ടാകില്ല. പക്ഷെ ഒരിക്കലും ആരും ചോദിച്ചു കേട്ടില്ല എന്താണീ ക്ഷമയുടെ നെല്ലിപ്പലക. 

ഉമ്മറത്തു കിണ്ടിയിൽ കാലും കയ്യും മുഖവും കഴുകാൻ വാലുള്ള കിണ്ടിയിൽ വെള്ളം വക്കുമായിരുന്നു. കിണ്ടിയിലിരിക്കുന്ന വെള്ളം ആന്റി സെപ്റ്റിക്ക് ആയിരുന്നെന്നു പുതുതലമുറയെ പഠിപ്പിക്കാൻ കൊറോണ വരേണ്ടി വന്നു. സന്ധ്യക്ക്‌ തുണി അലക്കരുതെന്നു പറയുമായിരുന്നു.  തുണി അലക്കുന്ന സ്ഥലത്തു തണുപ്പ് പറ്റി ഉരഗങ്ങൾ വന്നിരിക്കാം. സന്ധ്യക്ക്‌ കൂടണയുന്ന ജീവികൾക്ക് ശബ്ദം ഒരു പ്രശ്നമായിരുന്നിരിക്കാം.  അങ്ങനെ പഴയ ആചാരങ്ങൾക്ക് ഒരർഥമുണ്ടായിരുന്നു.

അങ്ങനെ ഒന്നാണ് നെല്ലിപ്പലക.  ആദ്യം കൈക്കും, പിന്നെ മധുരിക്കും അതാണല്ലോ നെല്ലി.  നെല്ലിയുടെ കായ, ഇല, വേര്, തൊലി, വേര്, എല്ലാം ഔഷധമാണ്. നെല്ലിയുടെ തടി ദീർഘനാൾ വെള്ളത്തിൽ കിടന്നാൽ വെള്ളത്തിന്‌ ഒരു വിദൂര മധുരവും, കുളിർമയും, ശുദ്ധിയും കിട്ടും.  ഇങ്ങനെ കുടി വെള്ളത്തെ ശുദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണ് "നെല്ലിപ്പലക"

കിണര്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഏറ്റവും അടിത്തട്ടിലെ ചുറ്റളവ് കണക്കാക്കും. അന്ന് എവിടെ കിണർ കുഴിക്കണം, എവിടെ കുഴിച്ചാൽ വെള്ളം കിട്ടും എന്നൊക്കെ മൂത്താശാരിമാർ നിശ്ചയിക്കും. ഉപരിഭാഗത്ത് എത്ര വിസ്തീർണം ഉണ്ടാകും, മധ്യ ഭാഗത്ത് എത്ര വിസ്തീർണം ഉണ്ടാകും. അടിഭാഗത്ത് എത്ര ഉണ്ടാകും എന്നെല്ലാം മൂത്താശാരി നേരത്തെ പറയും.  കുഴിച്ചു കൊണ്ടിരിക്കുമ്പോൾ ഓരോ ദിവസവും വരും. "ഇനി പത്തടി കൂടെ താഴണമെല്ലോ ഭഗവാനെ" എന്ന് ആത്മഗതം പറയും. കിണർ കുഴിച്ചു തീരുമ്പോഴേക്കും നെല്ലി പലക കൊണ്ട് കിണറിന്റെ അടിഭാഗത്തെ വിസ്തീർണത്തിൽ ഒരു ചട്ടം ഉണ്ടാക്കും. വെള്ളം കണ്ടു കഴിഞ്ഞു അത് ആദ്യം ഇറക്കി വക്കും. പിന്നീടാണ്, ചുണ്ണാമ്പു കൊണ്ട് ശുദ്ധീകരിച്ചു നിവേദ്യമായി പഴക്കുലയും പൂവും, ചന്ദനവും, പനിനീരും ഒക്കെ കുടയുന്നത്. നെല്ലിപ്പലകക്കിടയിലൂടെ  ഊർന്നാണ് വെള്ളം എത്തുക.  അതായത് നെല്ലി പ്പലകക്കു മുകളിലാണ് കിണറ്റിലെ വെള്ളം കിടന്നിരുന്നതെന്നു സാരം. ആ ചട്ടത്തിനാണ് "നെല്ലിപലക" എന്ന് വിളിച്ചിരുന്നത്. 

അതായത് നെല്ലിപ്പലകക്കു താഴേക്കു പോകാൻ ഇടമില്ലെന്നു സാരം.  അതിനു താഴേക്കു പോയാൽ സ്വയം പാതാളത്തിലേക്കെന്നാണ് വയ്പ്പ്.  എന്റെ ക്ഷമ അത് വരെ എത്തി.  ഇനി ഞാൻ ക്ഷമിച്ചാൽ ഞാൻ തന്നെ ഇല്ലാതായി പോകും.  അതുകൊണ്ടു നീ ഇനി സൂക്ഷിച്ചോ. ഞാനെന്തും ചെയ്തുകളയും എന്ന് സാരം. 

അങ്ങനെ നെല്ലിപ്പലക നിർമിക്കുന്ന ഒരു മൂത്താശാരിയാണ് ചിത്രത്തിൽ.  ചിത്രത്തിൻറെ കടപ്പാട് ഫെയ്‌സ് ബുക്കിനോടാണ്. എടുത്ത ആളിനെ അറിയില്ല.  ബാലൻ ആചാരി എന്നാണ് ഈ മഹത് വ്യക്തിയുടെ പേര്.  അദ്ദേഹം പരമ്പരാഗതമായി നെല്ലിപ്പലക പണിയുന്ന കുടുംബത്തിലെ ഇപ്പോഴത്തെ കാരണവർ ആണ്. ഇത് ഈ വർഷത്തെ നാലാമത്തെ നെല്ലിപ്പടി ആണത്രേ നാം കാണുന്നത്. ഇപ്പോഴും ആവാഴയക്കാർ ഉണ്ട്.

Satheesh Kumar R

No comments:

Powered by Blogger.