കന്യാസ്ത്രീയുടെ തിരു വസ്ത്രത്തിൽ കറ ഒഴിക്കുന്നവർ

"തുരുതുരാ ചുംബിച്ചു. അപ്രതീക്ഷിത നീക്കത്തിൽ ഞാൻ അല്പസമയം നിശ്ചലയായി. എന്നെ അദ്ദേഹം ഗാഢമായി കെട്ടിപ്പുണർന്നു. അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി. എത്ര സമയം അത് തുടർന്നെന്ന് എനിക്കോർമ്മയില്ല. എന്നിലേക്ക്‌ ഇരച്ചുകയറിവന്ന വികാരത്തെ അടക്കാനുള്ള  ഉൾവിളി എന്നിലുണ്ടായി".  ഇത് ഒരു സിനിമാ നടിയുടെ ആത്മകഥയല്ല. ഒരു വൈദികൻ ഒരു കന്യാസ്ത്രീയോട്‌ പെരുമാറിയതിന്റെ നേർ ചിത്രമാണ്. വൈദിക വൃത്തിയിൽ നിറയെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കന്യാ സ്ത്രീ രചിച്ച പുസ്തകത്തിന്റെ, പുറം 162 ൽ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങളാണ്.

ഡി സി ബുക്ക്സ് പബ്ലീഷ് ചെയ്യുന്ന "കർത്താവിന്റെ നാമത്തിൽ" എന്ന പുസ്തകം രചിച്ചത്  സിസ്റ്റർ ലൂസിയ ആണ്. അതെ പേജിൽ തന്നെ അവർ കന്യാ സ്ത്രീകളുടെ നയം വ്യക്തമാക്കുന്നുമുണ്ട്. "പരസ്പരം താല്പര്യമുള്ള വൈദികരും കന്യാ സ്ത്രീകളും വിവാഹം കഴിച്ച് ഒന്നിച്ചു താമസിക്കണം": പ്രസ്തുത പേജിലെ അവസാന പാരഗ്രാഫിലെ ആദ്യ വാചകമാണിത്.

ക്രൈസ്തവ പൗരോഹിത്യത്തിൽ ബ്രഹ്മചര്യത്തിന് എത്ര പ്രാധാന്യമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ അധികം എഴുത്തുകളൊന്നുമില്ല. ബ്രാഹ്മചര്യം പ്രാധാന്യമായി എടുക്കുന്നത് ഹൈന്ദവ ദർശനങ്ങളും അതിനോട് ചേർന്ന് നിൽക്കുന്ന ബുദ്ധ മതം പോലുള്ള ശാഖകളും ആണ്.  യേശു ക്രിസ്തു വിവാഹം കഴിച്ചിട്ടില്ലെങ്കിലും വംശ പരമ്പരയാണ് ബൈബിളിന്റെ കാതൽ. "തേജോ അസി തേജോ മയീ ദേഹീ! ഓജോ അസി ഓജോ മയീ ദേഹി! വീര്യം അസി വീര്യം മയീ ദേഹി!, ബലം അസി ബലം മയീ ദേഹീ!" അതായത് ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് ഓജസ്സും, തേജസ്സും വർദ്ധിക്കുന്നു. ഈ ഒരർത്ഥത്തിലേ അല്ല സെമിറ്റിക് മതങ്ങളിൽ ബ്രഹ്മചര്യത്തെ കാണുന്നത്. അത് പലപ്പോഴും ഒരു ഫയേഷനാണ്.  പുറത്തു കാണുന്ന ബ്രഹ്മചര്യ യാഥാർഥ്യമാണ് അകത്തിരിക്കുന്ന സാക്ഷാകാരങ്ങൾ.

"കർത്താവിന്റെ നാമത്തിൽ" സിസ്റ്റർ ലൂസി കളപ്പുര ചോദിക്കുന്നതും ഇത് തന്നെയാണ്. ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നത് നിര്ബന്ധമില്ലാത്ത ഒരു ഡിസിപ്ലിനിൽ എന്തിനാണ് അത് അടിച്ചേൽപ്പിക്കുന്നത്. വൈദികരും കന്യാ സ്ത്രീകളും ജീവിതകാലം മുഴുവൻ ഒരു പക്ഷെ ഒന്നിച്ചിടപഴകുന്നവരാണ്. ക്രൈസ്തവരിൽ ചില വിഭാഗങ്ങളിൽ വൈദികർക്ക്  വിവാഹമാകാം.  എന്നാൽ ഒരു വിഭാഗത്തിലും കന്യാ സ്ത്രീക്ക് വിവാഹിതരായിക്കൂടാ.  ഇത് ഒരു തരം വിവേചനം തന്നെയാണ്. ഇനി ഇത് തെറ്റാണെന്നാണ് വാദമെങ്കിൽ വൈദിക കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരല്ലേ ബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത്.  കന്യാ സ്ത്രീകൾ വിവാഹം കഴിച്ചാൽ കന്യകാത്വം നഷ്ടപ്പെടുമെന്ന വാദവും തെറ്റല്ലേ.  കന്യകാ മറിയം കന്യക തന്നെയായിരുന്നല്ലോ.  ഇത്തരം വാദങ്ങളിലേക്കാണ് സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം അരങ്ങിൽ അവതരിക്കപ്പെടുന്നത്.

വൈദിക മുറി മണിയറയാകുന്നതിലെ വൈരുധ്യം കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു ഉൾക്കൊള്ളാൻ സഭക്കും സംവിധാനങ്ങൾക്കും കഴിയണമെന്നാണ് സിസ്റ്റർ ലൂസി പറയുന്നത്.  അതിനു സഭക്ക് കഴിഞ്ഞില്ലെങ്കിൽ ബലാൽ സംഗങ്ങളെന്ന പേരിൽ ഇത്തരം സംഭവങ്ങൾ അനുദിനം വന്നു കൊണ്ടേ ഇരിക്കും.  സഭക്കുള്ളിലുള്ളത് ഒരു ഫ്രാൻകോ മുളക്കൽ മാത്രമല്ല.  എന്നാൽ ഇത്തരം പ്രവൃത്തികളെ റെഗുലറൈസ് ചെയ്യുമ്പോൾ സഭയുടെയും, തിരുവസ്ത്രത്തിന്റെയും വിശുദ്ധി ഏതു  നിലയിലേക്ക് സമൂഹത്തിൽ പ്രചരിക്കപ്പെടും എന്ന് കൂടി ചിന്തിക്കണം.

ക്രൈസ്തവ പൗരോഹിത്യ മേഖലയിൽ വലിയ ചർച്ചകൾക്ക് സാധ്യതയുള്ള എഴുത്തായിരിക്കും കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം.  സിസ്റ്റർ ലൂസി അനുഭവിച്ച മനുഷ്യാവകാശ ലന്ഘനങ്ങൾ അപ്പാടെ പുസ്തകത്തിൽ വരച്ചു കാട്ടുന്നുണ്ട്.  "പതിന്നാലു ക്യാമറകൾ മാടത്തിലാകെ സ്ഥാപിച്ചു. വാതിലുകൾക്കു മുന്നിൽ, ഭക്ഷണ ശാലയിൽ, വരാന്തകളിൽ, കിടപ്പു മുറിക്കു മുന്നിൽ, അടുക്കളയിൽ എന്തിനു ഞാനുപയോഗിക്കുന്ന കക്കൂസിനു മുന്നിലും ക്യാമറകൾ സ്ഥാപിച്ചിരുന്നു": പുറം 138. ശരിക്കും അത് മഠം തന്നെയാണോ?  ആർക്കാണ് കന്യാസ്ത്രീകളെ ഇത്ര മോണിറ്റർ ചെയ്തു മര്യാദ പഠിപ്പിക്കേണ്ടത്?  അവരുടെ ഉദ്ദേശം എന്താണ്.  അന്യ മതസ്ഥർ അച്ചന്മാർക്കു കൊടുക്കാത്ത മാന്യത കന്യാ സ്ത്രീകൾക്ക് കൊടുക്കുന്നുണ്ടല്ലോ.

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോൾ ഇന്ത്യയുടെ മനുഷ്യാവകാശ വിഷയങ്ങളുടെ പട്ടിക തായ്യാറാക്കുകയും അത് മീഡിയയുടെ മുന്നിൽ വിളമ്പുകയും ചെയ്യുന്ന വിദേശ ഏജൻസികളും ഇത്തരം സംഭവങ്ങളൊന്നും കാണുന്നില്ല.  സ്വന്തം സമൂഹത്തിലെ നിർദ്ധനരായ സ്ത്രീകൾക്കില്ലാത്ത വേദന അന്യന്റെ വേലി പൊളിച്ചു പൊക്കുന്നവർക്കുണ്ടാകുമോ എന്നത് ഒരു കുസൃതി ചോദ്യം തന്നെയായി അവശേഷിക്കുന്നു.

സിസ്റ്റർ ലൂസി കളപ്പുര, കർത്താവിന്റെ നാമത്തിൽ (ഒരു കന്യാ സ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകൾ) എന്നാണു പുസ്തകത്തിന്റെ കവർ പേജിലുള്ളത്.  ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  വില 250 രൂപ

No comments:

Powered by Blogger.