പത്തു സെന്റും വീടുമുണ്ട്. പക്ഷെ വീട്ടിൽ കയറാൻ അനുവദിക്കില്ല

നടക്കാൻ വഴിയില്ല: റാന്നി പെരുനാട്ടിൽ വീടുപേക്ഷിച്ച് പ്രായമായ വിധവ
ജീവിതത്തിലാകെയുള്ള സമ്പാദ്യമായ പത്തു സെന്റ് വസ്തുവും അതിലുള്ള ചെറിയ കൂരയും ഉപേക്ഷിച്ച് അഞ്ചു വർഷമായി വയോധികയും,  പിന്നോക്ക വിഭാഗത്തിൽ പെട്ടതുമായ അമ്മയും, മകനും മല മുകളിൽ വാടകക്ക് താമസിക്കുന്നു.  റാന്നി, പെരുനാട് നെടുമണ്ണ്, മുല്ലക്കൽ വീട്ടിൽ രാധാമണിയാണ് കൊടിയ മാനസിക ശാരീരിക പീഡനങ്ങൾക്കു വിധേയയായി വീടുപേക്ഷിച്ചു പോയത്. ശബരിമല പാതയിൽ ഏതാനും മീറ്ററുകൾക്കുള്ളിലാണ് വീട്.  രാധാമണിയുടെ വീടിനു തൊട്ടു മുൻപുള്ള പാരൂർ വീട്ടിൽ, സുധാകരൻ ആണ് ആധാരത്തിൽ രേഖപെടുത്തിയിട്ടുണ്ട് എന്ന് പറയുന്ന വഴി വർഷങ്ങളായി കൊട്ടിയടച്ചിരിക്കുന്നത്.  തർക്കത്തെ തുടർന്ന് സുധാകരൻ രാധാമണിയെ കായികമായി ആക്രമിച്ചിരുന്നു.  ഇതിനെതിരെ പെരുനാട് പോലീസ് സ്റ്റേഷനിൽ കേസ് നൽകിയെങ്കിലും സ്ഥലത്തെ കോൺഗ്രസ്സ് നേതാവ് ഇടപെട്ടു കേസ് ഒതുക്കി. വിധവയായ ഒരു വയോധികയെ ക്രൂരമായി ആക്രമിച്ചു പരിക്ക് പറ്റി ദിവസങ്ങൾ ആശുപത്രിയിൽ കിടന്നിട്ടും സുധാകരനെ പോലീസ് അറസ്റ്റു ചെയ്തില്ല.   തുടർന്ന് രാധാമണി വനിതാ സെല്ലിൽ പരാതി നൽകി. എന്നാൽ തുടർച്ചയായ മൂന്നു തവണ വനിതാ സെല്ലിൽ ഹാജരായിട്ടും സുധാകരനും കൂട്ട് പ്രതികളും എത്തിയില്ല. മുകളിൽ നിന്ന് വിളിച്ചത് കൊണ്ട് തങ്ങൾ നിസ്സഹായരാണെന്നാണ് വനിതാ സെല്ലിൽ നിന്ന് കിട്ടിയ ഉപദേശം.  ഇതിലും കോൺഗ്രസ്സ് ഉന്നതന്റെ സമ്മർദ്ദമുണ്ടാകുകയും വനിതാ സെൽ കേസ് മടക്കി വക്കുകയും ചെയ്തു.  കോടതിയിൽ കേസ് നടത്താൻ രാധാമണിയമ്മക്ക് നിലവിൽ സാഹചര്യമില്ല.  കോടതിയിൽ വന്ന കേസ് ആകട്ടെ വഴി നൽകാമെന്ന വ്യവസ്ഥയിൽ പിൻവലിക്കാൻ സമ്മദം ചെലുത്തി.  അവസാനം ഭീഷണി പ്പെടുത്തി കോടതി വ്യവഹാരങ്ങൾ ആ പാവം 'അമ്മ പിൻവലിച്ചു.

നടവഴിയിലൂടെ വീട്ടിലേക്കു കയറാൻ ചെന്നാൽ കൊന്നു കളയുമെന്ന ഭീഷണിയെ തുടർന്നാണ് വീട് ഉപേക്ഷിച്ചു പോയത്.  കഴിഞ്ഞ അഞ്ചു വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്.  "അവരുമായി തർക്കം തുടർന്നാൽ അവരെന്റെ മകനെ കൊന്നു കളയും. എനിക്ക് വീടും വേണ്ട, വസ്തുവും വേണ്ട, എന്റെ കുഞ്ഞിനെ കൊലക്കു കൊടുക്കാൻ എനിക്ക് വയ്യ. അന്നവരെന്നെ അടിച്ചപ്പോൾ അവൻ ഇടയ്ക്കു ചാടി വീണതാണ്. എനിക്ക് പേടിയാണ്. എന്തും ചെയ്യാൻ അവർ മടിക്കില്ല". ആ വയോധികയായ വിധവയുടെ വാക്കുകൾ ഏതു കഠിന ഹൃദയനെയും കണ്ണീരണിയിക്കും.  

കൂലിപ്പണി എടുത്താണ് രാധാമണിയമ്മ ജീവിക്കുന്നത്. വെട്ടാനും, കിളക്കാനും ഒക്കെ വീടുകളിൽ പോകും.  വിശ്വകർമ്മ വിഭാഗത്തിൽ ഉൾപ്പെടുന്ന  രാധാമണിയമ്മയുടെ ഭർത്താവ് 20 കൊല്ലം മുൻപ് ആന്തരിച്ചിരുന്നു. കൃഷിക്കും വീടിനും ഒക്കെയുള്ള ആയുധങ്ങൾ നിർമിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്.  മകന് ഒരു ചെറിയ ജോലി ഉണ്ട്.  വാടക കൊടുത്ത് ജീവിക്കേണ്ടതുകൊണ്ടു അവന്റെ വരുമാനം മാത്രം തികയാതെ വരും.  അതുകൊണ്ടാണ് ഈ പ്രായത്തിലും കൂലിപ്പണിക്ക് പോകുന്നതെന്ന് ഈ 'അമ്മ പറയുന്നു.  

വലിയ മാനുഷികാവകാശ ധ്വംസനമാണ് ഈ കുടുംബം അനുഭവിക്കുന്നത്.  പത്തു സെന്റും കിടപ്പാടവുമുണ്ടായിട്ടും അതിൽ കയറിപ്പറ്റാൻ വർഷങ്ങളായി അവർക്കു കഴിയുന്നില്ല.  വീട്ടിലേക്കുള്ള നടപ്പാക്കാതെ നിഷേധിക്കാൻ ആർക്കും അവകാശമില്ല.  ഇത്തരം കാര്യങ്ങൾ നാട്ടുകാരും, പഞ്ചായത്തു വില്ലേജ് അധികാരികളും ചേർന്ന് പരിഹരിക്കാവുന്നതാണ്. നിർധനയായ ഒരു സ്ത്രീക്ക് കോടതി വ്യവഹാരങ്ങൾ എങ്ങനെ നടത്താൻ കഴിയും. പക്ഷെ സ്ഥലത്തെ പ്രധാന കോൺഗ്രസ്സ് നേതാവാണ് ഇതിനു തടസ്സം നിൽക്കുന്നത്.  വിഷയത്തിൽ അടിയന്തിരമായി ജില്ലാ കളക്ടറും, വനിതാ കമ്മീഷനും ബന്ധപ്പെട്ട അധികാരികളും ഇടപെടണം. വലിയ നീതി നിഷേധമാണ് നടക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിയുന്നത്.  മസിൽ പവർ ഉപയോഗിച്ച് ഒരു വയോധികയെ ക്രൂരമായി വർഷങ്ങളായി പീഡിപ്പിക്കുകയാണ്. നാല്പതോളം വർഷമായി അവർ കൈവശം വച്ചിരിക്കുന്ന പത്തു സെൻറ് ഭൂമിയിലേക്ക് നടവഴി അനുവദിക്കണം. ഇതെന്തു വ്യവസ്ഥയാണ്.

ഇപ്പോഴത്തെ ജില്ലാ കളക്ടറിൽ പെൻ ഇന്ത്യ ന്യുസിനു വിശ്വാസമുണ്ട്.  അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വിഷയം എത്തുമെന്ന് വിചാരിക്കുന്നു.

No comments:

Powered by Blogger.