എല്ലാ ബോളും സിക്സറ് പായിക്കാൻ കഴിവുള്ള പോരാളിയാണ് സുരേന്ദ്രൻ
കോന്നിയിൽ കെ സുരേന്ദ്രൻ തന്നെ മുന്നിൽ.കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്നു എന്ന അവസ്ഥ പോലും ഏതാണ്ട് മാഞ്ഞ മട്ടുണ്ട്. മണ്ഡലത്തിലെ പഴയ അനുഭവം വച്ചാണ് നിഗമനങ്ങളെല്ലാം ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ സത്യം വിദൂരത്താണ്. കെ യു ജനീഷ് കുമാറിന് മലയോര മേഖലകളിൽ പ്രചാരണത്തിൽ ശക്തമാണെന്ന് അവകാശപ്പെടാം. എന്നാൽ വോട്ടിങ്ങിൽ ഇത് പ്രതിഫലിക്കാൻ തക്കവണ്ണം യാതൊരു സൂചനകളും ലഭിക്കുന്നില്ല. ചില ഔദോഗിക നിഗമനങ്ങൾ പോലും ഇടതു പക്ഷത്തിന്റെ നില പരുങ്ങലിലാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. യു ഡി എഫ് സ്ഥാനാർഥി പി മോഹൻ രാജ് മികവ് പുലർത്തുന്നത് താരതമ്യേന ടൗൺ ഭാഗങ്ങളിലാണ്. അവിടെയും വോട്ടിങ്ങിൽ സാരമായ വിള്ളലുകൾ ഉണ്ടാകാം. പാർട്ടിയിലെ പടല പിണക്കങ്ങൾ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ മണ്ഡലത്തിലുടനീളം വലിയ ആവേശം പടർത്തുന്നു എന്നത് വസ്തുതയാണ്. ഇന്ന് മലയാലപ്പുഴ, കോന്നി പഞ്ചായത്തുകളിൽ ലഭിച്ച സ്വീകരണം ഒരുദാഹരണമാണ്. പ്രചാരണ വിഷയങ്ങളിൽ ഉണ്ടായിരുന്ന അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞു എന്നുള്ളത് മറ്റൊരു നേട്ടമാണ്. ബി ജെ പി പാളയത്തിൽ വിവര വിതരണവും സ്‌ക്വാഡ് പ്രവർത്തനങ്ങളും നന്നായി നടക്കുന്നുണ്ട്. ഒരു പക്ഷെ വോട്ടർമാരെ നേരിൽ കാണുകയും സംവദിക്കുകയും ചെയ്യുന്ന വിഷയത്തിൽ സി പി എമ്മിന് ഇത്രയധികം വെല്ലുവിളി മുൻപെങ്ങുമുണ്ടായി കാണില്ല.
കുമ്മനം രാജ ശേഖരൻ, പി എസ് ശ്രീധരൻ പിള്ള, തുഷാർ വെള്ളാപ്പള്ളി, സുരേഷ് ഗോപി, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, ടി പി സെൻകുമാർ തുടങ്ങി ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള നേതാക്കൾ മണ്ഡലത്തിൽ ദിവസങ്ങൾ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രൊഫസ്സർ വി ടി രമ ജില്ലയിലെ മുഴുവൻ മഹിളാ പ്രവർത്തകരെയും രംഗത്തിറക്കിയുണ്ട്.
വിശ്വാസവും, വികസനവുമാണ് ബി ജെ പി യുടെ മുദ്രാവാക്യം. വിശ്വാസം ശബരിമലയിലേക്കും, വികസനം മോദിയിലേക്കുമാണ് ചൂണ്ടുന്നത്. മോദിയുടെ ഭരണത്തോട് സാധാരണക്കാർക്ക് ഒരെതിർപ്പുമില്ല. പ്രത്യേകിച്ചും പ്രവാസികൾ ധാരാളമുള്ള ഒരു സ്ഥലമാണ് കോന്നി. അന്നന്നത്തെ അന്നം തേടുന്നവർക്ക് നോട്ടു നിരോധനം ഒരു തരത്തിലും ബാധിച്ച ഒന്നല്ല.
ഈഴവ വിഭാഗം ഔദ്യോഗികമായി തന്നെ കെ സുരേന്ദ്രനൊപ്പമുണ്ട് എന്ന വ്യക്തമായ സൂചന നൽകാനാണ് തുഷാർ വെള്ളാപ്പള്ളിയിൽ നിന്ന് തന്നെ പ്രചാരണത്തിന് തുടക്കമായത്. എൻ എസ് എസ്സിന്റെ ചില ഔദ്യോഗിക നിലപാടുകൾ ചില ഇടങ്ങളിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് എന്ന വാർത്തകളും പുറത്തു വരുന്നു. എൻ എസ് പരസ്യ പിന്തുണ നൽകാത്തത് എൻ ഡി എ ക്കു അനുകൂലമായി വരും. ഓർത്തഡോക്സ് സഭ പരസ്യമായി കെ സുരേന്ദ്രനെ പിന്തുണക്കുന്നു. പിറവം പള്ളി ട്രസ്റ്റി ഇന്ന് പത്രസമ്മേളനം വിളിച്ചാണ് പിന്തുണ അറിയിച്ചത്. പ്രസ് മീറ്റിൽ ആർ എസ് എസ് എന്ന് പ്രത്യേകം പേരെടുത്തു പറഞ്ഞത്, അതിന്റെ പേരിൽ ഞങളെ ആരും ഉപദേശിക്കാൻ വരേണ്ട എന്ന അർഥത്തിലാണ്. അതായത് ഏറെ ആലോചിച്ചാണ് സഭ അങ്ങനെ ഒരു തീരുമാനമെടുത്തത്.
മൂവരും മികവുറ്റ സ്ഥാനാർഥികളാണെങ്കിലും, താരതമ്യേന വലിയ നേതാവെന്ന നിലയിൽ കെ സുരേന്ദ്രന് തലയെടുപ്പുണ്ട്. അത്തരത്തിൽ വലിയ വോട്ടുകളും സുരേന്ദ്രൻ സമ്പാദിച്ചേക്കും. കളത്തിൽ ഇപ്പോൾ കെ സുരേന്ദ്രൻ ബാറ്റു ചെയ്യുകയാണ്. മറ്റു രണ്ടു പേർ പന്തെറിയുകയും ഫീൽഡ് ചെയ്യുകയും മാത്രമാണ്. ബാറ്റിംഗ് ഇത്തരത്തിൽ തുടർന്ന് പോയാൽ സുരേന്ദ്രൻ തനി നിറം കാട്ടും. എല്ലാ ബോളും സിക്സറ് പായിക്കാൻ കഴിവുള്ള പോരാളിയാണ് സുരേന്ദ്രൻ. എന്തായാലും മാൻ ഓഫ് ദി മാച്ച് പ്രഖ്യാപിക്കുന്നത് വരെ സുരേന്ദ്രൻ വിശ്രമമില്ലാതെ കളി തുടരും.
No comments: