ഒരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും നടു റോഡിലിട്ട് പട്ടിയെ തല്ലുന്നത് പോലെ തല്ലുന്നു. നിരവധി പേർ അത് നോക്കിനിന്നു രസിക്കുന്നു. പോലീസ്, തല്ലിയ റാസ്കലിനെ വിളിച്ച് എണ്ണയും കുഴമ്പും തേച്ചു തടവി വിടുന്നു. നാണം കെട്ട കേരളം.
ഒരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും നടു റോഡിലിട്ട് പട്ടിയെ തല്ലുന്നത് പോലെ തല്ലുന്നു. നിരവധി പേർ അത് നോക്കിനിന്നു രസിക്കുന്നു. പോലീസ്, തല്ലിയ റാസ്കലിനെ വിളിച്ച് എണ്ണയും കുഴമ്പും തേച്ചു തടവി വിടുന്നു. നാണം കെട്ട കേരളം.
ഈ നാട്ടിൽ ഇതൊക്കെ ചോദിക്കാനും പറയാനും ആളില്ലേ? എവിടെ സി പി എം? അവിടെ കോൺഗ്രസ്? എവിടെ ബി ജെ പി? എവിടെ സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ്? എവിടെ ഡിഫിക്കാർ, യൂത്തന്മാർ, മോർച്ചക്കാർ? എവിടെ മഹിളാ മഹിമകൾ? എവിടെ മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ? യുവജന കമ്മീഷൻ? എവിടെ സാറാ ജോസഫ്? സച്ചിദാനന്ദൻ? കമൽ? മുകുന്ദൻ?
നടുറോഡിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചു. വയനാട് ജില്ലയിലെ അമ്പലവയലിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ജീവാനന്ദിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്രേ! ഭയങ്കരം. തൂക്കിയെടുത്തു അണക്കു നാലെണ്ണം കൊടുത്ത് കൽത്തുറുങ്കിലടക്കേണ്ടവനോട് ചർച്ച. നാണമില്ലേ സാറന്മാരെ?
അതും പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. എന്നാൽ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ആര് പരാതി കൊടുക്കണം? മലയാളം എഴുതാനും വായിക്കാനും അറിയാത്ത ആ പാവങ്ങളോ? ആർക്കു പരാതി കൊടുക്കണം? ഡി ജി പി ക്കോ? നാണമില്ലാത്തതു അതിശയം തന്നെ. കുറ്റകൃത്യങ്ങൾക്ക് പരാതി കൊടുത്താലേ കേസെടുക്കൂ എന്ന് നിയമപുസ്തകത്തിലുണ്ടോ? ശബരിമല കേസിലും, കെ എസ് യു ക്കാർക്കെതിരെ ഇന്നലെ കേസെടുത്തതിലും എത്ര പരാതി കിട്ടി?
ജീവാനന്ദ് ദമ്പതികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായില്ലെങ്കിൽ കിട്ടിയത് വാങ്ങി ആ പാവങ്ങൾ പോകുമായിരുന്നല്ലോ. അത് ഷൂട്ട് ചെയ്ത ആളിന് ജീവാനന്ദ് എന്ന കാട്ടു മൃഗത്തെ നേരിടാനുള്ള കഴിവില്ലാത്ത കൊണ്ട് ഇത്രയെങ്കിലും ചെയ്തു. ഭർത്താവിനെ മർദിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് 'നിനക്കും വേണോ'യെന്ന് ചോദിച്ച് ജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. കണ്ട് ആസ്വദിച്ചു നിരവധി ശവങ്ങളും. സഹായം അഭ്യർഥിച്ച് ആ സ്ത്രീ കരഞ്ഞു? ആരും ഒന്നും മിണ്ടിയില്ല. എങ്ങനെ കഴിയുന്നു ഈ പാപികൾക്ക് ഇത് കണ്ട് നിൽക്കാൻ? കണ്ട് നിന്നവരുടെ സ്വന്തം അമ്മെ പെങ്ങന്മാരായിരുന്നെങ്കിൽ?
ഇനി ക്ളൈമാക്സിലേക്കു വരാം. ജീവാനന്ദ് എന്ന ക്രൂരനെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. അവനെ എന്തെകിലും ചുക്ക് ചെയ്യാൻ അവൻ അംഗമായ ഓട്ടോ തൊഴിലാളി യൂണിയൻ സമ്മതിക്കില്ല. അവന്റെ പാർട്ടിക്കാർ (ഏതു പാർട്ടി ആയാലും) സമ്മതിക്കില്ല. അവന്റെ സമുദായവും സമ്മതിക്കില്ല. അവനിങ്ങനെ തല്ലിക്കൊണ്ടേയിരിക്കും. വേണ്ടി വന്നാ അന്വേഷിക്കുന്ന പോലീസിനെയും തല്ലും. പോലീസിനെ സ്ഥലവും മാറ്റും. ഒത്താ പൊലീസിന് സസ്‌പെൻഷനും കിട്ടും. വേണ്ടി വന്നാൽ ഡിസ്മിസ്സും ചെയ്യും. അത്രമാത്രം. ആരാണിവിടെ ചോദിക്കാൻ?
അതാണ് ഇപ്പോഴത്തെ കേരളം. അതാണ് ഇപ്പോഴത്തെ ദൈവത്തിന്റെ സ്വന്തം നാട്. ഈ നാട് ഇങ്ങനെ എത്ര നാൾ മുന്നോട്ടു പോകും.
No comments: