രാമായണത്തിലെ ആരണ്യകാണ്ഡം പത്തനംതിട്ട ജില്ലയിലെ സീതത്തോടോ?

ഇന്ന് കാണുന്ന സീതത്തോട്, ചിറ്റാർ, പെരുനാട്, തണ്ണിത്തോട് പഞ്ചായത്തുകൾ ചേർന്ന ഒരു പ്രദേശമായിരുന്നു ആരണ്യകാണ്ഡം എന്ന ചർച്ച ഉയർന്നു വരുന്നു.  ആരണ്യ കാണ്ഡത്തിന്റെ മുഖ്യ പ്രദേശം  സീതത്തോടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് കാണുന്ന സീതത്തോട് ഒരു തടവും ഫലഭൂയിഷ്ഠ പ്രദേശവുമായിരുന്നതിലാൽ അവിടെ ജനങ്ങൾ തിങ്ങിപ്പാർത്തിരിന്നിരിക്കാം.  സീതത്തോട്ടിലെ വിവിധ പ്രദേശങ്ങളുടെ പേരുകൾ രാമായണത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളാണ്.  സീതത്തോട്, സീതക്കുഴി, സീത മുടി, വാല്ത്മീകി കുന്ന്, ഗുരുനാഥൻ മണ്ണ്, കോട്ടമല പ്പാറ, ആങ്ങമൂഴി, മൂഴിയാർ, പൊന്നമ്പല മേട്, ആലുവാം കുടി, ചിറ്റാറിലെ വില്ലൂന്നിപ്പാറ, കമ്പകത്തും പാറ, താഴിട്ടുപൂട്ടുകാനക ക്ഷേത്രം, പെരുനാട്ടിലെ കാവുകൾ, കക്കാട്ട് കോയിക്കൽ ക്ഷേത്രം തുടങ്ങിയ നിരവധി പ്രദേശങ്ങളുണ്ട്.

സീത കുളിച്ച തോടാണ് സീതതോട്.  സീതക്കുഴിയിൽ നിന്നാണ് സീതത്തോട് ഉത്ഭവിച്ചു ശബരിഗിരി വനങ്ങളിൽ നിന്ന് വരുന്ന കക്കാട്ടാറിൽ ചേരുന്നത്.  സീതത്തോട് ഉത്ഭവിക്കുന്നത് ഭൂമിയുടെ അടിയിൽ നിന്ന് മൂന്നു നീർചാലുകളായാണെന്നാണ് കരുതുന്നത്. ഉത്ഭവം എവിടെനിന്നെന്നു വ്യക്തമല്ല.  വാത്മീകി തപസ്സിരുന്ന പ്രദേശമാണ് വാല്മീകി കുന്ന്. ദ്രവിച്ചു പിൻവാങ്ങാറായ ഒരു പീഠം അവിടെയുണ്ടെന്നു പറയുന്നു. വാത്മീകിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത്  ഗുരുനാഥൻ മണ്ണിലാണ്.  ഗുരുനാഥൻ എന്നാൽ വാല്മീകിയാണ്.  ആദ്യ ഗുരുവായാണ് വാല്മീകിയെ കരുതുന്നത്.  സീത, ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്ത സ്ഥലമാണ് സീത കുഴി.  സീതക്കുഴി ഇന്നുമുണ്ട്.  അതിന്റെ ആഴം ഇന്നുവരെ ആരും അളന്നിട്ടുമില്ല.  ഭഗവാൻ ശിവന്റെ വാസസ്ഥലമായിരുന്നു ആലുവാം കുടി എന്ന് കരുതപ്പെടുന്നു.  ആൽ മരത്തിൽ കുടിയിരിക്കുന്നവൻ എന്നാണു ആലുവാം കുടി എന്നതിന്റെ അർഥം. ആലുവാം കുടി സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് എന്നീ മൂന്നു പഞ്ചായത്തുകളും ചേർന്ന പ്രദേശമാണ്.

"ആരണ്യകാണ്ഡം സീതത്തോട് ആണെന്നതിൽ തർക്കമില്ല.  ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ നിരത്താനും, ബൗദ്ധികമായി സമർത്ഥിക്കാനും കഴിയും. നിരവധി പഠനങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്.  എല്ലാം എഴുതി തയ്യാറാക്കാനൊരുങ്ങുകയാണ്" കവിയും മാധ്യമ പ്രവർത്തകനുമായ പങ്കജാക്ഷൻ അമൃത പറയുന്നു.  "സീതത്തോടിനെ ചുറ്റിപ്പറ്റി ഉണ്ടായ ജീവിത സത്യങ്ങളാണ് രാമായണം എന്ന് പറയാൻ കഴിയും.  ഈ പ്രദേശത്തൊക്കെ വന്നു ജനിക്കുവാൻ കഴിഞ്ഞത് പുണ്യമാണ്" പ്രശസ്ത ഗീതാ കാരനായ ചന്ദ്ര ശേഖരൻ സാർ സമർഥിക്കുന്നു.

വളരെ നാളുകൾക്കു മുൻപ് വരെ ഇതെല്ലാം ജനങ്ങൾക്ക് അറിവുള്ളതും സീതത്തോടുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ വൻ ജനസാന്നിധ്യം ഉണ്ടായിരുന്നതുമായാണ് കണക്കാക്കപ്പെട്ടത്.  നദികളിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾ വർദ്ധിക്കുകയും, നിത്യോപയോഗ സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ തുടങ്ങുകയും ചെയ്ത കാലത്ത്‌ സീതത്തോട് ഉപേക്ഷിച്ചു ജനങ്ങൾ പോയതാണെത്രെ! പിന്നീട് കുടിയേറ്റ പ്രദേശമായി വീണ്ടും ഉയർന്നു വരികയാണ്.  സീതത്തോടിന്റെ വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഊരുകൾ ചിന്തിക്കുന്നതിനും അപ്പുറത്തെ വർഷങ്ങൾ പഴക്കമുള്ളതാണ്. ചിറ്റാറിലെ താഴൂട്ട് പൂട്ട് കാനക ക്ഷേത്രം പ്രസിദ്ധമാണ്.  പണ്ട് വിലപിടിപ്പുള്ള സാധനങ്ങളും ആഭരണങ്ങളും ഒക്കെ സൂക്ഷിക്കാൻ ആലയം നിർമിക്കുകയും ഇവിടെ അത് താഴിട്ടു പൂട്ടി വക്കുകയും ചെയ്യുമായിരുന്നു എന്ന് കരുതപ്പെടുന്നു.  യെക്ഷികളും ഗന്ധര്വന്മാരാലും സംരക്ഷിക്കപ്പെട്ടിരുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. വില്ലൂന്നി പാറയിൽ രാമൻ വിശ്രമിച്ചി സ്ഥലത്ത് ചാരി വച്ചിരുന്ന വില്ലിന്റെ പാട് ഇന്നും ഉണ്ടെന്നു സമർഥിക്കുന്നു.

ചരിത്രം പകൽ പോലെ വ്യക്തമാണെങ്കിലും സീതത്തോട്ടിലെ ജനങ്ങൾ ഇതൊന്നും തിരിച്ചറിഞ്ഞ മട്ടില്ല.  കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ആരണ്യ കാണ്ഡ യാത്ര ആരംഭിച്ചെങ്കിലും അതും നിന്ന മട്ടാണ്. വടക്കേ ഇന്ത്യയിലും മറ്റും ഇല്ലാത്ത കഥകൾ ഉണ്ടാക്കി വലിയ ചരിത്ര സ്മാരകങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നിടത്തു സീതത്തോട് കാരും, പത്തനതിട്ടക്കാരും വിമാന ടിക്കറ്റെടുത്തു പോയി സന്ദർശനം നടത്തും.  സ്വന്തം നാട്ടിലെ മണ്ണിൽ ചൂഴ്ന്നു കിടക്കുന്ന മുത്തുകൾ കാണാൻ കണ്ണില്ല.

എന്തായാലും പര്യവേഷണം നടത്തിയ പമ്പയുടെ തീരങ്ങളിലും, അടൂരും, മലയാലപ്പുഴ മുക്കുഴിയിലും ഒക്കെ നിന്ന് ലഭിച്ച പുരാതന വസ്തു ശേഖരത്തിൽ തിട്ടപ്പെടുത്താൻ കഴിയാത്തത്ര പഴക്കമുള്ള സംസ്കാരങ്ങളും ജീവിത വ്യവസ്ഥയും പത്തനതിട്ട ജില്ലയിൽ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ട വസ്തുതയാണ്.  സീതത്തോട്ടിൽ ചരിത്ര പര്യവേഷണം നടത്തേണ്ടതാണ്.

No comments:

Powered by Blogger.