കളക്ടർ പറഞ്ഞു ഭൂമി തരാമെന്ന്: ഭൂമിക്കായി എത്തിയ മലമ്പണ്ടാര ആദിവാസികളെ കാലു കുത്താനനുവദിക്കാതെ വനം വകുപ്പ്

പത്തനംതിട്ട- ളാഹ: ശബരിമല വനാന്തർ ഭാഗത്തെ മലമ്പണ്ടാര വിഭാഗത്തിലെ 40 കുടുംബങ്ങള്‍ക്ക് മഞ്ഞത്തോട്ടില്‍ നാല് ഹെക്ടര്‍ വീതം ഭൂമി നല്‍കാൻ ജൂൺ 27 ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന റവന്യു, വനം, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനമായതാണ്.  തീരുമാനമനുസരിച്ച് കുടിൽ കെട്ടാനെത്തിയ വനവാസികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു.  നിലയ്ക്കലിൽ നിന്നും മറ്റും എത്തിയ വന വാസികളെ ഡി.എഫ്.ഒ യുടെ നിർദ്ദേശ പ്രകാരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മടക്കി അയച്ചതെന്ന് പറയപ്പെടുന്നു.

ളാഹ മുതല്‍ മൂഴിയാര്‍ വരെയുള്ള വനമേഖലയില്‍ നൊമാഡിക് (നാടോടികള്‍) ജീവിതശൈലിയില്‍ കഴിയുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട 40 കുടുംബങ്ങള്‍ക്ക് ളാഹ മഞ്ഞത്തോട്ടില്‍ നാല് ഹെക്ടര്‍ വീതം ഭൂമിയില്‍ അവകാശം രേഖപ്പെടുത്തി നല്‍കുന്നതിനാണു ജൂൺ 27ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായത്.  ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി അവകാശികളായ 40 കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അവകാശ നിര്‍ണയ സമിതി, ഗ്രാമസഭയില്‍ അവതരിപ്പിച്ച് തീരുമാനങ്ങള്‍ എഴുതി രേഖപ്പെടുത്തി, സബ്ഡിവിഷണല്‍ സമിതിക്ക് ജൂലൈ 15ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. നിര്‍ദിഷ്ട സ്ഥലത്ത് ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, പൊതു ആവശ്യങ്ങളായ കമ്യൂണിറ്റി ഹാള്‍, ശ്മശാനം തുടങ്ങിയവയ്ക്കും കൃഷി ആവശ്യത്തിനും പ്രത്യേകമായി തിരിച്ച് സ്‌കെച്ച് തയാറാക്കാനും ഉചിതമായ അന്വേഷണങ്ങള്‍ക്ക് ശേഷം തീരുമാനമെടുത്ത് ജില്ലാ സമിതിക്ക് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

വനവാസി വിഭാഗത്തിന് കാലങ്ങളായി നിഷേധിക്കപ്പെട്ട വനഭൂമിയിലും വനവിഭവങ്ങള്‍ക്കു മേലുമുള്ള അവരുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. വ്യക്തിപരമായും സാമൂഹികപരമായുമുള്ള അവകാശങ്ങള്‍ കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വനഭൂമി ഉപയോഗപ്പെടുത്താന്‍ വനാവകാശ നിയമം അനുശാസിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും യോഗം അന്ന് തീരുമാനിച്ചിരുന്നു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്‍, റാന്നി ഡിഎഫ്ഒ എം ഉണ്ണികൃഷ്ണന്‍, എഡിസിഎഫ് കോന്നി സാംബുദ്ധ മജുംദാര്‍, റാന്നി റ്റിഇഒ പി അജി, കോന്നി ഡെപ്യൂട്ടി ആര്‍എഫ്ഒ എസ് ശശീന്ദ്രകുമാര്‍, റാന്നി റ്റിഡിഒ വിആര്‍ മധു, എസ്.റ്റി പ്രമോട്ടര്‍ കെ ഡി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തതും യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിച്ചതുമാണ്.

എന്നാൽ ഭൂമി ഏറ്റെടുത്തു കുടിൽ കെട്ടാനെത്തിയ വനവാസികളെ തറയിൽ തൊടാതെ വനം വകുപ്പ് ഓടിച്ചു വിട്ടുവെന്നാണ് വാർത്തകൾ വരുന്നത്. അതെ സമയം ഉത്തരവ് മറികടന്ന് പ്രദേശത്ത് കൈയ്യേറി കുടിൽ കെട്ടാൻ ശ്രമിച്ചവരെയാണ് ഒഴിവാക്കിയതെന്നാണ് വനം വകുപ്പ് പറയുന്നത്.

No comments:

Powered by Blogger.