സിപി ഐ സെക്രട്ടറി കാനത്തിനെതിരെ പോസ്റ്റർ പതിപ്പിച്ച കേസിൽ യുവാക്കളെ അറസ്റ്റു ചെയ്തു. എന്തിനാണ്അറസ്റ്റു ചെയ്തത്?

കഴിഞ്ഞ കുറെ ദിവസങ്ങളായി ചിന്തിച്ചിട്ടും പെൻ ഇന്ത്യ ന്യൂസിന് ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇത്. അല്ല സത്യത്തിൽ എന്തിനാണ് അറസ്റ് ചെയ്തത്?  കാനം രാജേന്ദ്രൻ ഉടുതുണി ഇല്ലത്തെ നിൽക്കുന്ന ചിത്രത്തിൻറെ പോസ്റ്റർ അല്ലല്ലോ പതിപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബബന്ധുക്കളുടെ പോസ്റ്റർ അല്ലല്ലോ പതിപ്പിച്ചത്.  പിന്നെ എന്തിനാണ് അറസ്റ്റു ചെയ്തത്?  പിന്നെ എന്തിനാണ് കേസെടുത്തത്?  പോസ്റ്റർ ഒട്ടിക്കാൻ വന്ന വണ്ടി ഓടിച്ചിരുന്ന ഡ്രൈവറെയും അറസ്റ്റു ചെയ്തു?  എന്താണ് ഇത്ര വലിയ തെറ്റ് അവർ ചെയ്തത്? 

ഗൂഡാലോചന നടത്തിയതത്രെ! അങ്ങനെയെങ്കിൽ രണ്ടാൾ തമ്മിൽ സംസാരിച്ചാൽ പോലും അത് ഗൂഡാലോചന അല്ലെ?  മുഖ്യമന്ത്രിയും, കാനം രാജേന്ദ്രനും അടച്ചിട്ട മുറിയിൽ (രണ്ടു ഉന്നത പദവികൾ വഹിക്കുന്നവർ) മറ്റാരും കേൾക്കാതെ സംസാരിച്ചാൽ അതും ഗൂഡാലോചനയുടെ പരിധിയിൽ വരില്ലേ?  നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് എങ്ങനെ അറിയാൻ കഴിയും?  ആ കുട്ടികളെ അറസ്റ്റു ചെയ്തത് തന്നെ വലിയ ഗൂഡാലോചനയുടെ ഭാഗമല്ലേ?

രാഷ്ട്രീയ പാർട്ടികളുടെ ഉന്നത സ്ഥാനത്തിരിക്കുന്നവരെ വിമർശിക്കാൻ പാടില്ലേ?  അങ്ങനെയെങ്കിൽ നരേന്ദ്ര മോദിയും, രാഹുൽ ഗാന്ധിയുമൊക്കെ എത്ര കേസ് കൊടുക്കണം.  ഏതാണ്ട് 130 കോടി ജനത്തിനെതിരെയും കേസ് കൊടുക്കേണ്ടി വരും.  അത്രയും പേരെ അറസ്റ്റു ചെയ്യേണ്ടി വരും.

സി പി ഐ എന്ന പാർട്ടിയുടെ ചരിത്രത്തിൽ ഈ കളങ്കം എന്നെങ്കിലും മാറുമോ?  താരതമ്യേന മികച്ച പാർട്ടി എന്ന് കരുതപ്പെട്ടിരുന്ന സി പി ഐ ഇന്ന് ഏറ്റവും അധഃപതിച്ച ഒരു രാഷ്ട്രീയ കൂടാരമായി മാറിയതെങ്ങനെ?

പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ അറസ്റ് ചെയ്തവരെ ഇനി തൂക്കാൻ വിധിക്കുമോ?  കാനം രാജേന്ദ്രൻ എന്ന സി പി ഐ സെക്രട്ടറി അതിനും മടിക്കില്ലെന്നാണ് പോസ്റ്റർ വിവാദത്തിലെ അറസ്റ്റു സൂചിപ്പിക്കുന്നത്. ഇതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ കൊടുക്കുന്നത്.  ചില മാവോയിസ്റ് സംഘടനകളും, ഇടതുപക്ഷ തീവ്ര പ്രസ്ഥാനങ്ങളും ഇരിട്ടി വെളുക്കുമ്പോൾ ഗ്രാമങ്ങളിൽ പോസ്റ്റർ പതിപ്പിക്കാറുണ്ട്.  ഇതിനെതിരെ കേസെടുത്തിട്ടുണ്ടോ?  ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ?  പണ്ട് കോൺഗ്രസ്സിന്റെ അധികാര തീച്ചൂളയിൽ കമ്മ്യുണിസ്റ്റുകൾ വെന്തുരുകിയപ്പോൾ, നാട് നീളെ മാധ്യമ സ്ഥാപനങ്ങളെ പൂട്ടി താക്കോലിട്ടപ്പോൾ അജ്ഞാത പോസ്റ്റർ ഒട്ടിച്ചല്ലേ നിങ്ങൾ ആശയങ്ങൾ വിതരണം ചെയ്തിരുന്നത്? 

എന്ത് കമ്മ്യുണിസമാണ് കാനം മാഷേ നിങ്ങളീ പറയുന്നത്? 

No comments:

Powered by Blogger.