പൊതു സ്ഥലത്തു പുകവലി നിരോധിച്ചിട്ട് ഇന്ന് രണ്ടു പതിറ്റാണ്ട്

അടൂര് നിന്നും യാത്ര തിരുവനംതപുരത്തേക്കാണ്. വാഹനം കെഎസ് ആർ ടി സി ബസ്സ്.  അഞ്ചാറു മണിക്കൂറെടുക്കും അങ്ങ് ചെല്ലാൻ. റോഡെന്ന് പേരെ ഉള്ളു.  കഴിവതും പുറകിലോ സൈഡിലോ ഒക്കെ സീറ്റ് പിടിക്കും.  ഏനാത്ത് ചെന്നാൽ ഒരു സിഗററ്റെടുത്തു കത്തിക്കും.  വഴിയരികിലെ കാറ്റും കൊണ്ട് ആസ്വദിച്ചു പുക ഊതി ഊതി പരത്തും.  അങ്ങനെ ഒരു കെ എസ് ആർ ടി സി ബസ്സിൽ  പത്തുപതിനഞ്ചു പേരെങ്കിലും കാണും.  ഈ സുഖമൊക്കെ അവസാനിച്ചിട്ട് രണ്ടു പതിറ്റാണ്ട് ആയി. 1999 ജൂലൈ 12നാണ‌് പൊതുസ്ഥലത്ത‌് പുകവലി നിരോധിച്ച‌് ഹൈക്കോടതി ഉത്തരവിട്ടത‌്.

സർക്കാർ ഓഫീസുകൾ, സ്‌കൂൾ, കോളേജ്, ആരാധനാലയങ്ങൾ, തീവണ്ടി, ആകാശവണ്ടി, ആശുപത്രികൾ എന്ന് വേണ്ട എവിടെയും ആൾക്കാർ പുകവലിക്കുമായിരുന്നു.  കേരളത്തിലെ പ്രഗത്ഭനായ എം എൽ എ മാരിൽ ഒരാളായ എം സി ചെറിയാൻ റാന്നിയിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രംഗം ഇന്നും ഓർമ വരുന്നു.  ഖദർഉടുപ്പിന്റെ പാക്റ്റ്‌നുള്ളിൽ വെള്ളി നിറത്തിൽ തിളങ്ങുന്ന അഞ്ച് ഇഗ്ളീഷ് അക്ഷരങ്ങൾ നമുക്ക് കാണാം, WILLS .  ഓരോ സ്വീകരണ യോഗത്തിനു ശേഷവും ഒരു സിഗററ്റെടുത്തു വലിക്കും.  അന്നതൊരു ഗമയോ, ആഢ്യത്തമോ ഒക്കെ ആയിരുന്നു.   എരിയുന്ന ചുക്കയുടെയും, കടലാസിന്റെയും, ബീഡി ഇലയുടേയുമൊക്കെ മണം അന്നത്തെ നല്ലൊരു ഭാഗം തരുണീ മണികൾക്കു വല്യ ഇഷ്ടമായിരുന്നു.

പുകവലിക്കാൻ മലയാളി ഒളിയിടം തേടിത്തുടങ്ങിയിട്ട‌് ഇന്ന് 20 വർഷം പൂർത്തിയാകുന്നു. ആ കേരളം ഹൈ കോടതി വിധി പിന്നീട് ചരിത്രമായി. അതിന്റെ ചുവടു പിടിച്ച്  മറ്റ‌് സംസ്ഥാനങ്ങളും, രാജ്യങ്ങൾ വരെയും  പൊതു സ്ഥലത്തു പുകവലി നിരോധിച്ചു. ചുരുക്കം ചില രാജ്യങ്ങളിൽ സർക്കാർ ഉത്തരവുകൾ  ഉണ്ടായിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച‌് കോടതി ഉത്തരവിടുന്നത‌് ലോകചരിത്രത്തിൽത്തന്നെ ആദ്യം കേരളത്തിലാണ്.

കോട്ടയം ബിസിഎം കോളേജ‌് അധ്യാപികയായിരുന്ന പ്രൊഫ. മോനമ്മ കോക്കാടിന്റെ പരാതിയിലാണ‌് സുപ്രധാന പുകവലി നിരോധന വിധിവന്നത‌്. ട്രെയിൻ യാത്രയിൽ പുകവലി ശല്യമായതോടെയാണ‌് അവർ കോടതിയെ സമീപിച്ചത‌്. മോനമ്മ കോക്കാട‌്, കെ രാമകൃഷ‌്ണൻ എന്നിവരുടെ പരാതിയാണ‌് ചീഫ‌് ജസ‌്റ്റിസ‌് എ ആർ ലക്ഷ‌്മണൻ, ജസ‌്റ്റിസ‌് കെ നാരായണക്കുറുപ്പ‌് എന്നിവരുടെ ഡിവിഷൻ ബെഞ്ചിന‌് മുന്നിലെത്തിയത‌്. പൊതുസ്ഥലങ്ങളിലെ പുകവലി ഭരണഘടനാ വിരുദ്ധവും 21–-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന‌് കണ്ടെത്തിയായിരുന്നു വിധി.

ഭരണഘടനയുടെ 21–-ാം അനുച്ഛേദം: മറ്റൊരാളുടെ ജീവനോ, സ്വാതന്ത്ര്യമോ നിയമപരമായല്ലാതെ തടസ്സപ്പെടുത്താനാകില്ല. നന്ദി നിയമ പീഠമേ.

No comments:

Powered by Blogger.