കൊടിയ ജാതി പീഡനം: ആദിവാസി കുറിച്യ ഗോത്രത്തിൽപ്പെട്ട കെ രതീഷ് പോലീസ് ജോലിയിൽ നിന്ന് രാജിവച്ചു

ഇതാണ് കേരളം.  ജാതി പീഡനം ഏൽക്കേണ്ടി വന്നത് മീൻ ചന്തയിലെ തെരുവ് ഗുണ്ടകളിൽ നിന്നല്ല. നാട്ടിലെ ക്രമസമാധാനം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കാൻ കിരീടവും ചെങ്കോലും നൽകി നാം നിയമിച്ചവർ. അതെ... പോലീസ് സേന തന്നെ. വേലി വിളവുകൾ കാർന്നു തിന്നുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും സംരക്ഷണം, വികാലങ്കാരുടെയും, ഒറ്റപ്പെട്ടവരുടെയും സുരക്ഷിതത്വം ഇതൊക്കെ ഭീകര സംഘടനകൾ പോലും ഒട്ടൊക്കെ നടപ്പാക്കുന്ന ധർമമാണ്. നമ്മുടെ പോലീസിനിതെന്തു പറ്റി?  ആഭ്യന്തര മന്ത്രി എന്നൊരു മന്ത്രിയുണ്ടോ? 

കണ്ണവം വനമേഖലയിലെ ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ രതീഷാണ് മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നു രാജി നല്‍കിയത്. 2015 മുതല്‍ രതീഷ് സേനയുടെ ഭാഗമാണ്. ദുഷ്‌കരമായ രീതിയില്‍ മേലുദ്യോഗസ്ഥര്‍ ജോലി ചെയ്യിപ്പിക്കുന്നു. അടിമയെ പോലെ ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തില്‍ അധിക്ഷേപങ്ങള്‍ കൂടിവന്നപ്പോഴാണ് രതീഷ് ജോലി വിടാന്‍ തീരുമാനിക്കുന്നത്.

എസ്‌ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് വിമര്‍ശനം. എസ്.ഐ. പുരുഷോത്തമന്‍, സിപിഒ മാരായ മുകേഷ്, പ്രജിത്ത്, രജീഷ് എന്നിവര്‍ക്കെതിരെ പരാതിയും നല്‍കി. അവധിക്ക് അപേക്ഷിക്കുമ്പോള്‍ പോലും അപമാനം നേരിടേണ്ടി വന്നു. പലര്‍ക്കും സമാനമായ അനുഭവമുണ്ട്. കുടുംബാഗങ്ങളെ ഓര്‍ത്താണ് പലരും മിണ്ടാത്തത്. ഒറ്റയ്ക്കായതിനാലാണ് ഇതിനെതിരെ ശബ്ദിക്കുന്നതെന്നും രതീഷ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് കൈമാറാത്തത് രതീഷിനോട് വൈരാഗ്യം കൂടാന്‍ കാരണമായി.

തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും  ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടതെന്നും പരാതി നല്‍കാന്‍ പോയപ്പോള്‍ പോലും ഭീഷണി തുടര്‍ന്നെന്നും രതീഷ് വെളിപ്പെടുത്തുന്നു. സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജിവെച്ച സംഭവം അന്വേഷിക്കാൻ കണ്ണൂർ എസ് പി പ്രതീഷ് കുമാർ  ഉത്തരവിട്ടു. അഡീഷ്ണൽ എസ്പിക്കാണ് അന്വേഷണ ചുമതല.

എന്തന്വേഷണം?  എത്ര അന്വേഷണങ്ങൾ നാം കണ്ടതാണ്? എന്ത് നടപടി എടുക്കാനാണ്.  ഒന്നാമതെ ഒരു ആദിവാസി യുവാവിന് സർക്കാർ ഉദ്യോഗത്തിൽ കയറി പറ്റണമെങ്കിൽ എന്ത് പ്രയാസമാണ്. സാമാന്യം നല്ല വിദ്യാഭ്യാസമില്ലാത്ത ആരും തന്നെ പോലീസിൽ ഇല്ല.  നല്ല ട്രെയിനിങ്ങും ലഭിക്കുന്നവരാണ് അവർ. എന്നിട്ടും അവിടെ ജാതി പീഡനമെന്ന് പറഞ്ഞാൽ രണ്ടാമതൊന്നാലിജിക്കാതെ പീഡനം നടത്തിയവരെ പിരിച്ചു വിടേണ്ടതാണ്.

നായർ എസ് ഐ ആയാൽ നായരോടൊപ്പം. ക്രിസ്ത്യാനി എസ് ഐ ആയാൽ ക്രിസ്ത്യാനിയോടൊപ്പം. മുസ്‌ലിം എസ് ഐ ആയാൽ മുസ്ലീമിനോടൊപ്പം. ഇത്തരത്തിൽ പല സംഭവങ്ങളുണ്ട്. ഇതൊക്കെ നാട്ടിൽ പാട്ടാണ്. എന്ത് നാടാണിത്? ചില വിഷയങ്ങളിൽ ദളിത് പിന്നോക്ക വിഭാഗങ്ങൾ പോലീസിന്റെ കണ്ണിൽ പെട്ടാൽ മുൻവിധിയോടെ ആണ് പലപ്പോഴും തീരുമാനമെടുക്കുന്നത്. ഇതവസാനിച്ചേ മതിയാകൂ.

No comments:

Powered by Blogger.