മുനിസിപ്പൽ ചെയർമാൻ, ഡിസിസി പ്രസിഡന്റ് എന്നീ നിലകളിലെ മികവ്: കോന്നിയിൽ പി മോഹൻ രാജിന് തന്നെ നറുക്കു വീണേക്കും

ആസന്നമായ കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി മോഹൻ രാജ്   യു ഡി എഫ് സ്ഥാനാർഥിയാകാൻ സാധ്യത.

സ്ഥാനാർഥിത്വത്തിനു വേണ്ടി നിരവധി പേര് രംഗത്തുണ്ടെങ്കിലും വിജയ സാധ്യത പി മോഹൻ രാജിന് തന്നെയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. മികച്ച സ്ഥാനാർഥി പി മോഹൻ രാജായിരിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ, ഡി സി സി പ്രസിഡന്റ് എന്നീ നിലകളിൽ മികവുറ്റ പ്രവർത്തനമാണ് അദ്ദേഹം കാഴ്ച വെച്ചെതെന്ന വിലയിരുത്തൽ ഉണ്ട്.  ഡി സി സി പ്രസിഡന്റായിരിക്കുമ്പോൾ പത്തനംതിട്ട ജില്ലയിലെ എല്ലാ മേഖലകളിലും തന്റെ സ്വാധീനം വിപുലപ്പെടുത്തിയത് മോഹൻ രാജിന് തുണയാകും.  കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിൽ തന്നെ മുതിർന്ന നേതാവാണ് അദ്ദേഹം.

കൂടാതെ ജാതി സമവാക്യങ്ങളും മോഹൻരാജിനെ പിന്തുണക്കുന്നുണ്ട്.  പ്രത്യേകിച്ചും മണ്ഡലത്തിൽ ബി ജെ പി ഞെട്ടിപ്പിക്കുന്ന മുന്നേറ്റം നടത്തിയ  സാഹചര്യത്തിൽ അതിനു തടയിടാൻ പറ്റിയ നേതാവെന്ന നിലയിൽ പി മോഹൻരാജിന്റെ സ്ഥാനാർത്ഥിത്വം ഏറെ ശ്രദ്ധിക്കപ്പെടുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹത്തിൻറെ സ്ഥാനാർതിത്വം ഉയർന്നു വന്നെങ്കിലും അവസാനം ആന്റോ ആന്റണി തന്നെ മത്സരിക്കുകയായിരുന്നു.  ഒരു ഘട്ടത്തിൽ ആന്റോ തോറ്റു പോകുമെന്ന ആശങ്കയും നിലനിന്നിരുന്നു. പി മോഹൻ രാജിന്റെയും, ബാബു ജോർജിന്റെയും സമയോചിതമായ ഇടപെടലിലൂടയാണ് ആന്റോ ജയിച്ചു കയറിയത്. പത്തനംതിട്ടയിൽ അടൂർപ്രകാശ് കഴിഞ്ഞാൽ ഏറ്റവും ജനസ്വാധീനമുള്ള നേതാവാണ് പി മോഹൻ രാജ്.

കോന്നിയിൽ കോൺഗ്രസ്സിനെ ഭയപ്പെടുത്തുന്നത് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുമോ എന്നതാണ്.  കൂടാതെ അടൂർ പ്രകാശിന്റെ സാനിധ്യവും നിർണായകമാകും. കോൺഗ്രസ്സ് നേതാവ് റോബിൻ പീറ്ററുടെ പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും, മലയോര മേഖലകളിൽ അദ്ദേഹത്തിന് സ്വാധീനമില്ല.  എൽ ഡി എഫിൽ നിന്ന് എം എസ് രാജേന്ദ്രൻ സ്ഥാനാർത്ഥിയായാൽ റോബിൻ പീറ്ററിന്‌ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നി മേഖലകളിൽ വൻ തിരിച്ചടി നേരിടാനുള്ള സാധ്യതയുണ്ട്.  ഇത് കൂടി കണക്കിലെടുത്താണ് മോഹൻ രാജിനെ സ്ഥാനാർഥിയാക്കാൻ നിർബന്ധിതമാക്കുന്നത്.

No comments:

Powered by Blogger.