ബേബി ഷാമ്പു: വില്പന നിരോധിച്ചു

ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളർ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പു വില്പന സംസ്ഥാനത്ത് നിരോധിച്ചു. രണ്ട് ബാച്ചുകള്‍ക്കാണ് നിരോധനം. ക്യാന്‍സറിന് കാരണമാകുന്ന ഫോര്‍മാല്‍ ഡിഹൈഡിന്റെ സാന്നിധ്യം ഷാമ്പുവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇതുമായി ബന്ധപ്പെട്ടു നിരവധി പാരാതികളും ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ രാജസ്ഥാനിലെ ഡ്രഗ് ടെസ്റ്റിങ് ലബോററ്ററിയില്‍ നടത്തിയ പരിശോധനയിലാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പുവില്‍ ഫോര്‍മാല്‍ഡി ഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തുവുള്ള ഉല്പന്നത്തിന്റെ വില്പന നിരോധിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം ആരോഗ്യ വകുപ്പിന് കൈമാറി. ആരോഗ്യവകുപ്പ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കുകയതിനെ തുടര്‍ന്നാണ് വില്പന തടഞ്ഞ ഉത്തരവ് ഇറക്കിയത്. BB 58177, BB 58204 എന്നീ രണ്ട് ബാച്ചുകളാണ് നിരോധിച്ചത്. ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. സംസ്ഥാനത്ത് വില്പന നടത്തുന്ന മറ്റു ബാച്ചുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കി.

എറണാകുളത്തെ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഗോഡൌണില്‍ നിന്നും ഉല്പന്നങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. എറണാകുളത്തെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍ പരിശോധിക്കുകയും ചെയ്യും. രാജ്യത്ത് രാജസ്ഥാനെക്കൂടാതെ ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആസാം എന്നിവടങ്ങളിലും ഉല്പന്നങ്ങള്‍ പരിശോധിക്കുന്നുണ്ട്.

No comments:

Powered by Blogger.