പ്രവാസിയുടെ മടക്കയാത്ര : കവിത (രാജു വർഗീസ്)

സ്നേഹമില്ലാ ശാപ താഡനമെന്നപോല്‍,
സാരിയെന്‍ മോന്തയ്ക്കെറിഞ്ഞെന്റെ ഭാര്യ..
ഗല്‍ഫുകാരെല്ലാരും പവന്‍ അഞ്ചില്‍ കുറയാതെ
തങ്ങളിന്‍ പ്രേയസ്സിക്കേകിടുമ്പോള്‍..
കൊണ്ടുവന്നതോ ഈ നാണമില്ലാത്തയാള്‍
തെണ്ടിയെന്നോര്‍ത്തുവോ കെട്ടിയോളെ..
അച്ഛന്‍ വരുമ്പോള്‍ എനിക്കൊരു ലാപ്ടോപ്പ്
അര്‍ജന്റാണെന്നറിയിച്ചെൻ മൂത്ത മോന്‍,
ശുഷ്കിച്ചയെന്‍ പെട്ടി നോക്കിയിട്ടൊന്നുമേ
ചൊല്ലാതെ നോക്കിക്കടന്നുപോയ് ദേഷ്യത്താല്‍.
കുപ്പികള്‍ ഒന്നുമേ ഇല്ലെന്റെ കൈവശം
കൂട്ടുകാര്‍ പിന്നീട് വന്നതില്ല.
അഞ്ചെട്ടു വര്‍ഷമായ് പേര്‍ഷ്യയിലായ നീ
ഉണ്ടാക്കിയില്ലല്ലോ വീടുപോലും;
അപ്പുറത്തെ തോമ്മാ ഫ്ലാറ്റ് ഒന്ന് വാങ്ങിച്ചു,
അങ്ങിങ്ങ് പ്ലോട്ടുകള്‍ എത്രയെന്നോ..
റ്റാറ്റയും,സ്കോര്‍പ്പിയോ, ഇന്നോവയോക്കെയായ്
കാറ്റുപോല്‍ വേഗത്തില്‍ പാഞ്ഞിടുന്നു
നാട്ടുകാര്‍ക്കൊക്കെ തലവേദനയാം തോമ്മ
നാടുവിട്ടിട്ടാണ്ടു നാലു മാത്രം..
പെങ്ങന്മാര്‍ രണ്ടുണ്ട് കെട്ടിക്കുവാനെന്ന-
തോര്‍ത്തുവോ നിന്റെ സുഖവാസത്തില്‍
.
അച്ഛന്റെ കുറ്റപ്പെടുത്തലു പിന്നെയും
അമ്മയ്ക്കുമുണ്ടേറെ പായാരങ്ങള്‍...
വീട്ടുകാരെയെല്ലാം വിസ്മരിച്ചിട്ടുള്ള
കെട്ടുപൊട്ടിച്ച നിന്‍ ധാരാളിത്തം..
ദുബായ്ക്കാരവിടെ ഫാമിലിയായിട്ടു
ജീവിക്കുന്നതെന്തേ നീ കാണാതെപോയ്.
എന്റെ മോള്‍ക്കായതിന്‍ യോഗ്യത പോരായോ
അമ്മായിയച്ചനും ക്രുദ്ധനായി...
എന്താണ് നിന്‍ ജോലി,താമസ്സമെങ്ങനെ..
എന്നാരും ചോദിച്ചതില്ലെന്നോട്..
മണലാരിണ്യത്തിലെ ഉരുകുന്ന ചൂടിലും
ഒഴുകാതിരുന്നയെന്‍ അശ്രുധാര കാണ്‍കെ
കുറ്റബോധത്തിന്റെ ലക്ഷണമെന്നായി
ചുറ്റുമുള്ളളിയന്മാര്‍, പെങ്ങന്മാരും.
എട്ടാണ്ട് മുന്‍പ് ഞാന്‍, വീട്ടിലെ പട്ടിണീം
വീട്ടാ കടങ്ങളും തീര്‍ക്കുവാനായ്..
ഒരുലക്ഷം നല്‍കി ഒരേജന്റി-നെന്നാലും
ഒരു കിനാവായി ഞാന്‍ ഗള്‍ഫിലെത്തി.
മാനേജര്‍ എന്ന വിസയുമായെത്തിയ ഞാന്‍
മണലു കുഴിക്കും പണിയിലുമായ്..
ഓവര്‍ടൈമായി പണിതിട്ടും കിട്ടുന്ന-
തോര്‍മ്മപോ-ലഞ്ഞൂറ് ദിര്‍ഹം മാത്രം
സൂര്യോദയം മുത-ലസ്തമയത്തോളവും
ഇടതടവില്ലാത്തയെന്‍ ജോലിയും' പിന്നെയാ
നീണ്ടയാത്രയ്ക്ക- റുതിയിലെത്തുമ്പോള്‍
കണ്ടിടാം കിച്ചണില്‍ തിക്കിത്തിരക്കലുകള്‍
പൊരിയുന്ന വെയിലത്ത്, പ്ലൈവുഡ് മറയുള്ള
കിച്ചണും ബാത്ത്‌റൂമും, അവിടേം ക്യൂവായ്
ക്യാമ്പിലെ ഒരു ഡസന്‍ കോലങ്ങള്‍ ഉരുകുന്ന
'കൊച്ചറ'യ്ക്കുള്ളില്‍ ഞാനെരിയുകയായ്..
ഒരു കറി വെച്ചു ഞാന്‍ ഇരുദിനം നീട്ടിടും,
ഒരു ജോഡി വസ്ത്രമെന്‍ ലക്ഷണവും.
അരിപ്പിച്ചു കുപ്പൂസും പച്ചവെള്ളവുമായ്
അഷ്ടിച്ചു കാശൊക്കെ നാട്ടിലേകി..
നൂറുനൂറാവശ്യം കൂടുന്നു നാട്ടീന്ന്
കാശിത് പോരെന്നു- മോതിടുന്നു..
ക്യാമ്പിനടുത്തുള്ള നിറമുള്ള സൗധത്തില്‍
നാട്ടീന്ന് നേതാക്കള്‍, മന്ത്രിമാരും
പ്രവാസി മക്കളിന്‍ നൊമ്പരം കാണുവാന്‍ ,
നേതാക്കളെത്തുന്നു വീണ്ടുംവീണ്ടും..
വേണ്ടേ നമുക്കാര്‍ക്കും മാളുകള്‍ റോഡുകള്‍
വോട്ടിനായ് ചൊല്ലിയ നേതാക്കന്മാര്‍..
വന്നുടന്‍ മാളിലായ് കാഴ്ചകള്‍ കാണുവാന്‍..
കറങ്ങുന്നു മുന്തിയ കാറിലും ഗമയിലും.
പ്രസ്താവനകള്‍ വീണ്ടും മൊഴിയുന്നു, നിങ്ങള്‍ക്ക്
വോട്ടാണ് പെട്ടെന്ന് വേണ്ടതല്ലേ..
ഒരുലക്ഷം ഒന്നിച്ചടെച്ചെന്നാല്‍ നിങ്ങള്‍ക്ക്
പത്താണ്ട് കഴിയുമ്പോള്‍ പെന്‍ഷന്‍ കിട്ടും.
അഞ്ഞൂറ് രൂപയാ മാസവും ആ തുക
ആനന്ദലബ്ധിയിലായോ നിങ്ങള്‍...
ഞാനങ്ങു ചെന്നാലുടനടി നിങ്ങള്‍ക്ക്
പായ്ക്കേജ് ശരിയാക്കി പാര്‍സലാക്കാം.
ഞാനിത് നേരത്തെ ശരിയാക്കി ചെന്നപ്പോള്‍
രാഹുവേള മദ്ധ്യേയായിപ്പോയി.
ടിക്കറ്റ് കൂടുതല്‍,സമയത്ത് പോകില്ല
എയറിന്ത്യ എങ്കിലും നിങ്ങളോര്‍ക്കൂ-
വടിയായാല്‍ നിങ്ങളിന്‍ ശവം ഞങ്ങളെത്തിക്കും
ഇരട്ടി ചാര്‍ജെന്നാലും,വേണ്ടെയിത്..
പീക്ക് സീസന്‍ കഴിഞ്ഞാലുടനടി ടിക്കറ്റ്
നോര്‍മലാക്കാമെന്നു ഞാന്‍ വാക്കുതരാം..
ഈ വിധ ജല്പനമോരോന്നുമുയരവേ,
കരഘോഷം അണികളില്‍ വാശിയോടെ..
ചുറ്റും പൊതിഞ്ഞുള്ള ഗള്‍ഫിലെ നേതാക്കള്‍,
തിക്കിത്തിരക്കുന്നു മുന്നിലെത്താന്‍..
കൂട്ടത്തില്‍ കുറിയവന്‍ മേലോട്ട് ചാടുന്നു,
ഫോട്ടോയില്‍ തന്‍ തല വന്നിടാനായ്.
ഉറ്റവര്‍ ഉടയോരും ആശ്രിതരും താനും
മാത്രമായിട്ടുള്ള സംഘടന -
തെരഞ്ഞെടുത്തു തന്നെ വീണ്ടുമെന്നറിയിച്ചു
തുരുതുരെ പത്രത്തില്‍ വാര്‍ത്ത നല്‍വോര്‍..
തെരഞ്ഞെടുപ്പിന്‍റെ വേളയില്‍ പരസ്പരം
തെറിവിളി അഴിമതി ആരോപണവും.
വിജയിച്ചാല്‍ പരസ്പരം തോളത്ത് കൈയിട്ട്
വിലസിടും പിന്നീട് സ്വന്തം കാര്യം.
പെട്ടെന്ന് പാന്റ്സിന്റെ പോക്കറ്റില്‍ നിന്നുമാ
റിംഗ്‌ടോണ്‍ മുഴങ്ങുന്നു ഞെട്ടിപ്പോയി.
കാതില്‍ പതിയുന്നു ഭാര്യതന്‍ ഗദ്ഗദം
കാതരമോതുന്നു നാട്ടിലെത്താന്‍.
എരിയന്ന കനലാകും സ്നേഹിതരൊക്കെയും
ഏകിയ കടത്തിന്റെ ഭാരവുമായ്
എത്രയും സന്തോഷമെത്തിയതാണ് ഞാന്‍,
എട്ടാണ്ട് കഴിഞ്ഞിട്ടെന്‍ സ്വന്ത വീട്ടില്‍.
നാട്ടിലെത്തിയിട്ടി-ന്നൊരു മാസം തികയുന്നു.
വരുന്നതിന്നില്ലാരും,പരിഹാസ്യനായി ഞാന്‍.
പിരുവുകാര്‍,ബന്ധുക്കള്‍,സ്നേഹിതര്‍, എല്‍ ഐ സി
വന്നിട്ട് കാര്യമില്ലെന്നറിഞ്ഞു..
സഞ്ചി പോയ്.. പരന്നൊരു പാത്രമായ് പള്ളിയില്‍
സ്തോത്രകാഴ്ചക്കായി, പത്രാസ് കാട്ടുവോര്‍..
ഉടുതുണിയോഴിച്ചുള്ള സര്‍വ്വതും പലരായി
വീതംവെച്ചെടുത്ത ഞാനന്യനായി.
അടുത്തവരവിനും മുന്‍കൂട്ടിയുമായി-
ട്ടെത്തിക്കുവാനുള്ള ലിസ്റ്റുമായ് പലരെത്തി.
അളിയന്മാര്‍ക്കൊക്കെയും വിസവേണം,
രണ്ടുപെങ്ങന്മാര്‍ക്കോ അളിയനേം തപ്പണം.
വഴിവക്കില്‍ ഇരുനില വീട് പണിയണം
പഴി പിന്നേം തുടരുന്നു അച്ഛനും അമ്മയും.
എപ്പോഴോ പാസ്ബുക്ക് നോക്കി നടുങ്ങിയെന്‍
നഗ്നമാം ബാലന്‍സ് കണ്ടു ഭാര്യ,
നിങ്ങളെന്നാണിനി തിരികെപ്പോകുന്നത്
ചോദിച്ചെന്‍ 'പാതി' തുടര്‍ന്നീവ്വണ്ണം.
കൂട്ടുകാരാരാനും വന്നീടുമെങ്കിലെന്‍
"വളയും മാലേം മോന്റെ കമ്പ്യൂട്ടറും
പ്ലസ്‌ടു കഴിഞ്ഞയെന്‍ ആങ്ങളയ്ക്കായിട്ടൊരു
വിസയും ടിക്കറ്റും മറക്കവേണ്ട..
ഞാനിനി അങ്ങോട്ട് പോകുന്നതില്ലെന്റെ
മക്കള്‍ക്കും നിന്നോടും ഒപ്പമുണ്ട്..
ഇവിടെങ്ങാന്‍ കൂലി വേലയ്ക്ക് പോയെന്നാല്‍..
അവിടുത്തെക്കാളേറെ മെച്ചം തന്നെ...
ഭാവമെന്‍ ഭാര്യയിന്‍ മാറിയതുടനടി..
ഭ്രാന്താണോ നിങ്ങള്‍ക്ക്, പോകൂവേഗം..
ഭര്‍ത്താവ് ഗള്‍ഫിലെന്നോതുന്ന ഞാനിനി..
കര്‍ത്താവേ കൂലിയെ .. അയ്യോ വേണ്ടാ..
ആകെ മരവിച്ചു സ്തബ്ധനായിരുന്നുപോയ്
ആരു കാണുമെന്റെ സങ്കടത്തെ,,,
ഇരുളിന്റെ കനം തൂങ്ങും ഗര്‍ഭത്തിലേയ്ക്ക് ഞാന്‍
ഓരോരോ ചുവടുകള്‍ നീട്ടി വെച്ചു...
ഒരു കൈയില്‍ പാസ്പോര്‍ട്ടും ടിക്കറ്റും
മറു കൈയെന്‍,അണപൊട്ടും കണ്ണുനീര്‍ ..
ഒപ്പിക്കൊണ്ടും
contact Raju Varghese at:
https://www.facebook.com/RajuVarghesePathanamthitta/
Raju Varghese , Dubai. 00971506983019 , 00919400570660 , rajupathanamthitta@gmail.com
No comments: