സർക്കാരിനും മുഖ്യമന്ത്രിയ്ക്കും അഭിനന്ദനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പ്രളയകാലത്ത് പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലില്‍ നിന്ന് 20,000 ക്യുബിക് മീറ്റര്‍ മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്‍കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം സ്വാഗതാർഹമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് വിഷയത്തിൽ അടിയന്തര തീരുമാനം കൈക്കൊണ്ട സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ബോർഡ് അഭിനന്ദിച്ചു.കൂടാതെ സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളുടെയും ദേവസ്വം മാനേജ്മെന്‍റ് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമിയുടെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി അംഗമായി കേരളാ ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതിനെയും ബോർഡ് സ്വാഗതം ചെയ്തു.

പ്രളയകാലത്ത് തകർന്നടിഞ്ഞ പമ്പയുടെ പുനർനിർമ്മാണത്തിനും നിലയ്ക്കൽ ശബരിമല എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് പമ്പയിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണൽ നൽകണമെന്നാവശ്യവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ,സർക്കാരിനെ സമീപിച്ചത്.നിർമ്മാണ പ്രവർത്തനങ്ങൾക്ക് 20,000 ക്യൂബിക് മീറ്റർ മണൽ വേണമെന്നാണ് ബോർഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസ്തുത ആവശ്യം അംഗീകരിക്കുകയും മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച അടിയന്തര തീരുമാനം എടുക്കുകയും ചെയ്ത സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് അഭിനന്ദിച്ചത്.മന്ത്രിസഭാ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും പമ്പയിലെയും നിലയ്ക്കലിലെയും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആരംഭിക്കുമെന്നും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. അയ്യപ്പഭക്തർക്കായാ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലയ്ക്കലും ശബരിമലയിലും നടത്തുന്നതിലേക്ക് പുറത്ത് നിന്ന് മണൽ കൊണ്ടുവരേണ്ടി വന്നിരുന്നെങ്കിൽ കോടികൾ ചെലവാകുമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനിയോജ്യമായ മണലാണ് ഇപ്പോൾ പമ്പയിലും ത്രിവേണിയിലും കൂട്ടിയിട്ടിരിക്കുന്നതിൽ നിന്ന് ബോർഡിന് ലഭിക്കുക.ഇത് സൗജന്യമായാണ് സർക്കാർ നൽകുന്നത്. അത് തന്നെ ബോർഡിന് ഏറെ ആശ്വാസകരവും സാമ്പത്തിക ലാഭമുണ്ടാക്കിയിരിക്കുന്നതാണെന്നും ബോർഡ് യോഗം വിലയിരുത്തി.

No comments:

Powered by Blogger.