വി. മുരളീധരനെക്കുറിച്ച് ശ്രീജിത്ത് പന്തളത്തിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ശ്രീജിത്ത് പന്തളം
കമ്മ്യൂണിസത്തിന്റെ അഹങ്കാരവും പേറി വിദ്യാർത്ഥി പരിഷത്തിന്റെ കാര്യകർത്താവിനെ കസ്റ്റഡിയിൽ എടുത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പോലീസിനെതിരെ ABVP പ്രതികരിച്ചത് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി നായനാരെ പൂട്ടിയിട്ടായിരുന്നു. ഏറെ നേരം സഖാവ് നായനാരെ അനങ്ങാൻ സമ്മതിക്കാതെ നേരെ മുന്നിലിരുന്ന ABVP ക്കാരുടെ സമരതീഷ്ണതക്ക് മുന്നിൽ സഖാക്കൾക്ക് മുട്ട് മടക്കേണ്ടി വന്നു. വിദ്യാർത്ഥി പരിഷത്തിന്റെ കരുത്ത് സഖാക്കന്മാർ അറിഞ്ഞ എണ്ണം പറഞ്ഞ സമരങ്ങളിലൊന്നായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച ആ സംഭവം.
അന്ന് കസ്റ്റഡിയിലെടുത്ത ആ വിദ്യാർത്ഥി കാര്യകർത്താവാണ് ഇന്ന് മോദി മന്ത്രിസഭയിലെ മലയാളി സാന്നിദ്ധ്യമായ ശ്രീ. വി മുരളീധരൻ എന്ന മുരളിയേട്ടൻ.
പതിനായിരം മീറ്റർ ഓട്ടത്തിലും 24 കിലോമീറ്റർ നടത്തത്തിലും കാലിക്കറ്റ് സർവകലാശാലാ ചാമ്പ്യനായ മുരളിയേട്ടൻ കേരളത്തിലെ സാമൂഹിക പ്രശ്നങ്ങൾ ഉയർത്തി 2012 ൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തി നടന്നു വന്നത് ആ പഴയ സമരതീഷ്ണതയോടെയായിരുന്നു.
ഈ അടുത്ത കാലത്ത് ലോ അക്കാഡമി സമരത്തിന്റെ സമര നായകനായി നിയമ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥി പരിഷത്തിനോടൊപ്പം സമരമുഖത്ത് അനിശ്ചിതകാല നിരാഹാര സമരവുമായ് മുരളിയേട്ടൻ നിറഞ്ഞു നിന്നതും നാം കണ്ടതാണ്. ആരും ഇടപെടാതെ കിടന്ന, ഇടതുപക്ഷം ചതിച്ച സമരത്തെ തന്റെ സമരനുഭവ തീഷ്ണതയിലൂടെ ABVP ക്കൊപ്പം മുരളിയേട്ടൻ വിജയിപ്പിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം മുതൽ വി.മുരളീധരൻ എന്ന പേര് സമൂഹം കേൾക്കാൻ തുടങ്ങിയതാണ്. തികച്ചും സംഘടന പ്രവർത്തനത്തോടൊപ്പം സമര -സമരേതര പരിപാടികളേയും കൂടെ നടത്തിച്ച മുരളിയേട്ടൻ മലയാളത്തിന്റെ മണ്ണിൽ ABVP യെ വരച്ചു ചേർത്തു. ഒന്നുമില്ലായ്മയിൽ നിന്ന് ABVP യെ വളർത്തിയതിൽ മുഖ്യ സംഘാടകനും അക്കാലത്തെ എണ്ണം പറഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരാളുമായിരുന്നു മുരളിയേട്ടൻ.
1982 ലെ അങ്കമാലി LF സമരം, 1983 ലെ അസാം പ്രക്ഷോഭം, കേരളത്തിലെ സ്വകാര്യ പോളിടെക്നിക്ക് സമരം, 84 ൽ നടന്ന അന്താരാഷ്ട്ര യുവജന വർഷം പരിപാടികൾ, 86 ലെ ശ്രീലങ്കൻ പ്രശ്നങ്ങളുമായ് ബന്ധപ്പെട്ട സമരം, 87ലെ ബോഫോഴ്സ് പ്രക്ഷോഭം, പ്ലസ് ടു സമരം, 88 ലെ വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ നടന്ന സമരം, 89 ലെ സ്വദേശീ പ്രക്ഷോഭം, 1990 ലെ ചരിത്ര സമരമായ ശ്രീനഗറിലേക്ക് മാർച്ച് ചെയ്ത് ദേശീയ പതാക ഉയർത്തിയ സമരം, കാലിക്കറ്റ് സർവ്വകലാശാല സമരം, 91 ലെ സ്വദേശി പ്രക്ഷോഭം, 92 ലെ അയോദ്ധ്യ പ്രക്ഷോഭം, സേവ് ക്യാമ്പസ് പ്രക്ഷോഭം, തൃശ്ശൂരിലെ യുവ സംഗമം, കേരള സർവ്വകലാശാലയിൽ വിളനിലത്തിന്റെ രാജി ആവശ്യപ്പെട്ട സമരം, 94 ലെ വിദ്യാഭ്യാസ പരിവർത്തന സെമിനാറുകൾ, കേരളത്തിൽ നടന്ന സംസ്ഥാന സൈക്കിൾ യാത്ര, ന്യൂനപക്ഷ പദവി നൽകിയതിനെതിരെ സമരം, സംസ്കൃത സർവ്വകലാശാല സമരം, 95 ലെ അഴിമതി വിരുദ്ധ സമരം, 96 ൽ പരുമല കൂട്ട കൊലപാതകവും ബിംബി വധവും നടത്തിയ കമ്മ്യൂണിസ്റ്റുകാർക്കെതിരെ നടത്തിയ സമരങ്ങൾ, 98 ലെ സുവർണ്ണ ജയന്തി സമ്മേളനം, അതിനു വേണ്ടി നടത്തിയ ദേശ വ്യാപക യാത്ര. തുടങ്ങിയവയിലെല്ലാം മുന്നിലും പിന്നിലുമായ് മുരളിയേട്ടൻ നിറഞ്ഞു നിന്നു.
ABVP യിലൂടെ സമാജ സേവനത്തിലേക്ക് കടന്ന, പ്രചാരകനും പൂർണ്ണ സമയ പ്രവർത്തകനുമായിരുന്ന, ഇപ്പൊൾ എം.പിയും രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിയും ആയി നിയോഗം ലഭിച്ച മുരളിയേട്ടന് അഭിനന്ദനങ്ങൾ..
Congratulations and best wishes to Muraliyettan. Feeling proud of you and ABVP
ബ്രണ്ണൻ കോളേജിൽ ബി.എ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ABVP വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ സജീവമായത്. തലശ്ശേരി എരഞ്ഞോളി ശാഖാ സ്വയംസേവകൻ. 1978 ൽ ABVP തലശ്ശേരി താലൂക്ക് പ്രസിഡന്റ്, 1979 ൽ കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ. ബിരുദത്തിന് ശേഷം കുറച്ച് കാലം കണ്ണൂരിൽ എൽ.ഡി ക്ലാർക്ക് ആയി സേവനമനുഷ്ഠിച്ചെങ്കിലും പിന്നീട് ഉദ്യോഗം രാജി വച്ച്‌ രാഷ്ട്ര സേവനത്തിനായി പൂർണ്ണ സമയ പ്രവർത്തനം. എബിവിപി പൂർണ്ണ സമയ പ്രവർത്തകൻ, ആർ എസ് എസ് പ്രചാരകൻ. കോഴിക്കോട് ആർഎസ്എസ് കാര്യാലയം, ABVP കാര്യാലയം എന്നിവ കേന്ദ്രമാക്കി എ.ബി.വി.പി. യിലൂടെ മുഴുസമയ പ്രവർത്തകനായി പ്രവർത്തനം ആരംഭിച്ചു. അടിയന്തിരാവസ്ഥയ്ക്കു ശേഷം കേരളത്തിലെ കാമ്പസുകളിൽ എബിവിപി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ശ്രീ ഗോവിന്ദാചാര്യ, ശ്രീ ദത്താത്രേയ ഹൊസബലെ, അന്തരിച്ച അനന്ത് കുമാർ, സുശീൽ മോഡി, ജഗത് പ്രകാശ് നദ്ദ, മുരളീധര റാവു, പി.എസ്സ്. ശ്രീധരൻ പിള്ള, കെ.ജി. വേണുഗോപാൽ, തുടങ്ങിയവർ അക്കാലത്തെ സഹപ്രവർത്തകരായിരുന്നു.
1994 -1996 ൽ എ.ബി.വി.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായപ്പോൾ മുംബൈ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. ഇക്കാലത്ത് വിവിധ കേന്ദ്ര - സംസ്ഥാന സർക്കാരുകളിലേയും വിവിധ യൂണിവേഴ്സിറ്റികളുടെയും ദേശീയ വിദ്യാഭ്യാസ പരിവർത്തന സംബന്ധിയായ വിഷയങ്ങളിൽ ABVP ശക്തമായി ഇടപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മേഖല, നിയമവിദ്യാഭ്യാസം, വിദേശ സർവ്വകലാശാല പ്രശ്നങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ അക്കാലത്ത് ഉയർന്നു വന്നിരുന്നു. വിദ്യാഭ്യാസരംഗത്ത് നിരവധി സെമിനാറുകൾ, പരിപാടികൾ അക്കാലത്ത് ABVP നടത്തി വിദ്യാഭ്യാസ മേഖയിലെ ദേശീയ മുഖമായി മാറിയിരുന്നു.
ABVP യിൽ നിന്നും തിരികെ വന്ന് 1998 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹി സെൻട്രൽ ഇലക്ഷൻ കൺട്രോൾ കമ്മറ്റിയിൽ വെങ്കയ്യ നായിഡുവിന്റെ അസിസ്റ്റൻറ് ആയി നിയമിതനായാണ് ബി.ജെ.പിയിലേക്ക് ഔദ്യോഗികമായ പ്രവേശനം നടന്നത്.
1999 ൽ വാജ്പേയി സർക്കാരിൽ യൂത്ത് അഫയേഴ്സ് ആന്റ് സ്പോർട്സ് വകുപ്പിന്റെ കീഴിൽ നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയർമാനായി മുരളീധരനെ നിയോഗിച്ചു 2000 ൽ നടന്ന പ്രധാനമന്ത്രി ചെയർമാനായ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ചീഫ് കോഓർഡിനേറ്റർ ആയി നിയോഗിച്ചു. 2002 മുതൽ 2004 വരെ അദ്ദേഹം നെഹ്റു യുവ കേന്ദ്ര ഡയറക്ടർ ജനറലും ഖാദി, വില്ലേജ് ഇൻഡസ്ട്രിയൽ കമ്മീഷൻ യൂത്ത് എംപ്ലോയ്മെന്റ് ജനറേഷൻ ടാസ്ക് ഫോഴ്സ് കൺവീനറും ആയിരുന്നു.
നെഹ്റു യുവകേന്ദ്രയുടെ ഭാരവാഹിയെന്ന നിലയിൽ ദേശീയ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭാരത മാസകലം സഞ്ചരിച്ചു. യുവാക്കളിൽ സംരംഭകത്വവും സമ്പാദ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു.
2004 ൽ ബാങ്കോക്കിൽ നടന്ന ലോക യുവജന സമാധാന സമ്മിറ്റ് ഏഷ്യ പെസഫിക്ക് സമ്മേളനത്തിൽ വി. മുരളീധരൻ പങ്കെടുത്തു. വിവിധ ദേശീയ, അന്തർദേശീയ സെമിനാറുകളിൽ ദേശീയ വിദ്യാഭ്യാസ നയം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലവസര സാധ്യത, പരിസ്ഥിതി പ്രശ്നങ്ങൾ, വികസനം എന്നിവയെക്കുറിച്ച് അദ്ദേഹം നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
1981-1983: ABVP വിഭാഗ് ഓർഗനൈസിംഗ് സെക്രട്ടറി, കോഴിക്കോട്.
1983-1994: ABVP സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി.
1987-1990: ABVP അഖിലേന്ത്യാ സെക്രട്ടറി.
1994 മുതൽ 1996 വരെ ABVP അഖിലേന്ത്യാ ജനറൽ സെക്രട്ടറി.
1997 ൽ കേരളത്തിലെ ഖാദി ഗ്രാമീണ വ്യവസായ കമ്മീഷനിൽ പ്രോജക്ട്. കേരളത്തിലേക്ക് മടക്കം.

1999-2002: നെഹ്രു കേന്ദ്ര കേന്ദ്ര വൈസ് ചെയർമാൻ.
2002-2004: ഡയറക്ടർ ജനറൽ, നെഹ്രു യുവ കേന്ദ്ര, യൂത്ത് എംപ്ലോയ്മെന്റ് ജനറേഷൻ ടാസ്ക് ഫോഴ്സ് (ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി കമ്മീഷൻ) കൺവീനർ. നാഷണൽ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് സ്ഥാപക പ്രസിഡന്റ് ആയി ചുമതലയേറ്റു.

2004: ബി.ജെ.പി എൻ.ജി.ഒ സെൽ ദേശീയ കൺവീനർ.
2005: ബി.ജെ.പി ആൾ ഇന്ത്യ ട്രെയിനിംഗ് സെൽ കൺവീനർ
2006-2010: വൈസ് പ്രസിഡന്റ്, കേരള ബി.ജെ.പി.
2010-2015: കേരളാ ബി.ജെ.പി പ്രസിഡന്റ്.
2018 ഏപ്രിൽ മാസത്തിൽ മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, പാർലമെന്റിന്റെ വിദേശകാര്യവകുപ്പിലെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗമായിരുന്നു, റെയിൽവേ മന്ത്രാലയത്തിലെ കൺസൽട്ടീവ് കമ്മറ്റി അംഗം, ചെന്നൈയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി കോർട്ട് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പൊൾ ആന്ധ്രാപ്രദേശ് ബി.ജെ.പി ഇൻചാർജ്ജ് ആണ്. കേന്ദ്രമന്ത്രിയും ആണ്.
ചെളന്നൂർ എസ്. എസ് കോളേജിൽ സംസ്കൃത അദ്ധ്യാപികയായ കെ. എസ്സ്. ജയശ്രീ ആണ് ഭാര്യ. കോഴിക്കോട്, എരഞ്ഞിപ്പാലത്താണ് താമസിക്കുന്നത്.

No comments:

Powered by Blogger.