പ്രചാരണ വിഷയങ്ങളിൽ രാഹുലും, മോദിയും കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു
തെരെഞ്ഞെടുപ്പ് അജണ്ടകൾ വഴിമാറി സഞ്ചരിച്ചുവോ? പ്രചാരണ വിഷയങ്ങളിൽ രാഹുലും, മോദിയും കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.
കഴിഞ്ഞ അഞ്ചു വര്ഷം ഭരിച്ച മോദി സർക്കാർ ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് 50 കോടി പേർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകിയത് തന്നെ. ശൗചാലയ നിർമാണവും, ഉജ്വല യോജനയും, കിസ്സാൻ സമ്മാൻ നിധിയും തുടങ്ങി നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കി. അതിനെ തീർച്ചയായും സ്വാഗതം ചെയ്യേണ്ടതാണ്. പക്ഷെ ഇതൊക്കെ കാര്യമായ പ്രചാരണ വിഷയമായോ?
എന്നാൽ വിദേശത്തു നിക്ഷേപിച്ച കള്ളപണം തിരിച്ചു കൊണ്ട് വരിക, കർഷകരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, തൊഴിൽ ലഭ്യതയിൽ നേരിട്ടുള്ള വർദ്ധനവ് ഉണ്ടാകാതിരിക്കുക തുടങ്ങി ചില മേഖലകളിൽ സർക്കാരിന് കൂടുതൽ മുന്നോട്ടു പോകാൻ കഴിയുമായിരുന്നു.
തെരെഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തിന്റെ വികസന കാര്യങ്ങളിലുള്ള നേട്ടവും കോട്ടവും ഒട്ടും തന്നെ ചർച്ച ചെയ്തില്ല. വികസനവും നീതിയും വാഗ‌്ദാനം ചെയ്യുന്ന മുദ്രാവാക്യങ്ങളെ രാജ്യസുരക്ഷയും തീവ്രദേശീയതയും കീഴടക്കിയെന്നതാണ‌് ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സവിശേഷത. ജനകീയപ്രശ‌്നങ്ങളെ തമസ‌്കരിക്കാൻ വിദ്വേഷപ്രചാരണവും പോർവിളിയും അധിക്ഷേപങ്ങളും മാത്രമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വച്ചത്.
പുല്വമായും തുടർന്നുണ്ടായ ബാലകോട്ടും, ചൗക്കിദാർ പ്രയോഗങ്ങളും, രാജീവ് ഗാന്ധിയുടെ കുറ്റങ്ങളും കുറവുകളും മാത്രമായി തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാറി. രാഷ്ട്രീയമായി തങ്ങളുടെ വിഷയങ്ങൾ ജനങളുടെ മുന്നിൽ വെക്കുന്നതിനു പകരം വ്യക്തിപരമായി ആക്രമിക്കുന്നതിലായിരുന്നു ഏവർക്കും താല്പര്യം. ചൗക്കിദാർ ചോർ ഹെ എന്ന ഒറ്റ പ്രയോഗത്തിൽ മാത്രം രാഹുൽ ഗാന്ധി ഒതുങ്ങി നിന്നത് പ്രതിപക്ഷത്തിന് ക്ഷീണമുണ്ടാക്കുക മാത്രമാണ് ചെയ്തത്. രാജ്യ സുരക്ഷാ വിഷയങ്ങളിൽ ഉത്തരേന്ത്യക്കാർ വൈകാരികമായി പ്രതികരിക്കുന്നവരാണ്. പഞ്ചാബ് കേന്ദ്രീകരിച്ചു വിഷയങ്ങൾ മാറ്റി പിടിക്കുന്നതിൽ കോൺഗ്രസ്സ് പരാജയപെട്ടു. വരാനിരിക്കുന്ന അഞ്ചു വർഷം തങ്ങൾ എന്ത് ചെയ്യുമെന്ന് കോൺഗ്രസോ രാഹുലോ പറഞ്ഞില്ല. ഇത് തിരിച്ചടിയാകാം.
എന്തായാലും തെരെഞ്ഞെടുപ്പ് പ്രചാരണ അജണ്ടകൾ സെറ്റു ചെയ്യുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നന്നേ പരാജയപെട്ടു. അടുത്ത അഞ്ചു വര്ഷം ഇന്ന രാഷ്ട്രീയ പാർട്ടി ജയിച്ചാൽ രാജ്യം എങ്ങനെ മുന്നോട്ടു ഗമിക്കുമെന്നു ഒരു വോട്ടർക്ക്, വോട്ടു ചെയ്യുന്നതിന് മുൻപേ തീരുമാനിക്കാൻ കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയും, നരേന്ദ്ര മോദിയും തമ്മിലുള്ള യുദ്ധമായിരുന്നില്ല നടക്കേണ്ടിയിരുന്നത്. മറിച്ചു കോൺഗ്രസ്സും ബിജെപിയും മുന്നോട്ടു വച്ച പ്രകടന പത്രികകൾ തമ്മിലായിരുന്നു എന്നാണു പൊതു ജനങ്ങളുടെ വിലയിരുത്തൽ. അങ്ങനെ ആയിരുന്നു നടക്കേണ്ടിയിരുന്നത്.
സ്പെഷ്യൽ ന്യൂസ് ഡെസ്ക്
No comments: