കെ സുരേന്ദ്രൻ : അവസാനഘട്ട കണക്കിലും ശുഭ പ്രതീക്ഷയോടെ ബി ജെ പി
കെ സുരേന്ദ്രൻ : അവസാനഘട്ട കണക്കിലും ശുഭ പ്രതീക്ഷയോടെ ബി ജെ പി
പത്തനംതിട്ട: നിരവധി തവണത്തെ കൂട്ടലിനും കിഴിക്കലിനും ശേഷം ബി ജെ പി പത്തനംതിട്ട ജില്ലാ നേതൃത്വം എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന്റെ വിജയം ഉറപ്പിക്കുന്നു. ബൂത്ത്, ശക്തികേന്ദ്ര പ്രതിനിധികളുടെ നേതൃ സംഗമം ഇന്നലെ അബാൻ ഓഡിറ്റോറിയത്തിൽ ചേർന്ന് ഇഴകീറിയുള്ള പരിശോധനക്ക് തെരെഞ്ഞെടുപ്പിൽ ഉണ്ടായ അടിയൊഴുക്കുകളെ വിധേയമാക്കിയിരുന്നു. പത്തനംതിട്ട ജില്ല ബി ജെ പി യുടെ ശക്തി കേന്ദ്രമായി മാറുന്നുവെന്നാണ് പൊതുവെ ബി ജെ പി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഈ വിലയിരുത്തലിലാണ് പഞ്ചായത്ത്, നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ പ്രവർത്തനം ഇപ്പോഴേ ആരംഭിച്ചിരിക്കുന്നത്. പാർലമെന്റ് തെരെഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്കുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ഉപാധ്യക്ഷൻ ജി രാമൻ നായർ ഉൾപ്പടെ ഇപ്പോഴും മണ്ഡലത്തിൽ തമ്പടിച്ചു പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
സിപിഎമ്മിൽ നിന്നും, കോൺഗ്രസ്സിൽ നിന്നും വോട്ടുകൾ ബിജെപിയിലേക്ക് ഒഴികിയെത്തിയിട്ടുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 8% പോൾ വർധന ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണത്തെ സൂചിപ്പിക്കുന്നു എന്നാണു കരുതുന്നത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് പി സി ജോർജ് വഴി വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയിട്ടുണ്ട്. ഇത് വെറും ഊഹാപോഹമല്ല. റബ്ബർ വില വർദ്ധനവ് ബി ജെ പി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തത് ഈ പ്രദേശങ്ങളിലെ ന്യുനപക്ഷങ്ങളെയും സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് കരുതപ്പെടുന്നു. കോൺഗ്രസ്സിലെ ഒരു വിഭാഗം വോട്ടു മെറിച്ചെന്ന ആരോപണവും സജീവമായുണ്ട്.
പത്തനംതിട്ടയിൽ ബി ജെ പി വിജയിച്ചാൽ അത് സി പി എമ്മിനെ സംബന്ധിച്ചു വലിയൊരു തിരിച്ചടിയാകും. തിരുവനനംതപുരത്തു ബി ജെ പി വിജയിച്ചാലും അതിൽ അതിശയം കാണാൻ കഴിയില്ല. കാരണം, മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വെറും അര ശതമാനം വോട്ട് സ്വിങ് വന്നാൽ പോലും അവിടെ ബിജെപിക്ക് വിജയിക്കാം. എന്നാൽ പത്തനംതിട്ടയിൽ വിജയിച്ചാൽ അത് ഇടതു വലതു മുന്നണികളെ തികച്ചും ആശങ്കയിലാഴ്ത്തേണ്ട വസ്തുതയാണ്.
സി പി എമ്മിന്റെ കണക്കനുസരിച്ച് വിജയമാണ് പ്രതീക്ഷിക്കുന്നതെങ്കിലും അവരുടെ ആത്മവിശാസത്തിൽ വലിയ ഇടിവുണ്ട്. കെ സുരേന്ദ്രൻ വിജയിച്ചില്ലെങ്കിൽ ആന്റോ ആന്റണിക്ക് തന്നെയാകും മുൻതൂക്കം. എന്നാൽ 70000 കോൺഗ്രസ്സ് വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിക്കളഞ്ഞു എന്ന സ്ഥാനാർഥിയുടെ പ്രസ്താവന തോൽവി മുന്നിൽ കാണുന്നതിന്റെ സൂചന തന്നെയായാണ് വിലയിരുത്തപ്പെടുന്നത്.
No comments: