തര്‍ത്തീല്‍: ഹോളി ഖുര്‍ആന്‍ പ്രിമിയോ ഗ്രാന്റ് ഫൈനല്‍ മെയ് 29 ന് പത്തനംതിട്ടയില്‍

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി റമളാന്‍ കാമ്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ സംഘടിപ്പിച്ച തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോയുടെ ഗ്രാന്റ് ഫൈനല്‍ മെയ് 29 ന് രാവിലെ ഒമ്പത് മണി മുതല്‍ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

യൂണിറ്റ്, ഡിവിഷന്‍, ജില്ല മത്സരങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നും, നീലഗിരിയില്‍ നിന്നും യോഗ്യത നേടിയവരാണ് തര്‍ത്തീല്‍ ഗ്രാന്‍ഡ് ഫൈനലില്‍ പങ്കെടുക്കുന്നത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനഃപാഠം, ഖുര്‍ആന്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടക്കുക.

വിവിധ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ആയിരക്കണക്കിന് വിദ്വാര്‍ഥികള്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണത്തിലും പഠനത്തിലും കൂടുതല്‍ താത്പര്യമുണ്ടാക്കാനും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഖുര്‍ആന്‍ പഠന പ്രവര്‍ത്തനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കാനുമാണ് എസ് എസ് എഫ് സംസ്ഥാന വ്യാപകമായി തര്‍ത്തീല്‍ സംഘടിപ്പിച്ചത്. സംസ്ഥാന തലത്തില്‍ ജേതാക്കളാക്കുന്നവര്‍ക്ക് സ്വര്‍ണമെഡല്‍ സമ്മാനമായി ലഭിക്കും. സി.പി ഉബൈദുള്ളാ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ രാവിലെ 9 ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യും.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീന്‍ ഹാജി സംബന്ധിക്കും. 

വൈകിട്ട് നാലു മണിക്ക് സമാപന അവാര്‍ഡ് ദാന സംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം.എല്‍ എ അവാര്‍ഡ് ദാനം നിര്‍വഹിക്കും, സമസ്ത കേന്ദ്രമുശാവറ അംഗം എച്ച്. ഇസുദ്ദീന്‍ കാമില്‍ സഖാഫി ഖുര്‍ആന്‍ പ്രഭാഷണം നടത്തും. ഇഫ്ത്താര്‍ സംഗമത്തോടെ തര്‍ത്തില്‍ ഹോളി ഖുര്‍ആന്‍ പ്രോഗ്രാം സമാപിക്കും.

No comments:

Powered by Blogger.