VKNMVHSS: അറിവുത്സവം 2022 - അത്യുജ്ജ്വലം



പത്തനംതിട്ട: മാനേജ്‍മെന്റും, വിദ്യാർഥികളും, രക്ഷകർത്താക്കളും, പഞ്ചായത്തു മെമ്പറും, അധ്യാപകരും ഒക്കെ ഒന്നായി ഒരു സ്‌കൂളിന്റെ ഉയിർത്തെഴുന്നേൽപ്പ് യാഥാർഥ്യമാക്കുന്ന അപൂർവ്വമായ കാഴ്ചയായി ചിറ്റാർ വയ്യാറ്റുപുഴയിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായ വി കെ എൻ എം വി എച്ച് എസ് എസ്സിൽ നടന്ന അവധിക്കാല ശിൽപാശാല.  



സ്‌കൂൾ മാനേജ്മെന്റായ കേരള വെള്ളാള മഹാസഭയുടെ ജനറൽ സെക്രട്ടറി ശ്രി മണക്കാട് ആർ പദ്മനാഭൻ നേരിട്ടെത്തി സ്‌കൂളിലെ കുഞ്ഞു കുട്ടികളെ തോളത്തിരിത്തി നൃത്തം ചെയ്താണ് 3 ദിവസമായി നടന്നു വന്ന പരിശീലന പരിപാടികൾക്ക് തിരശീലയിട്ടത്. സ്ഥലം പഞ്ചായത്തു മെമ്പർ ജോർജുകുട്ടി തെക്കേൽ ആദ്യന്തം കുട്ടികളോടൊപ്പം ചിലവഴിച്ചു ഗുണപാഠങ്ങൾ പഠിപ്പിക്കുകയും കുട്ടികളുടെ ഭക്ഷണം സുരക്ഷാ എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധ പതിപ്പിച്ച് പരിപാടി മികവുറ്റതാക്കുകയും ചെയ്തു. 



മലയാരമേഘലയിലെ സ്കൂളുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയ ട്രയിനിങ്ങ് പ്രോഗ്രാം നടക്കുന്നത്. 160 ഓളം കുട്ടികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരുമാണ് ശിൽപശാലയിൽ പങ്കെടുത്തത്. നാടക് പത്തനതിട്ടയുടെ ജില്ലാ പ്രസിഡൻഡ് മനോജ് സുനി, ട്രഷറാർ കെ എസ് ബിനു, ട്രയിനർ മുരളീധരൻ ചിറ്റാർ, സംഗീതജ്ഞൻ സതീഷ് കുമാർ ചിറ്റാർ, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, പേപ്പർ ക്രാഫ്റ്റ് കലാകാരൻ രാകേഷ് അടൂർ, എം റ്റി സുരേന്ദ്രൻ എന്നിവർ ക്ലാസ്സുകൾ നൽകി. സുനിൽ കർത്തവ്യം, കെ എസ് സുജിത് കുമാർ എന്നിവർ നാടൻ പാട്ട് കളരി നടത്തി. 



മാധ്യമ പ്രവർത്തകൻ സതീഷ് കുമാർ ആർ "നിങ്ങൾക്കും ജേർണലിസ്റ്റാകാം" എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വായന എന്ത് എങ്ങനെ എന്ന വിഷയത്തിൽ പ്രശസ്ഥ ഗ്രന്ഥശാലാ പ്രവർത്തകൻ കെ ബി സാബു ക്ലാസ്സ് നയിച്ചു. വിദ്യാഭ്യാസ പരിശീലകൻ മണക്കാട് ആർ പദ്മനാഭൻ അദ്ധ്യാപക രക്ഷകർതൃക്കൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം നടത്തി.  


17 ആം തീയതി രാവിലെ 10 മണിക്ക് സ്കൂൾ മാനേജരും മുൻ MLA യുമായ ശ്രീ പുനലൂർ മധു ഉദ്ഘാടനം ചെയ്ത ക്യാമ്പ് കെ വി എം എസ് സംസ്ഥാന പ്രസിഡൻഡ് എൻ മഹേശൻ ഭദ്ര ദീപം തെളിയിച്ചതോടെ ആരംഭിച്ചു.  കെ വി എം എസ്‌ സംസ്ഥാന വക്താവ്  കെ.ബി സാബു, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വേണുഗോപാല പിള്ള സീതത്തോട് എന്നിവർക്കായിരുന്നു  ക്യാമ്പിന്റെ ചുമതല. 



ക്യാമ്പിന് അവസാനം കുട്ടികൾ അവരുടെ ഭാവിയുടെ നൻമ ലക്ഷ്യമാക്കി സമയോചിതമായി പ്രവർത്തിക്കുന്ന മാനേജ് മെന്റിന്  "ആറൻമുള കണ്ണാടി " സമർപ്പിച്ചു.  സ്കൂൾ അഡ്മിനിസ്ട്രേറ്റർ  വേണു ഗോപാല പിള്ള സീതത്തോട് ഉപഹാരം ഏറ്റു വാങ്ങി.

No comments:

Powered by Blogger.