സാധാരണ കടുവകളിൽ നിന്ന് വ്യത്യസ്തമായ സ്വഭാവ വൈശിഷ്ട്യം പുലർത്തുന്ന കടുവയാണ് നാട്ടിലിറങ്ങിയിരിക്കുന്നതെന്നു വനം വകുപ്പുദ്യോഗസ്ഥർ

നാട്ടിലിറങ്ങിയ കടുവ ശക്തിമാൻ മാത്രമല്ല ബുദ്ധിമാനും ആണ്

വടശേരിക്കര: സാധാരണ കടുവകളിൽ നിന്ന് വ്യത്യസ്തമായ സ്വഭാവ വൈശിഷ്ട്യം പുലർത്തുന്ന കടുവയാണ് നാട്ടിലിറങ്ങിയിരിക്കുന്നതെന്നു വനം വകുപ്പുദ്യോഗസ്ഥർ.  കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന വിധത്തിലാണ് കടുവ പെരുമാറുന്നത്.  ജനവാസ കേന്ദ്രങ്ങളിലെ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമികൾ കാട് പിടിച്ചു കിടക്കുന്നത്‌ വലിയ വെല്ലുവിളിയാണുയർത്തുന്നത്. ഇതിനിടയിൽ പെറ്റു പെരുകി കൂടിയ പന്നികളും, മറ്റു മൃഗങ്ങളുമാകാം പ്രധാന ഭക്ഷണം. ഇതാണ് കാട്ടിലേക്ക് തിരിച്ചു കയറാതിരിക്കുന്നതിന് കടുവയെ പ്രേരിപ്പിക്കുന്നത്. നാട്ടിൻ പുറങ്ങളിലെ കാടുകളിൽ പതിയിരിക്കുന്ന കടുവയെ തേടി നടക്കുന്നത് വലിയ പ്രതിസന്ധി സൃഷിടിക്കുന്നു. വേട്ടയാടിയ മൃഗങ്ങളുടെ അവശിഷ്ടവും കൂടുകളിൽ നിക്ഷേപിച്ചു കാത്തിരുന്നിട്ടും കടുവ അത് ഭക്ഷിക്കാൻ എത്താതെ മറ്റു താവളങ്ങളിലേക്കു രക്ഷപെട്ടു പോകുകയാണ്.  

മാംസഭുക്കുകൾ ആയ മാർജ്ജാരകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. ജീവികളുടെ ആഹാരശൃംഖലയിലെ ഏറ്റവും ഉയർന്ന അംഗം കൂടിയാണ്. കാട്‌ അടക്കിവാഴും വിധം വാസസ്ഥലങ്ങളിൽ അധീനപ്രദേശപരിധി നിലനിർത്തി റോന്തു ചുറ്റുന്ന സ്വഭാവം കടുവക്കുണ്ട്‌. ആൺകടുവകളുടെ ടെറിട്ടറി 70 മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും. പെൺകടുവകൾ 25 ചതുരശ്രകിലോമീറ്ററാണ്‌ അടക്കി വാഴുക. വടശ്ശേരിക്കരയിൽ ചുറ്റി തിരിയുന്ന കടുവ ആൺ വർഗ്ഗത്തിൽ പെട്ടതാണെന്നാണോ പെൺ വർഗ്ഗത്തിൽ പെട്ടതാണോ എന്ന് കരുതുന്നതിൽ വലിയ പാളിച്ച ഉണ്ട്. ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ 25 കിലോമീറ്ററിനുള്ളിൽ മാത്രമേ കടുവ പ്രത്യക്ഷപ്പെടുന്നുള്ളൂ.  എന്നാൽ കാൽപാടുകളും മറ്റും ആൺ കടുവയുടേതിന് തുല്യമാണ്.  മുൻ കാലു പതിയുന്നിടത്തു തന്നെയാണ് കടുവയുടെ പിൻകാലും പതിയുക. ഇതാണ് കടുവ തന്നെയാണ് നാട്ടിലലയുന്നതെന്നു പ്രാഥമികമായി ഉദ്യോഗസ്ഥർ തീരുമാനിക്കാൻ കാരണം. ജലസാമീപ്യമുള്ള പ്രദേശങ്ങളാണ്‌ കടുവകൾക്കു കൂടുതൽ ഇഷ്ടം.

കാട്ടിലെ കിരീടം വെക്കാത്ത രാജാവാണ് കടുവയെന്നു പൊതുവെ പറയാം. കടുവയുടെ മുഖത്തു ദൃശ്യമാകുന്ന ശൗര്യവും, ഗൗരവവും മറ്റു ജീവികളെ കാഴ്ചയിൽ തന്നെ ഭയപ്പെടുത്തും.  പ്രായമേറുകയോ അംഗഭംഗം വരുകയോ ചെയ്താൽ ശക്തിയേറിയ മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നതിനു കഴിയാതെ വരും. ഇത്തരം സന്ദർഭങ്ങളിലാണ് പട്ടി, ആട് മുതലായവയെ പിടിക്കാൻ കാട്ടരുകുകളിലേക്കു ഇവ എത്തുന്നത്.  എന്നാൽ അവിടെ മനുഷ്യ വാസം ഉണ്ടെന്നു കണ്ടാൽ തിരിച്ചു കാടുകയറുകയാണ് പതിവ്.  കടുവയെ പറ്റിയുള്ള പൊതു ധാരണകളാണ് ഇതെങ്കിലും ഇപ്പോൾ നാട്ടിൽ ഭീതി പരത്തുന്ന കടുവ വനവകുപ്പു ഉദ്യോഗസ്ഥരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ്.

No comments:

Powered by Blogger.