സ്വജീവൻ പണയം വച്ച്, ഉണ്ണാതെ.. ഉറങ്ങാതെ... വനപാലകർ. കടുവയെ കുടുക്കാൻ 4 ഡോക്ടർ മാരും.

ഉറക്കമിളച്ച് വനപാലകർ: പട്ടയ ഭൂമികളിലെ കാടുകളിലൊളിച്ച് കടുവ: ഭീതിയോടെ വടശേരിക്കര

ഊണില്ല.. ഉറക്കമില്ല.  കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് നമ്മുടെ വടശേരിക്കരയിലുള്ള വനപാലകർ. അവധി ഒക്കെ അവകാശമാണ്.  പക്ഷെ അവരവധി എടുക്കാതെ, വിശ്രമിക്കാതെ രായില്ലാതെ, പകലില്ലാതെ നിതാന്തര ജാഗ്രതയിലാണ്. ഒരിലയനക്കം കേട്ടാൽ പോയിന്റ് ബ്ളാങ്കിലേക്കു തിരിയുന്ന തോക്കുകൾ.  അതിനിടയിൽ കടുവ പറന്നു വന്നാൽ അവിടെ തീരും എല്ലാം. നാം മനസ്സിലാക്കുന്നതിലും ഏറെ ഘോരമായ ദുരന്ത മുഖത്താണ് റാന്നി വനം ഡിവിഷനിലെ നിരവധി ഉദ്യോഗസ്ഥർ. മല്ലിടേണ്ടത് മനുഷ്യനോടല്ല. നരഭോജി കടുവയോടാണ്. എങ്ങോ വായിച്ച പഴം കഥപോലെ!

ജനവാസ കേന്ദ്രങ്ങളിൽ കിലോമീറ്ററുകൾ ദൂരത്തിൽ ഇടയ്ക്കിടെ കടുവ പ്രത്യക്ഷപ്പെടുന്നതിനാൽ അവധി എടുക്കാതെ 24 മണിക്കൂറും കടുവയെ കുടുക്കുന്നതിനായി പരിശ്രമിക്കുകയാണ് ഇവർ. സാധാരണ മനുഷ്യവാസ മേഖലകളിൽ നിന്ന് കടുവ എത്രയും പെട്ടെന്ന് രക്ഷപെട്ട് കാട്ടിലേക്ക് കയറിപോകുകയാണ് പതിവ്.  എന്നാൽ ഇപ്പോൾ ഭീഷണി ആയിരിക്കുന്ന കടുവ മനുഷ്യ വാസ കേന്ദ്രങ്ങളിൽ വളർന്നു നിൽക്കുന്ന കാടുകളിൽ ഒളിച്ചു കഴിയുകയാണ്. മനുഷ്യർക്കും, വളർത്തു മൃഗങ്ങൾക്കും കടുവ ഭീഷണിയാകുന്നതാണ് വനം വകുപ്പുദ്യോഗസ്ഥരെ ഏറെ ആശങ്ക പെടുത്തുന്നത്.

കടുവയെ കണ്ടെത്തുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. റാന്നി ഡി എഫ് ഒ ഉണ്ണികൃഷ്ണൻ, എ സി എഫ് ഹരികൃഷ്ണൻ, വടശ്ശേരിക്കര റേഞ്ച് ഓഫിസർ വി വേണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ ഏകീകരിപ്പിക്കുന്നത്. വയനാട്ടിൽ നിന്നെത്തിയ വൈൽഡ് ലൈഫ് ഡോക്ടർമാരായ അരുൺ, സഖറിയ, വിഷ്ണു, ശ്യാമ എന്നിവരും രംഗത്തുണ്ട്.  ആർ അതീഷ്, മണി തുടങ്ങിയവരും അശ്രാന്ത പരിശ്രമത്തിലാണ്.  ഡ്രോണുകൾ ഉപയോഗിച്ചാണ് കടുവയുടെ സ്ഥാനം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. വെടിക്കോപ്പുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും ഒരുക്കിയിട്ടുണ്ട്.  രാത്രിയിൽ സേർച്ച് ലൈറ്റ് ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.  കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും കടുവയുടെ സാന്നിധ്യം ഇപ്പോഴും തുടരുകയാണ്. കടുവകൾ പ്രത്യക്ഷപ്പെടാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങൾ രാത്രിയിൽ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.  വടശേരിക്കര, ചിറ്റാർ തുടങ്ങിയ രണ്ടു പഞ്ചായത്തുകളിലെ 2 വാർഡുകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

മനുഷ്യനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനാൽ നരഭോജി ഗണത്തിലേക്ക് ഈ കടുവയെ പരിഗണിക്കാവുന്നതാണ്. അതിനാൽ അതീവ സൂക്ഷ്മതയോടെയേ കടുവയെ കുടുക്കാനാകൂ.  മനുഷ്യനെ കണ്ടാൽ അവരുടെ നേർക്ക് ചീറിപ്പാഞ്ഞു വരുന്ന പ്രകൃതമാണ്.  ഇത് കടുവയുടെ സ്ഥാനം കണ്ടെത്തുന്നതിൽ വലിയ വെല്ലുവിളിയാണുയർത്തുന്നത്. അതായത് ജീവൻ പണയം വച്ചാണ് ഉദ്യോഗസ്ഥർ കടുവയെ കുടുക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു നടപ്പിലാക്കുന്നത്. 

No comments:

Powered by Blogger.