സഹായത്തിനാരുമില്ലാതെ സിസ്റ്റർ ലൂസിയ. രാഷ്ട്രീയ പാർട്ടികളും, മതങ്ങളും കടുത്ത ആലോചനയിലാണ്. എങ്ങനെ സിസ്റ്റർ ലൂസിയയുടെ ചാരിത്ര്യം തകർത്തെറിഞ്ഞു വെറുക്കപെട്ടവളാക്കാം?

ലൂസിയ സിസ്റ്ററിനു സംഭവിച്ചത് പോലെ ഏതെങ്കിലും ഒരു വേശ്യാലയത്തിൽ വഴിപിഴച്ച ഒരു സ്ത്രീക്ക് സംഭവിച്ചിരുന്നെങ്കിൽ പോലും, ഇവിടുത്തെ സാമൂഹിക, സാംസ്കാരിക, സിനിമ, രാഷ്ട്രീയ  പ്രവർത്തകർ നിലവിളക്കും, നിറമാലയുമായി അവിടെ എത്തുമായിരുന്നു.  സ്ത്രീയുടെ അവകാശങ്ങൾ കവരുന്നു, മനുഷ്യാവകാശം കശക്കി എറിയുന്നു എന്നൊക്കെ പറഞ്ഞു എന്ത് ബഹളമുണ്ടാകുമായിരുന്നു? നിങ്ങൾ വായനക്കാർ ഒന്നാലോചിച്ചു നോക്കുക.

വനിതാ കമ്മീഷൻ അവിടെ കുത്തിയിരുന്നു തകർപ്പൻ പ്രകടനം നടത്തുമായിരുന്നു. മുഖ്യമന്ത്രി ഡി ജി പി യുമായി പ്രത്യേക ചർച്ച നടത്തുമായിരുന്നു. എന്തെല്ലാം പുകിലുകൾ നാം കണ്ടേനേ? ചെന്നിത്തല വരുന്നു, കാനം വരുന്നു, ശ്രീധരൻ പിള്ള വരുന്നു. ബിഷപ്പ് മാർ അഭിപ്രായം പറയുന്നു, സുകുമാരൻ നായർ, വെള്ളാപ്പള്ളി, പുന്നല ശ്രീകുമാർ എന്ന് വേണ്ട ജഗ പൊക. മമ്മൂട്ടി കെട്ടി പിടിക്കുന്നു, മോഹൻ ലാൽ പോസ്റ്റിടുന്നു. 

സിസ്റ്റർ ലൂസി കളപ്പുരക്കെലിനെ മഠത്തിൽ പൂട്ടിയിട്ടതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണവുമായി മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ ആയ വൈദികൻ രംഗത്തു വന്നു. സിസ്റ്റർ ലൂസിയയെ അപമാനിക്കുന്ന വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചത് നമ്മുടെ നാട്ടിലെ ഡി വൈ എഫ് ഐ ക്കാരും, യൂത്ത് കോൺഗ്രസ്സുകാരും, യുവ മോർച്ചക്കാരും ഒക്കെ കണ്ടതാണ്.  ഇത് പച്ച കള്ളമാണെന്ന് ഇവർക്കെല്ലാം നന്നായി അറിയാവുന്നതുമാണ്. പക്ഷെ കമാ എന്നവരാരും മിണ്ടിയില്ല. മിണ്ടില്ല. വനിതാ സംഘടനകൾ മുടിയാട്ടം നടത്തുന്നില്ല.  യുവജന കമ്മീഷന്റെ ജിമിക്കി കമ്മലില്ല.

അവസാനം സിസ്റ്റർ സ്വയം വൈദികനെതിരെ പൊലീസിൽ പരാതി നൽകി. പോലീസ് അത് തലയ്ക്കു ചുറ്റി വത്തിക്കാനിലേക്കുള്ള ചവറ്റു കുട്ടയിൽ പോലും ഇട്ടതായി അറിവില്ല. സംഗതി നടന്നിട്ടു പത്തു പ്രാവശ്യം അറസ്റ്റും, തെളിവെടുപ്പും കഴിയേണ്ട സമയം കഴിഞ്ഞു.

സിസ്റ്റർ ലൂസിക്കെതിരായ സഭാനടപടികൾക്ക് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ അപവാദ പ്രചാരണം തുടങ്ങിയത്. സഭയിലെ കാര്യം തന്നെ സഭാ കാര്യമാണെന്ന് പറഞ്ഞു ഒഴിയാൻ കഴിയുന്നതല്ല. ഇത് അപ്പത്തിന്റെയും വീഞ്ഞിന്റെയും കാര്യമല്ല.  മാനന്തവാടി രൂപതയിലെ പി.ആർ.ഒ ടിം അംഗമായ ഫാദർ നോബിൾ പാറയ്ക്കലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ യൂട്യൂബിലിട്ടത്. ഉടൻ അറസ്റ്റു നടക്കേണ്ട കുറ്റ കൃത്യമാണ്. ലൂസിയെ കാണാനെത്തിയ രണ്ടു മാധ്യമ പ്രവർത്തകർ മഠത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അടുക്കള വാതിലിലൂടെ അകത്തേക്ക് പുരുഷന്മാരെ കയറ്റുന്നു എന്ന പേരിലാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഒരു വർഷമായി മoത്തിന്റെ പ്രധാന വാതിൽ സ്ഥിരമായി പൂട്ടിയിടുന്നതിനാൽ എല്ലാവരും ഈ വാതിലാണ് ഉപയോഗിക്കുന്നത്.

ഇത്ര വലിയ ക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടും എന്താണ് സിസ്റ്റർ ലൂസിയെ ആരും സഹായിക്കാത്തത്? നിങ്ങൾ പാർട്ടിക്കാർ ചിന്തിച്ചില്ലെങ്കിലും കേരളത്തിലെ സാധാരണ ജനങ്ങൾ ഇതൊക്കെ ചിന്തിക്കുന്നുണ്ട്. സിസ്റ്റർ ലൂസിയയെ സപ്പോർട് ചെയ്യാൻ വന്നാൽ സഭ പിണങ്ങും. സഭ പിണങ്ങിയാൽ വോട്ടു പോകും.  മനുഷ്യാവകാശ ലംഘനവും, സ്ത്രീ സമത്വവുമൊക്കെ അവിടെ കിടക്കും. അതൊക്കെ പുഴുങ്ങി തിന്നാൻ മാത്രമുള്ള സാധനങ്ങളാണ്. 

സിസ്റ്റർ ലൂസിയ്ക്കനുകൂലമായി പറഞ്ഞാൽ ബി ജെ പി ക്കും വോട്ടു നഷ്ടപ്പെടുമോ? അതാണ് മനസ്സിലാകാത്തത്?  അശരണർക്കും അബലകൾക്കും ജീവന്റെ അവസാന തുള്ളി രക്തവും, അവസാന ശ്വാസവും കൊടുക്കണമെന്നാണ് ആർ എസ് എസ് തങ്ങളുടെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്? എങ്കിപ്പിന്നെ അവരുടെ രാഷ്ട്രീയ സംഘടനയായ ബി ജെ പി യോ, മഹിളാ മോർച്ചയോ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്?  അതാണ് നമുക്ക് അതിശയമുണ്ടാക്കുന്ന വലിയ വസ്തുത. 

അതായത് ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളും, സാംസ്കാരിക നായകരും മറ്റും തമ്മിൽ ഒരു പൊതു ധാരണ ഉണ്ട്.  ഇന്നതിനു പ്രതികരിക്കണം. ഇന്നതിനു പ്രതികരിക്കരുത്.  തോന്നുന്നത്, ഇവരെല്ലാവരും ഒരു കോൺഫെഡറേഷനാണ്. വിഷയങ്ങളുമായി ഇവരെ സമീപിക്കുമ്പോൾ ഓരോ സാധാരണക്കാരനും ഇതോർക്കുന്നതു നന്ന്.

ഇനി അഥവാ ഒരു ബൈറ്റ് എങ്കിലും കൊടുക്കണമെങ്കിൽ, സി പി എമ്മിൽ വി എസ് അച്യുദാനന്ദനെയോ, കോൺഗ്രസ്സിൽ വി എം സുധീരനെയോ, ബി ജെ പി യിൽ കെ സുരേന്ദ്രനെയോ സമീപിക്കണം. ബാക്കി എല്ലാം മാത്തമാറ്റിക്സ് ആണ്.  ഇങ്ങനെയാണ് പൊതു ജനം പറയുന്നത്. ഏയ്, ഇത് പെൻ ഇന്ത്യ ന്യുസിന്റെ അഭിപ്രായമേ അല്ല. 

No comments:

Powered by Blogger.