കാലവര്‍ഷക്കെടുതി : തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും: മന്ത്രി ജി. സുധാകരന്‍

അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ അനുവദിച്ചു

ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടല്‍ ക്ഷോഭവും നാശനഷ്ടവും ഉണ്ടാകുന്ന ജില്ലയായ ആലപ്പുഴയിലെ തീരപ്രദേശങ്ങളെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിയമസഭയിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, ജി.സുധാകരന്‍, കെ.കൃഷ്ണന്‍കുട്ടി, പി.തിലോത്തമന്‍, മേഴ്‌സിക്കുട്ടിയമ്മ, ആലപ്പുഴ എം.പി അഡ്വ. എ.എം.ആരിഫ്, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജലവിഭവ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ജില്ലയില്‍ കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് അടിയന്തിര പ്രവൃത്തികള്‍ നടപ്പിലാക്കുന്ന പട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ, പാനൂര്‍, കോമന, മാധവമുക്ക്, നീര്‍ക്കുന്നം, വണ്ടാനം, വളഞ്ഞവഴി, പുന്നപ്ര, പാതിരപ്പള്ളി, ഓമനപ്പുഴ, കാട്ടൂര്‍ കോളേജ് ജംഗ്ഷന്‍, ഒറ്റമശ്ശേരി, ആയിരംതൈ, അര്‍ത്തുങ്കല്‍, ആറാട്ടുവഴി, പള്ളിത്തോട് എന്നീ പ്രദേശങ്ങള്‍ക്ക് 5 കോടി രൂപ അടിയന്തിരമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ജിയോബാഗ് അടിയന്തിരമായി വാങ്ങുന്നതിലേക്ക് ജില്ലാ കളക്ടര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് അനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അക്കൊണ്ടില്‍ നിന്നും പണം അഡ്വാന്‍സ് ചെയ്യേണ്ടതും, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ആവശ്യമായ ബാഗുകള്‍ അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രദേശവാസികളുടെ കൂടി തൊഴില്‍ പങ്കാളിത്തത്തോടെ രൂക്ഷമായ കടലാക്രമണ ബാധിത പ്രദേശത്ത് ഉടനടി ജിയോ ബാഗുകള്‍ വിന്യസിക്കും. ഈ പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരംഭിച്ച് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് സ്ഥലത്തെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു ജനകീയ കമ്മറ്റി രൂപീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തോട്ടപ്പള്ളിയില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി 85 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം താത്കാലികമായി പലഭാഗങ്ങളിലും കല്ലിട്ടെങ്കിലും ശാശ്വതപരിഹാരം ആയിട്ടില്ല. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കല്ലിടുന്നതിനായി 45.5 കോടി രൂപ അനുവദിക്കുകയും ഐ.ഐ.ടി യുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കല്ലിടുന്നതിന് പ്രോജക്ട് തയ്യാറാക്കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയുമാണ്. ഇതോടൊപ്പം കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട 121 കുടുംബങ്ങള്‍ വിവിധ ക്യാമ്പുകളില്‍ കഴിയുകയായിരുന്നു. ഇവര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിന് 10 ലക്ഷം രൂപ വീതം നല്‍കുവാനും സ്ഥലം വാങ്ങുന്നവര്‍ക്ക് പണം നല്‍കുകയും ചെയ്ത് വരികയാണെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

No comments:

Powered by Blogger.