പ്രതിപക്ഷം ഇല്ലെന്നത് ഇന്ത്യൻ ജനാധിപത്യത്തിന് നല്ലതോ ചീത്തയോ: സതീഷ് കുമാർ ആർ എഴുതുന്നു
പ്രതിപക്ഷം ഇല്ലെന്നത് ഇന്ത്യൻ ജനാധിപത്യത്തിന് നല്ലതോ ചീത്തയോ: സതീഷ് കുമാർ ആർ പെൻ ഇന്ത്യ ന്യുസിൽ എഴുതുന്നു.

ഒന്നാം മോദി സർക്കാരിന്റെ കാലത്തും, രണ്ടാം മോദി സർക്കാരിന്റെ കാലത്തും ഇന്ത്യൻ പാർലമെന്റിൽ ഔദ്യോഗിക പ്രതിപക്ഷം ഇല്ല. പ്രതിപക്ഷ സ്ഥാനം നിയമപരമായി അവകാശപ്പെടാൻ തക്കവണ്ണം അംഗ സംഖ്യ ഉള്ള ഒരു പാർട്ടി ഇല്ലെന്നതാണ് അതിനു കാരണം. ജനാധിപത്യ വ്യവസ്ഥയിൽ ഒരു നിയമ നിർമാണ സഭയിലെ പ്രതിപക്ഷ നേതാവിന്, പാർലമെന്റിൽ പ്രധാനമന്ത്രിക്ക് തൊട്ടു താഴെയും, നിയമസഭയിൽ മുഖ്യമന്ത്രിക്ക് തൊട്ടു താഴയുമാണ് സ്ഥാനം. വിഷയങ്ങൾ അവതരിപ്പിക്കുന്നതിനോ, ചർച്ചകളിൽ ഇടപെടുന്നതിനോ പ്രത്യേക അധികാരങ്ങൾ ഉണ്ട്. ക്യാബിനറ്റ് റാങ്കാണ് പ്രതിപക്ഷ നേതാവിന്റേത്. സഭാ നേതാവിന് കിട്ടുന്ന അതെ പ്രാധാന്യം മാധ്യമങ്ങളും നൽകുന്നു. പ്രോട്ടോ കോളിലും ഉന്നത സ്ഥാനമുണ്ട്.
ലോക സഭയിൽ ഏതാണ്ട് മൂന്നിൽ രണ്ടു ഭൂരിപക്ഷം എൻ ഡി എ ക്കുണ്ട് എന്ന് പറയാം. രാജ്യ സഭയിൽ 42% പിന്തുണ അവർക്കുണ്ട്. എന്നാൽ കേവലം 17% മാത്രമാണ് യു പി എ യുടെ ലോകസഭയിലെ പ്രാധിനിത്യം. രാജ്യസഭയിലിക്കാട്ടെ 26% വും. ഇന്ത്യയുടെ നിയമ നിർമാണ സഭയിൽ ഈ നമ്പർ വച്ച് എന്ത് ചെയ്യാൻ അവർക്കു കഴിയും. ഇത് വരും ദിവസങ്ങളിലെ ഭരണത്തെ എങ്ങനെ ബാധിക്കും.
യു പി എ യെ സംബന്ധിച്ചിടത്തോളം പ്രകടന പത്രികയിൽ അവർ മുന്നോട്ടു വച്ചിട്ടുള്ള ഏതു വിഷയവും പുഷ്പം പോലെ പാസ്സാക്കി എടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അതിലേറെയും ഇന്ത്യയിലെ പ്രതിപക്ഷം നഖശിഖാന്തം എതിർക്കുന്ന വിഷയങ്ങളാണ്. ബി ജെ പി പ്രകടന പത്രിക മാത്രമല്ല, ആ രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം കൂടിയാണ് നടപ്പാകാൻ പോകുന്നത്. അതായത് വരും കാലങ്ങളിൽ എന്തിന്റെ പേരിലാണോ കോൺഗ്രസ്സ് ഉൾപ്പടെ പച്ച പിടിക്കേണ്ടത് ആ വിഷയങ്ങളിലെല്ലാം കടുത്ത തീരുമാനമെടുക്കാൻ എൻ ഡി എ ക്കു കഴിയും. മാത്രമല്ല ബി ജെ പി ഒരു കേഡർ പാർട്ടിയാണ്. ഈ പത്തു വർഷത്തെ ഭരണം ആ പാർട്ടിയെ ചൈനയുടെ വൻ മതിൽ പോലെ വാർത്ത് ഉയർത്താൻ അവർക്കു കഴിയും. അതായത് അഞ്ചു വർഷത്തിന് ശേഷം കോൺഗ്രസ്സ് പാർട്ടി ഉണ്ടോ എന്ന് പോലും സംശയം ജനിപ്പിക്കുന്നു.
കോൺഗ്രസ്സിന് 52 അംഗങ്ങളുണ്ടെങ്കിലും അതിൽ ബഹുഭൂരിപക്ഷവും ഹിന്ദി സംസാരിക്കുന്നവരല്ല. പലരുടെയും ഇഗ്ളീഷ് ഭാഷ പ്രാവീണ്യം പലപ്പോഴും ചിരി പടർത്തിയിട്ടുള്ളതാണ്. നിയമ നിർമാണ വേളയിൽ ഇതൊരു പോരായ്മയാണ്. എന്തൊക്കെ തത്വ ശാസ്ത്രവും നാനാത്വവും പറഞ്ഞാലും ഭാരത്തത്തിൽ ഹിന്ദി എന്ന ഭാഷ തൽക്കാലം ഒഴിച്ച് കൂടാനാകാത്തതാണ്.
ലോക സഭയിലും രാജ്യ സഭയിലും ഹിന്ദി ഇംഗ്ളീഷ് ഭാഷ പ്രാവീണ്യം വളരെ ശ്രദ്ധേയമാണ്. ഭാഷ വശമില്ലെങ്കിൽ അവിടെ വെറും ഇന്നെസ്സെന്റ് ആയി പോകും.
ബലം കുറവാണെങ്കിലും കോൺഗ്രസ്സിന് ചെയ്യാൻ ഏറെയുണ്ട്. ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്തത് ഒരിക്കലും നല്ലതല്ല. ഇവിടെ അംഗ ബലം കൊണ്ട് മാത്രമല്ല ക്ഷയം, കോൺഗ്രസ്സിലെ കരുത്തരായ പലരും പാർലമെന്റിൽ ഇല്ല. മറ്റൊരു പ്രതിപക്ഷ പാർട്ടിയായ സി പി എമ്മിലെ ഒറ്റ പിബി അംഗമോ, അതിനു തക്ക നേതാവോ ലോകസഭയിലില്ല. അതായത് കോൺഗ്രസ്സിനോ, സിപിഎമ്മിനോ ഒന്നും ചെയ്യാൻ കഴിയില്ല. തമിഴ്‌നാട്ടിലെ ഡി എം കെ ശക്തമായ സാന്നിധ്യമാണ്. ആന്ധ്രാ, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലെ ഉൾപ്പടെ എൻ ഡി എ ഇതര പാർട്ടികളുടെ എല്ലാം ഒരു കൺസോർഷ്യം രൂപീകരിക്കാൻ സാധിക്കും. വിഷയങ്ങളിൽ ഒരു പൊതു നിലപാടെടുക്കാൻ സാധിക്കും. പാർലമെന്റിൽ ഒന്നിച്ചു നിൽക്കാൻ സാധിക്കും. എന്നാൽ പാർലമെന്റ് തുടങ്ങിയിട്ടും ഇത്തരം ചർച്ചകളിലേക്കൊന്നും കടക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരും തോൽവിയുടെ ആഘാദത്തിലാണ്.
അതായത് തെരെഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിട്ടു. അടുത്ത തെരെഞ്ഞെടുപ്പിനു ഇനി നാല് വർഷവും പതിനൊന്നു മാസവുമേ ഉളളൂ. ഇങ്ങനെയാണ് ബി ജെ പി ചിന്തിക്കുന്നത്. എന്നാൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞതല്ലേ ഉള്ളൂ എന്നാണു പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നത്. അതായത് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ബി ജെ പി ക്കു കിട്ടുന്നത്ര സമയം അവർക്കു കിട്ടുന്നില്ല. പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തി നയിക്കേണ്ട രാഹുൽ ഗാന്ധി തീർത്തും നിരായുധനായി അങ്ക തട്ടിൽ അടിയറവു പറഞ്ഞതുപോലെയാണ് പ്രതികരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ലേലം വിളി നടക്കുകയാണ്. ഇതൊക്കെ വല്ലാതെ ദുർബലപ്പെടുത്തും. മറ്റുള്ളവർ രാഹുലിന് ഒരു ബലം കൊടുക്കില്ല. പാർലമെന്റിന്റെ ആദ്യ ദിവസം തന്നെ വലിയ തെറ്റാണ് രാഹുൽ ചെയ്തത്. ഇതൊക്കെ കോൺഗ്രസ്സ് കാർക്ക് മുഴുവൻ നാണക്കേടുണ്ടാക്കും. രാഹുൽ ശക്തി പ്രാപിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ബി ജെ പി പോലും കോൺഗ്രസ്സ് മുക്ത ഭാരതം ഉപേക്ഷിച്ചെന്നോർക്കണം. മോദിയെപ്പോലെ എല്ലാ ഇന്ത്യൻ നേതാക്കളും കരുത്തരാകുമ്പോഴാണ് രാജ്യം കൂടുതൽ ശക്തി പ്രാപിക്കുക.
കാര്യം എന്തൊക്കെ പറഞ്ഞാലും ഇന്ത്യ മുഴുവൻ ചിന്നി ചിതറി കിടക്കുന്ന പ്രതിപക്ഷ കക്ഷികൾക്ക് ഒന്നിക്കാൻ രാഹുൽ എന്ന സിംബൽ പോലെ മറ്റൊന്നില്ല. അത് ആദ്യം മനസ്സിലാക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. സർക്കാരുമായി സഹകരിക്കാവുന്ന മേഖലയിൽ സഹകരിച്ചും, എന്നാൽ ശക്തമായ വിഷയങ്ങൾ ഉന്നയിച്ചും 2024 ൽ ഒട്ടൊക്കെ കളം പിടിക്കാൻ ഒരു ശ്രമം പോലും നടത്താൻ പ്രതിപക്ഷം ഇപ്പോഴും തയ്യാറല്ല.
വരാനിരിക്കുന്നത് പ്രകടനപത്രിക നടപ്പാക്കലാവില്ല, മറിച്ച് പ്രത്യയ ശാസ്ത്ര നടപ്പാക്കൽ തന്നെയാകും. അത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ ദർശിച്ചാൽ മതിയാകും. എന്തായാലും ശക്തമായ പ്രതിപക്ഷമില്ലാത്തതു രാജ്യത്തിന് ഒരു നഷ്ട്ടം തന്നെയാണ്.
കരുത്തനായ ഒരു നേതാവല്ല നമുക്ക് വേണ്ടത്. കരുത്തരായ നിരവധി നിയമ നിർമാണ വിദഗ്ധരാണ്. പ്രതിപക്ഷം സൂക്ഷിച്ചില്ലെങ്കിൽ എന്നെന്നേക്കുമായി അവർ ഇന്ത്യൻ ഭരണ സാരഥ്യത്തിൽ നിന്ന് ഔട്ട് ആകും.
Satheesh Kumar R
No comments: