വി കെയറിന് തുണയാകാന്‍.. കുഞ്ഞ്.. വലിയ സമ്പാദ്യം


മാതൃകയായി പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കൊരു സഹായ ഹസ്തവുമായി നിലകൊള്ളുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയ്ക്ക് കൈത്താങ്ങായി കൊല്ലം പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പ്രളയബാധിത പ്രദേശങ്ങളിലെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനായി രൂപീകരിച്ച അധ്യാപക വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഈ കൈത്താങ്ങിന് പിന്നില്‍. കുട്ടികള്‍ നിര്‍മ്മിച്ച കേരള മിത്രം അഥവാ 'കേമി' കുഞ്ഞ് പാവകള്‍ വിറ്റുകിട്ടിയ 35,000 രൂപയാണ് വി കെയറിന് വേണ്ടി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറിയത്. 1,500 പാവകളാണ് കുട്ടികള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയത്.

ജീവിത ദുരിതം അനുഭവിക്കുന്ന 800 ഓളം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ ആശ്വാസമായത്. അപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകനും വിദ്യാര്‍ത്ഥിയുമായ ഷിബിന് ഈ പദ്ധതിയിലൂടെ 4.37 ലക്ഷം രൂപ ചെലവഴിച്ച് കൃത്രിമ കൈ അടുത്തിടെ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഫണ്ടിനോടൊപ്പം സുമനസുകളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. ഈ വാര്‍ത്തയറിഞ്ഞാണ് ഇവരുടെ സമ്പാദ്യം മറ്റുള്ള അവശയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുണയാകാന്‍ വി കെയര്‍ പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ത്ഥികളുടെ ഈ ഉദ്യമത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വി കെയര്‍ പദ്ധതിയ്ക്ക് വളരെയധികം കരുത്താണ് കുട്ടികളുടെ ഈ സമ്പാദ്യമെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയുമായി സംവദിക്കുകയും ചെയ്തു.

സ്‌കൂളിലെ കൂട്ടായ്മ രൂപം നല്‍കിയ സ്‌കൂള്‍ കലണ്ടര്‍, ഓര്‍മ്മ പുസ്തകം, പട്ടത്താനം സ്റ്റുഡന്റ്‌സ് ബിനാലെ പുസ്തകം എന്നിവ കുട്ടികള്‍ മന്ത്രിക്ക് സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍, പി.ടി.എ. പ്രസിഡന്റ് സിന്ദര്‍ലാല്‍, സ്‌കൂള്‍ ചെയര്‍മാന്‍ രാഹുല്‍ എം.ആര്‍., സ്‌കൂള്‍ ലീഡര്‍ നന്ദ ആര്‍., അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Powered by Blogger.