വികസനങ്ങളുടെ പേരുപറഞ്ഞ് സ്വന്തം താൽപര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ പ്രവർത്തികൾ തിരിച്ചടികളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ കാലത്ത്, പൈതൃകത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും, പരമ്പരാഗത ഔഷധക്കൂട്ടുകളുടേയുമൊക്കെ കഥ പറയുന്ന "കാട്" എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധനേടുകയാണ്. പ്രകൃതിയുടെ നിലനിൽപ്പ് നോക്കാതെ സ്വാർത്ഥയോടെ എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും, സ്വന്തം ജീവിതത്തിൽ അതിന്റെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുന്ന നിമിഷം, ചെയ്തതൊക്കെ തെറ്റാണെന്ന് മനസിലാക്കിയുള്ള യുവത്വത്തിന്റെ തിരിച്ചുപോക്കാണ് "കാട്" എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
പത്തനംതിട്ട സ്വദേശിയായ രാഹുൽ തിലക് കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങൾ നേടിക്കഴിഞ്ഞു. നിരവധി പുരസ്‌കാരങ്ങൾക്ക് പുറമെ പാലക്കാട് നടന്ന ലീഡ്‌സ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം
ഫെസ്റ്റിവലിൽ ഏറ്റവും മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള പുരസ്ക്കാരവും "കാട്" നേടിക്കഴിഞ്ഞു.
സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സന്നിഹിതരായ നിരവധി വേദികളിൽ ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം ചർച്ചചെയ്യപ്പെടുന്നതും, തനിക്ക് പാരമ്പര്യമായി പകർന്നുകിട്ടിയ ചില സന്ദേശങ്ങൾ ദൃശ്യവത്കരിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ തിലക് പ്രതികരിച്ചു. വയലിൻകര പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിത്ത് മണിയാർ നിർമ്മിച്ച " കാട് "https://youtu.be/CkdOOy-Hso0 യു ടുബ് ലിങ്കിൽ ലഭ്യമാണ്
No comments: