കളളപ്പണം വെളിപ്പിക്കാനും മണ്ണുമാഫിയ
സർക്കാർ ഭൂമിയിലെ മണ്ണും കടത്തി; നിയമലംഘനത്തിന് കൂട്ട് പൊലീസ്
ചെങ്ങന്നൂർ: താലൂക്കിൽ മണ്ണ് മാഫിയ പിടിമുറുക്കിയിട്ടും പൊലീസ് നിഷ്ക്രിയമാകുന്നതിന് പിന്നിൽ സാമ്പത്തിക സ്വാധീനവും ഭരണപക്ഷത്തെ ഒരു വിഭാഗത്തിന്റെ ഒത്താശയുമെന്ന് ആക്ഷേപം. വികസനത്തിന്റെ പേരിൽ രാപകൽ വ്യത്യാസമില്ലാതെ വ്യാപകമായി കുന്നുകളിടിച്ച് വയലുകളും തണ്ണീർത്തടങ്ങളും നികത്തിയിട്ടും ഈ സ്വാധിനമാണ് പൊലീസ് നിഷ്ക്രിയരാകുന്നതിനു കാരണം. കണക്കിൽപെടാത്ത പണം വെളിപ്പിക്കുന്നതും മണ്ണ് മാഫിയാ സംഘങ്ങളാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നതെന്നും സൂചന. മണ്ണെടുപ്പിനെതിരെ ഭരണ പക്ഷത്തെ പ്രമുഖ കക്ഷികൾ തമ്മിൽ കൊമ്പുകോർക്കുകയും പൊലീസ് ഒരു വിഭാഗത്തിനെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. ഇതോടെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ലക്ഷക്കണക്കിന് മണ്ണാണ് ദിനംപ്രതി ടിപ്പറുകളിലും, ലോറസ് ലോറി കളിലും ഖനനം ചെയ്ത് കൊണ്ടു പോകുന്നത്. മുളക്കുഴ, കൊഴുവല്ലൂർ, വെൺമണി, ആലാ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് മാഫിയ സംഘം മണ്ണ് കടത്തുന്നത്.
കള്ളപ്പണം വെളുപ്പിക്കാൻ പ്രത്യേക പാക്കേജ്
കണക്കിൽപ്പെടാത്ത പണം ഉളളവർ സമീപിച്ചാൽ മണ്ണു മാഫിയാ സംഘം പണം വെളിപ്പിച്ച് നൽകും. ഇതിനായി പ്രത്യേക പാക്കേജ് ആണ് ഇവർ ആവശ്യക്കാർക്ക് നൽകുന്നത്. ഇതു പ്രകാരം പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും ഇവർതന്നെ കണ്ടെത്തുകയും ഇത് മണ്ണടിച്ചു നികത്തി കരഭൂമി ആക്കി നൽകുകയുമാണ് ചെയ്യുന്നത്. ഈ പദ്ധതി ഇരു കൂട്ടർക്കും ഒരുപോലെ ലാഭകരമാണ്. കുറഞ്ഞ പണം ഉപയോഗിച്ച് മേടിക്കുന്ന വസ്തു കരഭൂമി ആകുന്നതോടെ രണ്ടിരട്ടിയിലധികം വിലയാണ് വസ്തുവിന് ലഭിക്കുന്നത്. ഇത് ഇവർതന്നെ ചെറിയ ഫ്ളോട്ടുകളാക്കി വീടു വിൽക്കാൻ ആവശ്യമുളളവർക്ക് വില്പന നടത്തുകയും ചെയ്യും. ഇങ്ങനെ വസ്തു വിൽക്കുമ്പോൾ യാഥാർത്ഥ വിലയേക്കാൾ കൂടുതൽ തുക ആധാരത്തിൽ കാണിക്കുകയും ചെയ്യും. ഈ ഇടപാടുകൾക്കെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പടിത്തരം വാങ്ങിയാണ് കൂട്ടുനിൽക്കുന്നത്.
റവന്യൂ പുറമ്പോക്കിലെ മണ്ണും എടുത്തു
ചെങ്ങന്നൂർ ഐ.ടി.ഐ. കവലയ്ക്ക് സമീപമുള്ള റവന്യു പുറമ്പോക്കിൽ നിന്നാണ് മണ്ണ് കടത്തിയത്. താലൂക്കിൽ നിർമ്മിക്കാനുള്ള ഗവ. ആയുർവേദ ആശുപത്രിക്കായി അനുവദിച്ച സ്ഥലത്ത് നിന്നാണ് വലിയ തോതിൽ മണ്ണ് കടത്തിയിരിക്കുന്നത്. ഇതോടൊപ്പം പാറയും വലിയ തോതിൽ പൊട്ടിച്ചു നീക്കിയിട്ടുണ്ട്. ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ പൊലീസ് സ്റ്റേഷന് ഏറ്റവും അടുത്തായുളള സ്ഥലത്താണ് മണ്ണെടുപ്പ് നടന്നത്. രേഖകൾ പ്രകാരം റവന്യു പുറമ്പോക്കിൽ മണ്ണെടുക്കാൻ അനുമതി നൽകിയത് ഒരു വർഷം മുൻപാണ്. 2018ൽ പാസ് നൽകിയ സമയത്ത് വെറും ആയിരം ക്യുബിക് മീറ്റർ മണ്ണ് നീക്കാനാണ് അനുമതി. എന്നാൽ ഇവിടെനിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മണ്ണാണ് കടത്തികൊണ്ടുപോയത്.
കരാറുകാരൻ മണ്ണെടുക്കണമെങ്കിൽ അനുമതിവേണം
ഗവൺമെന്റ് ആവശ്യങ്ങൾക്ക് മണ്ണെടുക്കാൻ അനുമതി ആവശ്യമില്ലെന്നത് തെറ്റാണെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗവൺമെന്റ് നേരിട്ടാണ് പ്രവർത്തി നടത്തുന്നതെങ്കിൽ അനുമതി ആവശ്യമില്ല. അതേസമം കരാറുകാരൻ മുഖേന ആണ് പ്രവർത്തിയെങ്കിൽ സ്ഥലപരിശോധന നടത്തി മുൻകൂർ പണം അടച്ച്
അനുമതി കർശനമായും വാങ്ങണം. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റേത് അടക്കം എല്ലാ പ്രവർത്തിയും സ്വകാര്യ കരാറാണ് നൽകുന്നത്. ഇക്കാരണത്താൽ നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
special report
No comments: